ചില വിഭാഗക്കാരില്‍ കൊവിഡ് രണ്ടാമതും കടന്നുകൂടാനുള്ള സാധ്യതകള്‍ താരതമ്യേന കൂടുതലാണ്. നേരത്തേ ചില രോഗങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുള്ളവരിലാണ് ഇതിനുള്ള സാധ്യത. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരെല്ലാമാണ് കൂടുതല്‍ കരുതല്‍ പാലിക്കേണ്ടത് എന്നൊന്ന് മനസിലാക്കാം
കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ ശക്തമായ പോരാട്ടത്തിലാണ് നാം. ഒരിക്കല്‍ രോഗം ബാധിച്ചുകഴിഞ്ഞവരില്‍ സ്വാഭാവികമായി രോഗകാരിക്കെതിരായ ആന്റിബോഡികള്‍ ഉണ്ടായിരിക്കുമെന്നതിനാല്‍ അടുത്തൊരു ഇന്‍ഫെക്ഷന്‍ സാധ്യത ഇവരില്‍ കുറവാണ്.
എന്നാല്‍ ഒരിക്കല്‍ കൊവിഡ് വന്നുപോയവരില്‍ തന്നെ വീണ്ടും കൊവിഡ് ബാധ സ്ഥിരീകരിച്ച കേസുകളുമുണ്ട്. എണ്ണത്തില്‍ കുറവാണെങ്കിലും വീണ്ടുമൊരു രോഗബാധയ്ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ കേസുകള്‍. അതിനാല്‍ തന്നെ കൊവിഡ് ഒരിക്കല്‍ വന്ന് ഭേദമായവരാണെങ്കില്‍ പോലും ജാഗ്രതയോടെ മുന്നോട്ടുപോകേണ്ടതുണ്ട്.
undefined
ചില വിഭാഗക്കാരില്‍ ഇത്തരത്തില്‍ കൊവിഡ് രണ്ടാമതും കടന്നുകൂടാനുള്ള സാധ്യതകള്‍ താരതമ്യേന കൂടുതലാണ്. നേരത്തേ ചില രോഗങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുള്ളവരിലാണ് ഇതിനുള്ള സാധ്യത. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരെല്ലാമാണ് കൂടുതല്‍ കരുതല്‍ പാലിക്കേണ്ടത് എന്നൊന്ന് മനസിലാക്കാം.
ഒന്ന്...
പ്രമേഹമുള്ളവരില്‍ കൊവിഡ് 19 അല്‍പം ഗൗരവത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി നാം കണ്ടതാണ്. പൊതുവേ പ്രമേഹരോഗികളില്‍ രോഗ പ്രതിരോധശേഷി കുറവായിരിക്കും.
ഇത് കൊവിഡ് ബാധയില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. പ്രമേഹരോഗികള്‍ തന്നെയാണ് രണ്ടാതും കൊവിഡ് ബാധയുണ്ടാകാന്‍ സാധ്യതയുള്ള ഒരു വിഭാഗം.
രണ്ട്...
പ്രായാധിക്യം മൂലം വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരിലും കൊവിഡ് രണ്ടാമതുമെത്താന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ പറയുന്നു. അമ്പത്തിയഞ്ചിന് മുകളില്‍ പ്രായമുള്ളവര്‍ ഇക്കാര്യം കൂടുതലായി ശ്രദ്ധിക്കുക.
മൂന്ന്...
തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളുള്ളവരിലും വീണ്ടും കൊവിഡ് ബാധയുണ്ടായേക്കാം. തൈറോയ്ഡ് പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ കഴിക്കുന്ന മരുന്നുകള്‍ രോഗ പ്രതിരോധശേഷിയെ തളര്‍ത്താറുണ്ട്. ഇതാണ് വീണ്ടും ഇന്‍ഫെക്ഷനുള്ള സാധ്യതയെ ഇവരില്‍ നിര്‍ത്തുന്നത്.
നാല്...
അമിതവണ്ണമുള്ളവരില്‍ കൊവിഡ് എളുപ്പത്തില്‍ കടന്നെത്താന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കുന്ന പല പഠനറിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. രണ്ടാതും കൊവിഡ് ബാധയുണ്ടാകാന്‍ ഈ വിഭാഗക്കാരില്‍ സാധ്യത നിലനില്‍ക്കുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കൊവിഡ് സങ്കീര്‍ണമാകാന്‍ സാധ്യതയുള്ള ഒരു വിഭാഗവും ഇതുതന്നെ.
അഞ്ച്...
പഴകിയ ശ്വാസകോശ രോഗങ്ങളുള്ളവരിലും കൊവിഡ് വീണ്ടും കടന്നെത്താന്‍ സാധ്യതകളുണ്ട്. കൊവിഡ് 19 ഒരു ശ്വാസകോശ രോഗമായതിനാല്‍ തന്നെ അത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ദീര്‍ഘനാളത്തേക്ക് പ്രതികൂലമായി ബാധിക്കാം. അങ്ങനെ വരുമ്പോള്‍ നേരത്തേ ശ്വാസകോശ സംബന്ധമായ രോഗമുള്ളവരാണെങ്കില്‍ അവരുടെ ആരോഗ്യനില അല്‍പം കൂടി മോശമായിരിക്കുമെന്നതിനാല്‍ വീണ്ടും അണുബാധയ്ക്കുള്ള സാധ്യത തുറക്കുന്നു.
മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലെല്ലാം കൊവിഡ് വീണ്ടും പിടിപെടാന്‍ വിദൂരസാധ്യത മാത്രമാണുള്ളത്. കാരണം കൊവിഡ് രണ്ടാമതും ബാധിക്കപ്പെട്ട കേസുകള്‍ എണ്ണത്തില്‍ വളരെ കുറവാണ്. എന്നാല്‍ കരുതലോടെ നീങ്ങിയില്ലെങ്കില്‍ ഈ കുറഞ്ഞ കേസുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടേക്കാമല്ലോ. അത്തരം സാഹചര്യമുണ്ടാകാതിരിക്കാന്‍ ഈ വിഭാഗക്കാര്‍ ജാഗ്രത പാലിച്ചേ മതിയാകൂ.
Also Read:- കൊവിഡ് പകരുന്നത് അധികവും ഏത് പ്രായക്കാരില്‍ നിന്ന്? പഠനം പറയുന്നത്...