Precaution Dose : സംസ്ഥാനത്ത് കരുതൽ ഡോസ് വാക്‌സിനേഷന്‍ ഇന്ന് മുതൽ; അറിയേണ്ടതെല്ലാം...

By Web Team  |  First Published Jan 10, 2022, 8:34 AM IST

രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്.


സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് (ജനുവരി 10) മുതല്‍  ആരംഭിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് (covid) മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കൊവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്. 18 വയസിന് മുകളില്‍ പ്രായമായവരുടെ വാക്‌സിനേഷന്‍ (vaccination) കേന്ദ്രത്തിലാണ് കരുതല്‍ ഡോസ് വാക്‌സിനെടുക്കുന്നത്.

രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നീല നിറത്തിലുള്ള ബോര്‍ഡാണ് ഉണ്ടാകുക. ഈ ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്‌സിന്‍ തന്നെ സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 

Latest Videos

undefined

നേരിട്ടും ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്‌സിനേടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും സമയം നഷ്ടപ്പെടാതിരിക്കാന്‍ നല്ലത്. ഒമിക്രോണ്‍ സാഹചര്യത്തില്‍ ഈ വിഭാഗക്കാരില്‍ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

എങ്ങനെ കരുതല്‍ ഡോസ് ബുക്ക് ചെയ്യാം?

  • കരുതല്‍ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
  • ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക.
  • നേരത്തെ രണ്ട് ഡോസ് വാക്‌സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
  • രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
  • അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.

 

Also Read: കൊവാക്‌സിൻ സ്വീകരിച്ച കുട്ടികൾക്ക് പാരസെറ്റാമോള്‍ നല്‍കേണ്ട: ഭാരത് ബയോടെക്

click me!