'ഒരു ബന്ധവുമില്ല', തിരുനെൽവേലിയിൽ ആശുപത്രിമാലിന്യങ്ങൾ പിടികൂടിയ സംഭവത്തിൽ വിശദീകരണവുമായി ആർസിസി

By Web Team  |  First Published Dec 19, 2024, 8:22 PM IST

മാലിന്യ സംസ്കരണത്തിൽ ചട്ടങ്ങൾ പാലിക്കുന്നതിൽ പിഴവില്ലെന്നും ബയോ മാലിന്യങ്ങൾ പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കരിക്കുകയാണ് ചെയ്യുന്നതെന്നും ആർ സി സി വിശദീകരിച്ചിട്ടുണ്ട്


തിരുവനന്തപുരം: തമിഴ്നാട് തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം പിടികൂടിയ സംഭവത്തിൽ വിശദീകരണവുമായി ആർ സി സി രംഗത്തെത്തി. തിരുനെൽവേലിയിലെ ആശുപത്രി മാലിന്യവുമായി ആർ സി സിക്ക് ബന്ധമില്ലെന്നാണ് വിശദീകരണം. മാലിന്യ സംസ്കരണത്തിൽ ചട്ടങ്ങൾ പാലിക്കുന്നതിൽ പിഴവില്ലെന്നും ബയോ മാലിന്യങ്ങൾ പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കരിക്കുകയാണ് ചെയ്യുന്നതെന്നും വാർത്താക്കുറിപ്പിലൂടെ ആർ സി സി വിശദീകരിച്ചിട്ടുണ്ട്.

കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

Latest Videos

undefined

ആ‌ർ സി സിയുടെ വിശദീകരണം ഇപ്രകാരം

ആശുപത്രി മാലിന്യങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യാൻ ഫലപ്രദമായ സംവിധാനങ്ങൾ ആർ സി സി സ്വീകരിച്ചിട്ടുണ്ട്. ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി ബയോമെഡിക്കൽ മാലിന്യങ്ങളുൾപ്പെടെ വേർതിരിച്ച് സംസ്കരിക്കുന്നതിനുള്ള നടപടികൾ ആർ സി സി നടപ്പിലാക്കുന്നു.

സുരക്ഷിതവും കാര്യക്ഷമവുമായ മാലിന്യ നിർമാർജനം ഉറപ്പാക്കുന്നതിന്, ആർ സി സിസ്വീകരിച്ച നടപടികൾ

പൊതുമാലിന്യങ്ങൾ: ആശുപത്രിയിലെ പൊതുമാലിന്യങ്ങൾ ശേഖരിച്ച് സംസ്ക്കരിക്കുന്നത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റേയും കേരള ശുചിത്വ മിഷന്റേയും അംഗീകാരമുള്ള സുനേജ് ഇക്കോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ്. പുനരുപയോഗിക്കാവുന്ന ഖരമാലിന്യങ്ങളും അവശിഷ്ടങ്ങളും: ടെണ്ടറിലൂടെ തിരഞ്ഞെടുത്ത വെണ്ടർമാരാണ് പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നത്. ഭക്ഷണ മാലിന്യങ്ങൾ: ഒരു പ്രാദേശിക പന്നി ഫാമുമായുള്ള കരാറിലൂടെ  സംസ്കരിക്കുന്നു. ബയോമെഡിക്കൽ വേസ്റ്റ്: മലിനമായ പ്ലാസ്റ്റിക്, ഷാർപ്പ്, ക്ലിനിക്കൽ മാലിന്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ (IMA) കീഴിൽ പ്രവർത്തിക്കുന്ന IMAGE എന്ന സംഘടനയാണ് ശേഖരിച്ച് സംസ്കരിക്കുന്നത്.

ബയോമെഡിക്കൽ മാലിന്യങ്ങളുടെ നിർമാർജനത്തിൽ പോളിസികളും പ്രോട്ടോക്കോളുകളും പാലിക്കുന്നത് ഉറപ്പുവരുത്തുന്നുണ്ട്. മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റിയുടെ (HICC) മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് നടത്തുന്നത്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കുന്നതിൽ ആശുപത്രിയുടെ ഭാഗത്തുനിന്നും പിഴവുണ്ടായിട്ടില്ല. തമിഴ്നാട് തിരുനെൽവേലിയിൽ ആശുപത്രിമാലിന്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ആർ സി സിക്ക് ഉത്തരവാദിത്തമില്ലെന്നും അറിയിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!