Omicron Variant : ഒമിക്രോണിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകമായി കൊവിഡ് 19

By Web Team  |  First Published Dec 3, 2021, 7:21 PM IST

ദക്ഷിണാഫ്രിക്കയില്‍ ഇത് കൊവിഡ് നാലാം തരംഗമാണ്. മറ്റ് മൂന്ന് തരംഗങ്ങളെയും അപേക്ഷിച്ച് അതിവേഗമാണ് നാലാം തരംഗത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും വിദഗ്ധര്‍ പറയുന്നു


കൊവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ). ദക്ഷിണാഫ്രിക്കയിലാണ് ( South Africa ) ഇത് ആദ്യമായി സ്ഥിരീകരിച്ചത്. ഇതിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയടക്കം ഒരു ഡസനിലധികം രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. 

അതിവേഗം രോഗവ്യാപനം നടത്താന്‍ സാധിക്കുമെന്നതും, വാക്‌സിനെ ചെറുക്കാന്‍ കഴിയുമെന്നതുമാണ് ഒമിക്രോണിന്റെ പ്രധാന പ്രത്യേകതകളായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നേരത്തെ വന്ന ഡെല്‍റ്റ വകഭേദം തന്നെ പല രാജ്യങ്ങളിലും അതിശക്തമായ കൊവിഡ് തരംഗം സൃഷ്ടിച്ചിരുന്നു. 

Latest Videos

undefined

ഡെല്‍റ്റയെക്കാള്‍ രോഗവ്യാപനസാധ്യതയുള്ള ഒമിക്രോണ്‍ എത്തരത്തിലാണ് സ്ഥിതിഗതികളെ മുന്നോട്ടുനയിക്കുക എന്നതാണ് നിലവിലുള്ള ആശങ്ക. ഇതിനിടെ ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ശേഷം കുട്ടികള്‍ക്കിടയില്‍ കൊവിഡ് വ്യാപകമായതായി റിപ്പോര്‍ട്ട് വരികയാണ്. 

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അറുപതോ അതിന് മുകളിലോ പ്രായമുള്ളവരെ കഴിഞ്ഞാല്‍ നിലവില്‍ ഏറ്റവുമധികം കേസുകള്‍ വരുന്നത് കുട്ടികള്‍ക്കിടയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ച് അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് കേസുകള്‍ കൂടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

'ഒമിക്രോണിന് ശേഷം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം തന്നെയാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. എല്ലാ പ്രായക്കാരിലും ഇത് കാണാം. എന്നാല്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ കേസുകള്‍ കൂടുന്നത് ശ്രദ്ധേയമാണ്. കുട്ടികള്‍ വാക്‌സിനേറ്റഡ് അല്ല എന്നതിനാലാണ് ഇങ്ങനെ വരുന്നതെന്നാണ് പ്രാഥമിക അനുമാനം. അതുപോലെ തന്നെ ആശുപത്രിയില്‍ കൊവിഡ് മൂലം പ്രവേശിക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കളും അധികവും വാക്‌സിന്‍ സ്വീകരിക്കാത്തവരാണ്...'- 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് ഓഫ് സൗത്താഫ്രിക്ക' ( എന്‍ഐസിഡി) യില്‍ നിന്നുള്ള വിദഗ്ധ വാസില ജാസത്ത് പറയുന്നു. 

ദക്ഷിണാഫ്രിക്കയില്‍ ഇത് കൊവിഡ് നാലാം തരംഗമാണ്. മറ്റ് മൂന്ന് തരംഗങ്ങളെയും അപേക്ഷിച്ച് അതിവേഗമാണ് നാലാം തരംഗത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും വിദഗ്ധര്‍ പറയുന്നു. 

'മഹാമാരിയുടെ മറ്റൊരു ഘട്ടത്തിലുമില്ലാത്ത വിധം രോഗം പടരുന്നതായാണ് കാണാന്‍ സാധിക്കുന്നത്. അതായത് അതിവേഗം രോഗം പടര്‍ത്താന്‍ ഒമിക്രോണിന് സാധിക്കുന്നുണ്ടെന്ന് തന്നെയാണ് ഇതില്‍ നിന്ന് മനസിലാക്കാനാവുന്നത്. അതുപോലെ തന്നെ വാക്‌സിന്റെ ചെറുത്തുനില്‍പ് നിഷ്പ്രഭമാകുന്നതായും നമുക്ക് കണക്കാക്കാം...'- എന്‍ഐസിഡി, പബ്ലിക് ഹെല്‍ത്തിന്റെ മേധാവി മിഷേല്‍ ഗ്രൂം പറയുന്നു. 


ഒരിക്കല്‍ കൊവിഡ് ബാധിച്ചവരില്‍ വീണ്ടും രോഗം വരാനുള്ള സാധ്യത ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണില്‍ മൂന്ന് മടങ്ങ് അധികമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതുവരെയും സാധാരണഗതിയിലുള്ള ലക്ഷണങ്ങള്‍ തന്നെയാണ് ഒമിക്രോണ്‍ വകഭേദം മൂലം രോഗം ബാധിച്ചവരിലും കണ്ടിരിക്കുന്നതെന്നും എന്നാല്‍ വരും ആഴ്ചകളിലേ അണുബാധയുടെ തീവ്രത സംബന്ധിച്ച ചിത്രം ലഭ്യമാകൂവെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 

ഇന്നലെ മാത്രം 11,535 കേസുകളാണ് ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ച മുമ്പ് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന കേസുകളുടെ ഏതാണ്ട് അഞ്ചിരട്ടിയോളം വരും ഈ കണക്ക്. 

Also Read:- ഒരിക്കൽ കൊവിഡ് വന്നവർ സൂക്ഷിക്കുക, വിദ​ഗ്ധർ പറയുന്നത്

click me!