'ബ്ലാക്ക് ഫംഗസ്' രാജസ്ഥാനില്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു

By Web Team  |  First Published May 19, 2021, 8:44 PM IST

രാജസ്ഥാന് പുറമെ ദില്ലി, മഹാരാഷ്ട്ര അടക്കമുള്ള പലയിടങ്ങളിലും 'ബ്ലാക്ക് ഫംഗസ്'രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കേരളത്തിലാണെങ്കില്‍ ഇതുവരെ പതിനഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്


കൊവിഡ് രോഗികളെ പിടികൂടുന്ന 'ബ്ലാക്ക് ഫംഗസ്' (മ്യൂക്കോര്‍മൈക്കോസിസ്) പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍. നൂറിലധികം 'ബ്ലാക്ക് ഫംഗസ്' കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഈ തീരുമാനം വന്നിരിക്കുന്നത്. 

നിലവില്‍ 'ബ്ലാക്ക് ഫംഗസ്' ബാധിതരായ രോഗികളെ എല്ലാം ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയില്‍ സജ്ജീകരിച്ച പ്രത്യേകം വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണെന്നും ഇവര്‍ക്ക് വേണ്ട ചികിത്സ നല്‍കിവരുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

Latest Videos

undefined

കൊവിഡ് 19 രോഗികള്‍ക്കുള്ള ചികിത്സയ്‌ക്കൊപ്പം തന്നെ സമാന്തരമായി 'ബ്ലാക്ക് ഫംഗസ്' ബാധയേറ്റവര്‍ക്കുള്ള ചികിത്സയും ഒപ്പം അവബോധവും പ്രതിരോധവും തീര്‍ക്കുന്നതിനുമാണ് പകര്‍ച്ചവ്യാധിയായി ഇതിനെ പ്രഖ്യാപിച്ചതെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഖില്‍ അറോറ അറിയിച്ചു. 

രാജസ്ഥാന് പുറമെ ദില്ലി, മഹാരാഷ്ട്ര അടക്കമുള്ള പലയിടങ്ങളിലും 'ബ്ലാക്ക് ഫംഗസ്'രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കേരളത്തിലാണെങ്കില്‍ ഇതുവരെ പതിനഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജസ്ഥാനില്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ഇത് പകരുന്ന രോഗമല്ല എന്ന തരത്തിലാണ് കേരള മുഖ്യമന്ത്രി അടക്കം ചൂണ്ടിക്കാട്ടുന്നത്. 

കൊവിഡ് രോഗികള്‍ രോഗത്തില്‍ നിന്ന് മുക്തരായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ ഫംഗസ് ബാധയുണ്ടാകുന്നത്. മുഖം മുഴുവന്‍ പാടുകളും നീരും വരുന്നതാണ് പ്രധാന ലക്ഷണം. മാരകമായ രോഗമല്ലെങ്കില്‍ കൂടി വളരെയധികം ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ടതുണ്ട്. പ്രമേഹരോഗികളാണ് ഏറ്റവുമധികം ജാഗ്രത പുലര്‍ത്തേണ്ടത്. പ്രമേഹരോഗികളില്‍ 'ബ്ലാക്ക് ഫംഗസ്' തീവ്രമാകാനും ഒരുപക്ഷേ ജീവന് പോലും വെല്ലുവിളിയാകാനും സാധ്യതയുണ്ട്. 

Also Read:- കേരളത്തിൽ 15 ബ്ലാക്ക് ഫംഗസ് കേസ് റിപ്പോർട്ട് ചെയ്തു; പ്രമേഹ രോഗികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!