പ്രാവിൻ തൂവലും പ്രാവിൻ കാഷ്ഠവും മനുഷ്യര്‍ക്ക് ഭീഷണിയാകുന്നു; ഇത് വളരെയധികം ശ്രദ്ധിക്കുക...

By Web Team  |  First Published Jan 12, 2024, 2:44 PM IST

പ്രാവിൻ കാഷ്ഠമാണ് ഏറ്റവും വലിയ ഭീഷണി. പ്രാവിൻ കാഷ്ഠത്തില്‍ പലപ്പോഴും രോഗകാരികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെല്ലാം കാണാം. ഇവ മൂലമുണ്ടാകുന്ന ഒരു രോഗമാണ് 'ഹിസ്റ്റോപ്ലാസ്മോസിസ്'.


നഗരങ്ങളില്‍ ഫ്ളാറ്റുകളിലും അപാര്‍ട്ട്മെന്‍റുകളിലുമെല്ലാം പ്രാവുകള്‍ വന്ന് തമ്പടിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. ബാല്‍ക്കണികളിലും, ജനലുകളിലും, വെന്‍റിലേഷനുകളിലുമെല്ലാം ഇങ്ങനെ പ്രാവുകള്‍ വന്ന് തമ്പടിച്ചുകൂടുന്നത് പക്ഷേ ഇതിന് സമീപങ്ങളില്‍ താമസിക്കുന്ന മനുഷ്യര്‍ക്ക് ആപത്താണ് എന്നതാണ് സത്യം.

പലര്‍ക്കും ഇക്കാര്യത്തില്‍ കാര്യമായ അറിവോ അവബോധമോ ഇല്ല എന്നുള്ളതും വാസ്തവമാണ്. പ്രാവുകളില്‍ നിന്ന് അലര്‍ജി, രോഗങ്ങള്‍, അണുബാധകള്‍ എല്ലാം മനുഷ്യര്‍ക്ക് വരാം. ഇത്തരത്തിലുള്ള കേസുകള്‍ ഇപ്പോള്‍ കൂടുതലായി വരുന്നുവെന്ന് ഡോക്ടര്‍മാരും പറയുന്നു. നഗരങ്ങളില്‍ തന്നെ ഈ ഭീഷണി ഏറെയും നിലനില്‍ക്കുന്നത്. 

Latest Videos

നായ, പൂച്ച, കോഴി, പ്രാവ് എന്നിങ്ങനെയുള്ള ജീവികളെല്ലാം മനുഷ്യരുമായി ഏറെ അടുത്ത് ജീവിക്കുന്നവയാണ്. മനുഷ്യരുടെ ഭക്ഷണത്തിന്‍റെയും വാസസ്ഥലത്തിന്‍റെയും പങ്ക് പറ്റിയാണ് ഇവരും ജീവിക്കുന്നത്. അതിനാല്‍ തന്നെ ഇവരില്‍ നിന്ന് അകലം പാലിക്കലും നമുക്ക് പ്രയാസമാണ്. എന്നാല്‍ പ്രാവുകളുടെ കാര്യത്തില്‍ നിര്‍ബന്ധമായും അകലം സൂക്ഷിക്കണമെന്നതാണ് കാര്യം. 

നേരത്തേ അലര്‍ജിയുള്ളവര്‍, പ്രതിരോധ ശേഷി കുറവുള്ളവര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താതിരിക്കേണ്ടത്. കാരണം ഇവരിലെല്ലാം ഗുരുതരമായ അലര്‍ജിയോ ശ്വാസകോശ അണുബാധയോ ഉണ്ടാകാൻ പ്രാവുകള്‍ കാരണമാകും. 

പ്രാവിന്‍റെ തൂവല്‍, ദേഹത്ത് നിന്നുള്ള പൊടി, കാഷ്ഠം എന്നിവയെല്ലാം ശ്രദ്ധിക്കണം. ശ്വാസകോശത്തെ പ്രശ്നത്തിലാക്കുന്ന തരത്തിലുള്ള പദാര്‍ത്ഥങ്ങള്‍ (അലര്‍ജന്‍റ്സ്) ഇവയിലൂടെ മനുഷ്യരിലെത്താം. ഇത് അലര്‍ജിയുള്ളവരെ വലിയ രീതിയില്‍ പ്രയാസപ്പെടുത്താം. നേരത്തേ അണുബാധയുള്ളവരെയും ഗൗരവതരമായ രീതിയില്‍ ബാധിക്കാം. വിട്ടുമാറാത്ത ചുമ, തളര്‍ച്ച, ശ്വാസതടസം എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍.

പ്രാവിൻ കാഷ്ഠമാണ് ഏറ്റവും വലിയ ഭീഷണി. പ്രാവിൻ കാഷ്ഠത്തില്‍ പലപ്പോഴും രോഗകാരികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെല്ലാം കാണാം. ഇവ മൂലമുണ്ടാകുന്ന ഒരു രോഗമാണ് 'ഹിസ്റ്റോപ്ലാസ്മോസിസ്'. ഫംഗസാണ് ഈ രോഗമുണ്ടാക്കുന്നത്. പ്രാവിൻ കാഷ്ഠം ഉണങ്ങിത്തുടങ്ങുമ്പോള്‍ അതിലുണ്ടാകുന്ന ഫംഗസാണ് 'ഹിസ്റ്റോപ്ലാസ്മ കാപ്സുലേറ്റം'. ഈ ഫംഗസാണ് രോഗത്തിലേക്ക് നയിക്കുന്നത്. പൊതുവില്‍ ഇത് അത്ര തീവ്രമാകാറില്ലെങ്കിലും പ്രതിരോധശേഷി കുറഞ്ഞവരില്‍ ചിലപ്പോള്‍ ഇത് തീവ്രമായി മാറാറുണ്ട്. 

പ്രാവിൻ കാഷ്ഠത്തില്‍ കാണുന്ന ചില ബാക്ടീരിയകള്‍ മനുഷ്യരിലെത്തിയാല്‍ അത് വയറ് കേടാകുന്നതിലേക്കും നയിക്കും. ചിലര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പതിവായി തന്നെ ഉണ്ടാകാം. 

ഇതിനെല്ലാം പുറമെ പ്രാവിന്‍റെ ശരീരത്തില്‍ പരാദങ്ങളായി തുടരുന്ന ചെറിയ കൃമികീടങ്ങള്‍ നമ്മുടെ ശരീരത്തിലേക്ക് കടക്കുന്നതും വെല്ലുവിളിയാണ്. സ്കിൻ അലര്‍ജി, അണുബാധ, ചിലപ്പോഴെങ്കിലും മറ്റ് രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം ഈ സൂക്ഷ്മജീവികളുടെ ആക്രമണം കാരണമാകാം.

Also Read:- സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന നായ; ഇതൊക്കെ കണ്ട് പഠിക്കൂ എന്ന് കമന്‍റുകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!