മിക്കപ്പോഴും രാത്രിയില്‍ ഉറങ്ങാൻ വൈകുന്നതിന് കാരണമായി അധികപേരും ചൂണ്ടിക്കാണിക്കാറ് മൊബൈല്‍ ഫോണിന്‍റെ ഉപയോഗമാണ്. സോഷ്യല്‍ മീഡിയയില്‍ റീല്‍സ് നോക്കിയും മറ്റ് വീഡിയോകള്‍ കണ്ടുമെല്ലാം സമയം കളയുന്നത് മൂലമാണ് ഉറക്കം ബാധിക്കപ്പെടുന്നത് എന്ന് ചൂണ്ടിക്കാണിക്കുന്ന മനശാസ്ത്ര വിദഗ്ധരുമുണ്ട്.
രാത്രിയില്‍ കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് തീര്‍ച്ചയായും നമ്മുടെ ദിവസത്തെ പ്രതികൂലമായി ബാധിക്കും. ഒന്നോ രണ്ടോ ദിവസം ഇങ്ങനെ സംഭവിച്ചാലും അത് അടുത്തടുത്ത പകലുകളെ ബാധിക്കുമെന്നതേയുള്ളൂ. ക്രമേണ ഉറക്കം ശരിയാകുമ്പോള്‍ മറ്റ് പ്രശ്നങ്ങളും ഒഴിവാകും.
എന്നാല്‍ പതിവായി രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുന്നുവെങ്കില്‍ അതിന് വളരെയധികം പ്രാധാന്യം നല്‍കിയേ മതിയാകൂ. കാരണം ബിപി, ഹൃദ്രോഗം, മാനസികാരോഗ്യ പ്രശ്നങ്ങള്‍, തളര്‍ച്ച, നിത്യജീവിതത്തില്‍ ജോലിയടക്കമുള്ള കാര്യങ്ങള്‍ ചെയ്യാൻ കഴിയാത്ത അവസ്ഥ, മുൻകോപം, അമിതവണ്ണം, ഓര്‍മ്മക്കുറവ് എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഉറക്കക്കുറവ് കൊണ്ടുണ്ടാവുക. അതിനാല്‍ തന്നെ പതിവായി ഉറക്കം നഷ്ടപ്പെടുന്നുവെങ്കില്‍ ഇതിന് പരിഹാരം കാണുക.
മിക്കപ്പോഴും രാത്രിയില്‍ ഉറങ്ങാൻ വൈകുന്നതിന് കാരണമായി അധികപേരും ചൂണ്ടിക്കാണിക്കാറ് മൊബൈല്‍ ഫോണിന്‍റെ ഉപയോഗമാണ്. സോഷ്യല്‍ മീഡിയയില്‍ റീല്‍സ് നോക്കിയും മറ്റ് വീഡിയോകള്‍ കണ്ടുമെല്ലാം സമയം കളയുന്നത് മൂലമാണ് ഉറക്കം ബാധിക്കപ്പെടുന്നത് എന്ന് ചൂണ്ടിക്കാണിക്കുന്ന മനശാസ്ത്ര വിദഗ്ധരുമുണ്ട്.
തീര്‍ച്ചയായും ഒരു വിഭാഗം പേരില്‍ ഇതൊരു കാരണമായി തന്നെ നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനെക്കാളെല്ലാം വലിയ കാരണം മറ്റൊന്നാണെന്നാണ് ഗവേഷകനും സൈക്യാട്രിസ്റ്റുമായ ഡോ. എറിക് പ്രാതെര്‍ പറയുന്നത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡോ. എറിക് ഈ വിഷയത്തില്‍ തന്‍റേതായ നിലയില്‍ ഗവേഷണം നടത്തുകയാണ്.
ആളുകള്‍ ഉറങ്ങാൻ കിടക്കുമ്പോള്‍ പലതും ആലോചിക്കും. അധികപേരും ഉറങ്ങാൻ കിടക്കുമ്പോള്‍ ആലോചനകളിലേക്ക് പോകുന്നവരാണ്. രാത്രിയിലെ ഇരുട്ട്, നിശബ്ദദ, സമയം എന്നിവയെല്ലാം ചിന്തകള്‍ പെരുകുന്നതിന് കാരണമാകാം. ഇക്കൂട്ടത്തില്‍ അന്നേ ദിവസത്തെയോ അല്ലെങ്കില്‍ പൊതുവിലോ തനിക്ക് സംഭവിച്ചിട്ടുള്ള മോശം കാര്യങ്ങള്‍, മോശം അനുഭവങ്ങള്‍ എന്നിങ്ങനെയെല്ലാം ചിന്തിച്ച് പോകുന്നതാണ് ഉറക്കത്തെ ഏറ്റവുമധികം ബാധിക്കുന്നത് എന്നാണ് ഡോ. എറിക് ചൂണ്ടിക്കാട്ടുന്നത്.
സോഷ്യല്‍ മീഡിയ ഉപയോഗിച്ചില്ലെങ്കില്‍ പോലും ഈ കാരണം നിങ്ങളുടെ ഉറക്കം കെടുത്തുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ ചില ടിപ്സും ഇദ്ദേഹം പങ്കുവയ്ക്കുന്നു. ഇത്തരം ചിന്തകള്‍ക്കായി മറ്റൊരു സമയം മാറ്റിവയ്ക്കുക. പ്രത്യേകിച്ച് രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് തന്നെ. ഇതിന് ശേഷം പിന്നീട് മനസ് അസ്വസ്ഥമാക്കുന്ന തരത്തിലുള്ള ഇടപെടലുകളോ സംഭവങ്ങളോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
മാത്രമല്ല, ഇങ്ങനെയുള്ള കാര്യങ്ങള്‍ ചിന്തിച്ച് പ്രശ്നത്തിലാകുന്നതിന് പകരം ഇവയെ പോസിറ്റീവ് ആയി എടുത്ത് നല്ലൊരു റിസള്‍ട്ട് ഈ ചിന്തകള്‍ക്ക് നല്‍കണമെന്നും ഇദ്ദേഹം പറയുന്നു. 'അത് മോശമായിപ്പോയി, അങ്ങനെ ചെയ്യരുതായിരുന്നു...' തുടങ്ങിയ രീതിയിലുള്ള ചിന്തകള്‍ക്ക് പകരം,അങ്ങനെ സംഭവിച്ചു, ഇനിയെന്ത് ചെയ്യാം എന്നത് പോലെയുള്ള പരിഹാരങ്ങളിലേക്ക് മനസ് എത്തേണ്ടതുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. എങ്കിലേ സമ്മര്‍ദ്ദങ്ങളില്ലാതെ ഉറങ്ങാൻ സാധിക്കൂ എന്നാണ് ഇദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നത്.
Also Read:-ഉച്ചത്തിലുള്ള കൂര്‍ക്കംവലി നിസാരമാക്കിയെടുക്കേണ്ട; നിങ്ങളറിയേണ്ടത്...