കൊവിഡ് 19 പിടിപെടുന്നതില്‍ ചിലരില്‍ സാധ്യതകള്‍ കൂടുതലുണ്ടെന്നത് നേരത്തെ തന്നെ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രമേഹം, ബിപി, അമിതവണ്ണം ഉള്ളവര്‍ എല്ലാം ഇത്തരത്തില്‍ കൊവിഡ് പിടിപെടാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങളാണ്.
കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഒമിക്രോണ്‍ എന്ന വൈറസ് വകഭേദവും അതിന്‍റെ ഉപവകഭേദങ്ങളുമാണ് പ്രധാനമായും ഇപ്പോള്‍ കൊവിഡ് കേസുകള്‍ സൃഷ്ടിക്കുന്നത്. നേരത്തെയുണ്ടായിരുന്ന പല വകഭേദങ്ങളെയും അപേക്ഷിച്ച് ഒമിക്രോണില്‍ രോഗതീവ്രത കുറവാണെന്നതാണ് ശ്രദ്ധേയം. എങ്കിലും രോഗവ്യാപനം രൂക്ഷമായാല്‍ വീണ്ടും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ വരുമോയെന്നത് തുടരുന്ന ആശങ്കയാണ്. അങ്ങനെയെങ്കില്‍ വീണ്ടും ശക്തമായ കൊവിഡ് തരംഗങ്ങളുണ്ടാകുമോയെന്നതും പേടിപ്പെടുത്തുന്ന സംഗതിയാണ്.
കൊവിഡ് 19 പിടിപെടുന്നതില്‍ ചിലരില്‍ സാധ്യതകള്‍ കൂടുതലുണ്ടെന്നത് നേരത്തെ തന്നെ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രമേഹം, ബിപി, അമിതവണ്ണം ഉള്ളവര്‍ എല്ലാം ഇത്തരത്തില്‍ കൊവിഡ് പിടിപെടാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങളാണ്.
അതേസമയം, കൊവിഡ് പിടിപെടാൻ സാധ്യത കുറവുള്ള വിഭാഗവുമുണ്ട്. അവരെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വിവിധ തരം അലര്‍ജികളുള്ളവരിലാണ് കൊവിഡ് സാധ്യത കുറവായി വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനുള്ള ചില കാരണങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആസ്ത്മ പോലുള്ള അലര്‍ജികള്‍, പൊടിയോട്- തണുപ്പിനോട് അലര്‍ജി, ചില ഭക്ഷണങ്ങളോടുള്ള അലര്‍ജി എന്നിങ്ങനെ അലര്‍ജികളുള്ളവരിലെല്ലാം കൊവിഡ് സാധ്യത കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെ തന്നെ അലര്‍ജിയുടെ ഭാഗമായുണ്ടാകുന്ന രോഗങ്ങളായ എക്സീമ, ജലദോഷപ്പനി എന്നിവയുള്ളവരിലും കൊവിഡ് സാധ്യത കുറയുമത്രേ.
അലര്‍ജികളും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളും ഉള്ളവര്‍ പരമാവധി ആള്‍ക്കൂട്ടമൊഴിവാക്കുകയും പുറത്തുപോകുന്നത് കുറയ്ക്കുകയും ചെയ്യാറുണ്ട്. ഇതാകാം കൊവിഡ് സാധ്യത ഇവരില്‍ കുറയുന്നത് എന്നായിരുന്നു പ്രാഥമികമായ വിലയിരുത്തല്‍.
എന്നാല്‍ ഇതിന് പിന്നില്‍ മറ്റൊരു കാരണം കൂടി കണ്ടെത്തപ്പെട്ടിരിക്കുകയാണിപ്പോള്‍. അലര്‍ജിയുള്ളവരില്‍ നിരന്തരം പുറത്തുനിന്നുള്ള രോഗകാരികളോട് പ്രതികരിച്ച് പ്രതിരോധവ്യവസ്ഥ എപ്പോഴും പ്രതിരോധസജ്ജമായിരിക്കുമെന്നതിനാലും കൊവിഡ് വൈറസ്, കോശങ്ങളില്‍ കയറിപ്പറ്റാൻ ആശ്രയിക്കുന്ന എസിഇ റിസപ്റ്റര്‍ എന്ന പ്രോട്ടീൻ അലര്‍ജികളുള്ളവരില്‍ കുറവായിരിക്കുമെന്നതിനാലുമാണ് കൊവിഡ് സാധ്യത ഇവരില്‍ കുറയുന്നതത്രേ. ഇതിന് പുറമെ ചില അലര്‍ജി ആളുകളില്‍ നിത്യമായും കഫക്കെട്ട് ഉണ്ടാക്കുകയും എപ്പോഴും കഫം പുറത്തുകളയുന്നതോടെ രോഗാണുക്കള്‍ അകത്തേക്ക് കടക്കാനുള്ള സാധ്യത കുറയുന്നതിനാലും കൊവിഡ് സാധ്യത കുറയുന്നുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്തായാലും കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ആദ്യഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി അലര്‍ജികളുള്ളവരില്‍ ഇതിനുള്ള സാധ്യത കുറവാണെന്ന കണ്ടെത്തല്‍ ഏറെ ആശ്വാസകരമായ വാര്‍ത്ത തന്നെയാണ്. എങ്കിലും രോഗം പിടിപെട്ടാല്‍ തീവ്രത കൂടാനുള്ള സാധ്യത ഇപ്പോഴും നിലനിര്‍ത്തിക്കൊണ്ടാണ് വിദഗ്ധര്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
Also Read:- പുതിയ കൊവിഡ് കേസുകളില്‍ കാണുന്ന മൂന്ന് ലക്ഷണങ്ങള്‍; ഹൃദയാഘാത സാധ്യത കൂടുന്നോ?