Omicron Variant : 'ഒമിക്രോണ്‍ യൂറോപ്പില്‍ വ്യാപകമാകും'; മുന്നറിയിപ്പുമായി അധികൃതര്‍

By Web Team  |  First Published Dec 2, 2021, 7:51 PM IST

മഞ്ഞുകാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നും മരണനിരക്ക് വര്‍ധിക്കുമെന്നും നേരത്തേ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഴ് ലക്ഷം പേരെങ്കിലും ഇനിയും യൂറോപ്യന്‍ രാജ്യങ്ങളില്‍ വരും മാസങ്ങളില്‍ കൊവിഡ് മൂലം മരണപ്പെടുമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്


കൊവിഡ് 19 രോഗകാരിയായ വൈറസിന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ). ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ( South Africa ) ഒമിക്രോണ്‍ എന്ന വകഭേദം സ്ഥിരീകരിച്ചത്. ചുരുങ്ങിയ സമയത്തിനകം തന്നെ ഇത് ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. 

ഇന്നത്തോടെ ഇന്ത്യയിലും ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്കാണ് നിലവിൽ ഒമിക്രോണ്‍ മൂലമുള്ള കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗവ്യാപനം അതിവേഗമാക്കാന്‍ സാധിക്കുമെന്നതും വാക്‌സിനുകളെ ചെറുക്കുമെന്നതുമാണ് ഒമിക്രോണിന്റെ സവിശേഷതകളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

Latest Videos

undefined

നേരത്തെ ഡെല്‍റ്റ വകഭേദം വലിയ തോതില്‍ രോഗവ്യാപനം നടത്തിയതിന് പിന്നാലെ പല രാജ്യങ്ങളിലും ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു. ഇതോടെ മരണനിരക്കും കുത്തനെ ഉയര്‍ന്നിരുന്നു. സമാനമായ സാഹചര്യങ്ങള്‍ ആവര്‍ത്തിക്കുമോയെന്നതാണ് അധികപേരുടെയും ആശങ്ക. 

ഇന്ന് ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ച ഫ്രാന്‍സില്‍ വരും ദിവസങ്ങളില്‍ കേസുകള്‍ കാര്യമായി ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഇപ്പോഴിതാ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് 'യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍' ( ഇസിഡിസി) . 

വരും മാസങ്ങളില്‍ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ പകുതിയും ഒമിക്രോണ്‍ വകഭേദം മൂലമുള്ളതായിരിക്കുമെന്നാണ് ഇസിഡിസിയുടെ മുന്നറിയിപ്പ്. അത്രമാത്രം രോഗവ്യാപനം ഒമിക്രോണ്‍ നടത്തുമെന്നാണ് ഈ അറിയിപ്പ് സൂചിപ്പിക്കുന്നത്. 

'മാത്തമാറ്റിക്കല്‍ മോഡലിംഗിലൂടെയാണ് ഒമിക്രോണ്‍ യൂറോപ്യന്‍ രാജ്യങ്ങളെ ഈ രീതിയില്‍ ബാധിക്കുമെന്ന നിഗമനത്തിലേക്ക് ഞങ്ങള്‍ എത്തിയിരിക്കുന്നത്. വരും മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആകെ കേസുകളില്‍ പകുതിയും ഒമിക്രോണ്‍ മൂലമുള്ളതായിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്...'- ഇസിഡിസി അറിയിച്ചു. 

മഞ്ഞുകാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നും മരണനിരക്ക് വര്‍ധിക്കുമെന്നും നേരത്തേ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഴ് ലക്ഷം പേരെങ്കിലും ഇനിയും യൂറോപ്യന്‍ രാജ്യങ്ങളില്‍ വരും മാസങ്ങളില്‍ കൊവിഡ് മൂലം മരണപ്പെടുമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 

ഇതിനിടയൊണ് ഒമിക്രോണ്‍ എന്ന വകഭേദത്തിന്റെ വരവ്. ഇതോടെ സ്ഥിതിഗതികള്‍ നേരത്തെ വിലയിരുത്തപ്പെട്ടതിന് സമാനമായി കൂടുതല്‍ മോശമായേക്കുമെന്ന ആശങ്കയിലേക്കാണ് ഏവരും എത്തുന്നത്.

Also Read:-  'യൂറോപ്പില്‍ വരും മാസങ്ങളില്‍ ഏഴ് ലക്ഷത്തോളം കൊവിഡ് മരണം'

click me!