കൊവിഡ് 19 ചിലരില്‍ മാത്രം ഗുരുതരമാകുന്നതിന്റെ കാരണം കണ്ടെത്തി ഗവേഷകര്‍...

By Web Team  |  First Published Dec 12, 2020, 2:37 PM IST

ജനിതകഘടകങ്ങള്‍ രോഗങ്ങളില്‍ കാര്യമായ 'റോള്‍' കൈകാര്യം ചെയ്യുന്നുവെന്ന് സൂചിപ്പിക്കുന്ന പല റിപ്പോര്‍ട്ടുകളും മുമ്പ് തന്നെ പുറത്തുവന്നിട്ടുണ്ട്. ഇതിനെ ഒന്നുകൂടി അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍
 


കൊവിഡ് 19 മഹാമാരി ഏറെയും പ്രതികൂലമായി ബാധിക്കുന്നത് പ്രായമായവരേയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരേയുമാണെന്ന് നാം കണ്ടു. ചെറുപ്പക്കാരില്‍ പൊതുവായി വലിയ ഭീഷണിയായി ഉയര്‍ന്നില്ലെങ്കിലും ചിലരില്‍ ഇത് ജീവന്‍ വരെ കവര്‍ന്നെടുക്കത്തക്കവണ്ണം തീവ്രമാവുകയും ചെയ്തു. 

അങ്ങനെയെങ്കില്‍ പ്രായവും മറ്റ് ആരോഗ്യപരമായ സവിശേഷതകളുമെല്ലാം മാറ്റിവച്ചാല്‍ എന്തുകൊണ്ടാണ് കൊവിഡ് 19 ചിലരില്‍ മാത്രം ഗുരുതരമാകുന്നത് എന്ന ചോദ്യം ബാക്കിയാകുന്നില്ലേ? ഇതാ, ഈ ചോദ്യത്തിന് ഒരുത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടനില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍. 

Latest Videos

undefined

ചിലരില്‍ കൊവിഡ് 19, ഗുരുതരമാകുന്നത് അവരുടെ ജീനുകളുടെ പ്രത്യേകത മൂലമാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. അത്തരത്തില്‍ കൊവിഡിനെ തീവ്രമാക്കുന്ന അഞ്ച് ജീനുകളെ കുറിച്ചും അവര്‍ വിശദീകരിക്കുന്നുണ്ട്. IFNAR2, TYK2, OAS1, DPP9, CCR2 എന്നിവയാണ് ഇപ്പറഞ്ഞ അഞ്ച് ജീനുകള്‍. 

ചില സന്ദര്‍ഭങ്ങളില്‍ INFAR2 ജീന്‍ കൂടുതല്‍ 'ആക്ടീവ്' ആകുന്നതോടെ രോഗത്തിനെതിരായ സംരക്ഷണം ഒരുക്കാന്‍ ശരീരത്തിന് തന്നെ സാധ്യമാകുമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ജനിതകഘടകങ്ങള്‍ രോഗങ്ങളില്‍ കാര്യമായ 'റോള്‍' കൈകാര്യം ചെയ്യുന്നുവെന്ന് സൂചിപ്പിക്കുന്ന പല റിപ്പോര്‍ട്ടുകളും മുമ്പ് തന്നെ പുറത്തുവന്നിട്ടുണ്ട്. 

ഇതിനെ ഒന്നുകൂടി അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. 'നേച്ചര്‍' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. കൊവിഡ് ചികിത്സാമേഖലയില്‍ ഈ കണ്ടെത്തല്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

Also Read:- കൊവിഡ് 19 കുട്ടികളില്‍ ഗുരുതരമാകുന്ന അവസ്ഥ; അറിയാം ലക്ഷണങ്ങള്‍...

click me!