വാക്‌സിന്‍ തയ്യാറായാല്‍ ആദ്യം ആര്‍ക്ക് നല്‍കണം; തീരുമാനത്തിലെത്തുമെന്ന് വിദഗ്ധര്‍

By Web Team  |  First Published Jul 30, 2020, 11:36 PM IST

കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തര്‍ക്ക് വാക്‌സിന്‍ ആദ്യം നല്‍കണമെന്ന സമവായം ഉയര്‍ന്നുവരുന്നുണ്ട്.
 


ദില്ലി: കൊവിഡ് 19 രോഗത്തിനുള്ള വാക്‌സിന്‍ തയ്യാറായാല്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് ആദ്യം നല്‍കേണ്ടെന്നതില്‍ തീരുമാനത്തിലെത്തുമെന്ന് വിദഗ്ധര്‍. അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തല തീരുമാനമായിട്ടില്ല. നോവല്‍ ഐഡിയാസ് ഇന്‍ സയന്‍സ് ആന്‍ഡ് എത്തിക്‌സ് ഓഫ് വാക്‌സിന്‍ എഗെയ്ന്‍സ്റ്റ് കൊവിഡ് എന്ന അന്താരാഷ്ട്ര സിംപോസിയത്തില്‍ സംസാരിക്കവെ  ആരോഗ്യമന്ത്രാലയത്തിലെ സ്‌പെഷ്യല്‍ ഓഫീസര്‍ രാജേഷ് ഭൂഷനാണ് ആര്‍ക്കൊക്കെയാണ് ആദ്യം കൊവിഡ് വാക്‌സിന്‍ നല്‍കേണ്ടതെന്ന് വ്യക്തമാക്കിയത്. 

കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തര്‍ക്ക് വാക്‌സിന്‍ ആദ്യം നല്‍കണമെന്ന സമവായം ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ അക്കാര്യത്തിലൊന്നും ഇതുവരെ തീരുമാനമായിട്ടില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശേഷം ആരാണ് മുന്‍ഗണനാ പട്ടികയില്‍ വരേണ്ടതെന്നാണ് പ്രധാന ചോദ്യമെന്നും രാജേഷ് ഭൂഷന്‍ പറഞ്ഞു. പ്രായമേറിയവര്‍, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍, പോഷകാഹാരക്കുറവ് നേരിടുന്നവര്‍ എന്നിവരായിരിക്കണം മുന്‍ഗണനാ പട്ടികയില്‍ വരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രശ്‌നത്തിലാണ് രാജ്യത്തെ നയരൂപീകരണ വിദഗ്ധര്‍ പരിഹാരം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്‌സിന്‍ കണ്ടെത്തിയാല്‍ ആര്‍ക്കാണ് ആദ്യം നല്‍കേണ്ടതെന്ന കാര്യത്തില്‍ വിദഗ്ധര്‍ തീരുമാനത്തിലെത്തുമെന്ന് നിതി ആയോഗ് അംഗം വികെ പോള്‍ പറഞ്ഞു.

Latest Videos

സമ്പന്നര്‍ക്ക് വാക്‌സിന്‍ ലഭ്യമാകുകയും പാവപ്പെട്ടവര്‍ക്ക് അപ്രാപ്യമാകുകയും ചെയ്യുന്ന സാഹചര്യം ഉള്‍ക്കൊള്ളാനാകില്ല. ഏത് വിഭാഗത്തിനാണ് വാക്‌സിനേഷന്‍ ആദ്യം വേണ്ടതെന്ന് കണ്ടെത്തി അതിനനുസരിച്ചായിരിക്കും കാര്യങ്ങള്‍ നീങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ആര്‍ക്ക് ആദ്യം നല്‍കണം, സ്റ്റോറേജ്, വാക്‌സിന്‍ റോള്‍ ഔട്ട് എന്നിവയായിരിക്കും വാക്‌സിന്‍ കണ്ടെത്തിയാല്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
 

click me!