അധികവും കൊവിഡ് സംബന്ധമായി കണ്ടുവരുന്ന പ്രശ്നങ്ങള്‍ തന്നെയാണ് ലോംഗ് കൊവിഡിലും കാണപ്പെടുന്നത്. തളര്‍ച്ച, ശരീരവേദന, കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ അവ്യക്തത, ശ്വാസതടസം തുടങ്ങിയ പ്രശ്നങ്ങളാണ് കാര്യമായി ലോംഗ് കൊവിഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചിലരില്‍ ഗന്ധവും രുചിയും നഷ്ടമാകുന്ന അവസ്ഥയും കാണാം. ഇവയോടൊപ്പം തന്നെ ഒരുപിടി മാനസിക പ്രശ്നങ്ങളും കൊവിഡാനന്തരം ഒരു വിഭാഗം പേരെ ബാധിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു
കൊവിഡ് 19മായുള്ള നിരന്തര പോരാട്ടത്തില്‍ തന്നെയാണ് ( Covid 19 Disease ) നാമിപ്പോഴും. വാക്സിന്‍ ലഭ്യമായതോടെ രോഗതീവ്രത സംബന്ധിച്ച ആശങ്കകള്‍ക്ക് ഒരു പരിധി വരെ പരിഹാരമായെങ്കിലും കൊവിഡിന് ശേഷം നമ്മെ ശാരീരികമായും മാനസികമായും ബാധിക്കുന്ന പ്രശ്നങ്ങള്‍ ഇന്നും തുടരുകയാണ്. കൊവിഡ് അണുബാധയ്ക്ക് ശേഷവും ആഴ്ചകളോളവും മാസങ്ങളോളവും തുടരുന്ന ഈ പ്രശ്നങ്ങളെ 'ലോംഗ് കൊവിഡ്' ( Long Covid ) അല്ലെങ്കില്‍ 'പോസ്റ്റ് കൊവിഡ് 19 സിൻഡ്രോം' ( Post covid 19 syndrome) എന്നാണ് വിശേഷിപ്പിക്കുന്നത്.
അധികവും കൊവിഡ് സംബന്ധമായി കണ്ടുവരുന്ന പ്രശ്നങ്ങള്‍ തന്നെയാണ് ലോംഗ് കൊവിഡിലും കാണപ്പെടുന്നത്. തളര്‍ച്ച, ശരീരവേദന, കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ അവ്യക്തത, ശ്വാസതടസം തുടങ്ങിയ പ്രശ്നങ്ങളാണ് കാര്യമായി ലോംഗ് കൊവിഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചിലരില്‍ ഗന്ധവും രുചിയും നഷ്ടമാകുന്ന അവസ്ഥയും കാണാം. ഇവയോടൊപ്പം തന്നെ ഒരുപിടി മാനസിക പ്രശ്നങ്ങളും കൊവിഡാനന്തരം ഒരു വിഭാഗം പേരെ ബാധിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഉത്കണ്ഠ, വിഷാദം, പിടിഎസ്ഡി ( പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍) എന്നിവയല്ലെമാണ് ഇതില്‍ കൂടുതലും വരുന്നത്. ഇതുമായി ചേര്‍ത്തുവയ്ക്കാവുന്ന മറ്റൊരു വിഷയമാണ് ഇനി വിശദീകരിക്കുന്നത്. കൊവിഡ് വന്ന് ഭേദമായതിന് ശേഷം രാത്രിയില്‍ മാത്രം അനുഭവപ്പെടുന്നൊരു പ്രശ്നം.
അത്രമാത്രം ചിന്തിച്ച് തല പുകയ്ക്കേണ്ട കാര്യമില്ല. രാത്രി മാത്രം ബാധിക്കുന്നതെന്ന് പറയുമ്പോള്‍ തന്നെ അത് ഉറക്കവുമായി ബന്ധപ്പെട്ടതാണെന്ന് മനസിലാക്കണം. അതെ, ഉറക്കവുമായി ബന്ധപ്പെട്ട് കൊവിഡിന് ശേഷം പ്രശ്നമനുഭവിക്കുന്നവര്‍ നിരവധിയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.
സാധാരണഗതിയില്‍ കൊവിഡ് ബാധിക്കപ്പെട്ടവരില്‍ 80 ശതമാനം പേരും രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ സുഖം പ്രാപിക്കുന്നവരാണ്. ബാക്കി 20 ശതമാനം പേര്‍ മൂന്ന് മുതല്‍ ആറാഴ്ച വരെയോ ഒരുപക്ഷേ അതില്‍ കൂടുതല്‍ സമയമോ എടുത്തേക്കാം. ഇവരിലാണ് ലോംഗ് കൊവിഡ് കാര്യമായും കാണപ്പെടുന്നത്. എന്നാല്‍ ഉറക്കപ്രശ്നം അങ്ങനെയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മറ്റ് ലോംഗ് കൊവിഡ് പ്രശ്നങ്ങളൊന്നുമില്ലാത്തവര്‍ക്കും ഉറക്കപ്രശ്നങ്ങള്‍ വ്യാപകമായി കാണുന്നുണ്ടത്രേ. ഉറക്കത്തിലേക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥ, പോയാലും ആഴത്തിലുള്ള ഉറക്കം ലഭിക്കാത്ത അവസ്ഥ, ഇടയ്ക്കിടെ ഞെട്ടിയുണരുന്നത്, ഞെട്ടിയുണര്‍ന്ന് കഴിഞ്ഞാല്‍ വീണ്ടും ഉറങ്ങാന്‍ സാധിക്കാതെ ബുദ്ധിമുട്ടുക ഇത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാം കൊവിഡാനന്തരം വ്യക്തികളില്‍ കണ്ടേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഇവരില്‍ അധിക പേരിലും കൊവിഡ് അനുബന്ധമായി വിഷാദം, ഉത്കണ്ഠ, ബ്രെയിന്‍ ഫോഗ് (കാര്യങ്ങളില്‍ അവ്യക്തത തോന്നുക- ചിന്താശേഷിയും ഓര്‍മ്മയും കുറയുക), പിടിഎസ്ഡി എന്നിങ്ങനെയുള്ള അവസ്ഥകള്‍ കാണാമെന്നും ഇവര്‍ പറയുന്നു.
'ജേണല്‍ ഓഫ് ക്ലിനിക്കല്‍ സ്ലീപ് മെഡിസിന്‍' എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് 19ന് ശേഷം ഏതാണ്ട് 40 ശതമാനത്തിലധികം പേരും ഉറക്കപ്രശ്നങ്ങള്‍ നേരിടാന്‍ തുടങ്ങി. ഇതില്‍ അധികപേരും മാനസികപ്രശ്നങ്ങളും സമാന്തരമായി നേരിടുന്നു. ഇത്തരം മാനസിക പ്രശ്നങ്ങളാണെങ്കില്‍ മുന്നോട്ട് പോകുംതോറും കൂടിവരാനുള്ള സാധ്യതകളുമുണ്ട്.
കൊവിഡിന് ശേഷം മതിയായ വിശ്രമം, ആരോഗ്യകരമായ ഡയറ്റ്, ലഘുവായ വ്യായാമങ്ങള്‍, മാനസിക സമ്മര്‍ദ്ദളകറ്റി കൊണ്ടുള്ള ജീവിതാന്തരീക്ഷം എന്നിവ ലഭിക്കുമ്പോള്‍ രോഗി കൊവിഡ് അനുബന്ധ പ്രശ്നങ്ങളില്‍ നിന്ന് എളുപ്പത്തില്‍ മോചിപ്പിക്കപ്പെടുന്നതായും വിദഗ്ധര്‍ പറയുന്നു. അതിനാല്‍ തന്നെ കഴിവതും ഇക്കാര്യങ്ങള്‍ രോഗബാധയ്ക്ക് ശേഷം ഉറപ്പുവരുത്തുക.
Also Read:- കൊവിഡ് ബാധിച്ച ശേഷം കുട്ടികൾ പഠനത്തിന് പിന്നിലാകുന്നുവോ?