Omicron Variant : 'ഒമിക്രോണ്‍' സ്ഥിരീകരിച്ച രോഗിയുടെ വിവരങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍...

By Web Team  |  First Published Dec 5, 2021, 11:46 PM IST

ഇദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ യാത്ര ചെയ്തിരുന്നു. ഇതിന് ശേഷം ദില്ലിയിലാണ് വന്നെത്തിയത്. ദില്ലി എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ പരിശോധനയ്ക്കുള്ള സാമ്പിള്‍ നല്‍കിയ ശേഷം മുംബൈയിലേക്ക് ഫ്‌ളൈറ്റ് മാര്‍ഗം തിരിക്കുകയായിരുന്നു


കൊവിഡ് 19 രോഗം ( Covid 19 ) പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് 'ഒമിക്രോണ്‍' ( Omicron Variant ). ദക്ഷിണാഫ്രിക്കയിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്യന്‍- മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 

ഇന്ത്യയില്‍ ആദ്യം കര്‍ണാടകയില്‍ രണ്ട് പേരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇരുവരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരായിരുന്നു. ഇതിന് ശേഷമാണ് മഹാരാഷ്ട്രയിലെ താനെയില്‍ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഒപ്പം തന്നെ ഗുജറാത്തിലും ദില്ലിയിലും സമാനമായി ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

Latest Videos

undefined

ഇപ്പോഴിതാ ഒമിക്രോണ്‍ മൂലം കൊവിഡ് പിടിപെട്ട താനെ സ്വദേശിയുടെ രോഗവിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് ഇദ്ദേഹം ചികിത്സയിലുള്ള കല്യാണിലെ കൊവിഡ് സെന്ററില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍. താനെ സ്വദേശി തന്നെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്ന മുപ്പത്തിമൂന്നുകാരനായ മറൈന്‍ എഞ്ചിനീയര്‍. 

ഇദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ യാത്ര ചെയ്തിരുന്നു. ഇതിന് ശേഷം ദില്ലിയിലാണ് വന്നെത്തിയത്. ദില്ലി എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ പരിശോധനയ്ക്കുള്ള സാമ്പിള്‍ നല്‍കിയ ശേഷം മുംബൈയിലേക്ക് ഫ്‌ളൈറ്റ് മാര്‍ഗം തിരിക്കുകയായിരുന്നു. 

നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കാര്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ലെന്നുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. എങ്കിലും നിരീക്ഷണം തുടരുന്നുണ്ട്. പതിനാല് ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേകമായി ഇറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ചികിത്സ തുടരുമെന്നും ഇതിനിടയില്‍ ഇദ്ദേഹത്തെ ഒരു കാരണവശാവും എവിടേക്കും മാറ്റുകയില്ലെന്നും ഇവര്‍ അറിയിക്കുന്നു. 

മരുന്നുകളോടും ചികിത്സയോടും രോഗിയുടെ ശരീരം ഫലപ്രദമായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. ഇതിനിടെ നൈജീരിയയില്‍ നിന്ന് മുംബൈയിലെത്തിയ നാല് പേര്‍ക്കും റഷ്യയില്‍ നിന്നെത്തിയ ഒരാള്‍ക്കും നേപ്പാളില്‍ നിന്നെത്തിയ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഒമിക്രോണ്‍ സാന്നിധ്യമുണ്ടോയെന്ന് അറിയാന്‍ വിദഗ്ധ പരിശോധനയ്ക്ക് സാമ്പിള്‍ അയച്ചിരിക്കുകയാണ്. 

നിലവില്‍ യുകെ, ദക്ഷിണാഫ്രിക്ക, ബ്‌സീല്‍, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസീലാന്‍ഡ്, സിംബാബ്വേ, സിംഗപ്പൂര്‍, ഹോംങ്കോങ്, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് ഇന്ത്യയില്‍ കര്‍ശനമായ പരിശോദനയ്ക്ക് വിധേയമാക്കുന്നത്. ഇവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പരിശോധന നടത്തി, ഫലം വന്നതിന് ശേഷം മാത്രമേ പുറത്ത് കടക്കാനാകൂ. ഒപ്പം മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും പരിശോധന നിര്‍ദേശിക്കുന്നുണ്ട്. 

Also Read:- രാജ്യ തലസ്ഥാനത്തും ഒമിക്രോൺ, ദില്ലിയിൽ ഒരാൾക്ക് സ്ഥിരീകരിച്ചു; രാജ്യത്തെ അഞ്ചാമത്തെ കേസ്

click me!