ബ്ലാക്ക് ഫംഗസ് ബാധയേറ്റ ഭര്‍ത്താവിന് മരുന്നില്ല; ആത്മഹത്യാഭീഷണി മുഴക്കി ഭാര്യ

By Web Team  |  First Published May 18, 2021, 8:52 PM IST

കേരളത്തിലും ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഏഴ് പേരില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് കേസുകള്‍ മെഡിക്കല്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്


കൊവിഡ് രോഗികളെ ബാധിക്കുന്ന 'ബ്ലാക്ക് ഫംഗസ്' (മ്യൂക്കോര്‍മൈക്കോസിസ്) രാജ്യത്തെ കൊവിഡ് ചികിത്സാമേഖലയില്‍ കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. പല സംസ്ഥാനങ്ങളിലും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ മരുന്നുകളും സൗകര്യങ്ങളുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

സ്ഥിതിഗതികള്‍ മോശമാണെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇന്ന് മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധിച്ച ഭര്‍ത്താവിന് ഇന്‍ജെക്ഷനുള്ള മരുന്ന് ലഭ്യമല്ല എന്നതിനാല്‍ ആശുപത്രിയുടെ മുകളില്‍ കയറിനിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുകയാണ് ഒരു സ്ത്രീ. 

Latest Videos

undefined

ഇവരെടുത്ത സെല്‍ഫി വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. ബോംബോ ആശുപത്രിയിലാണ് താനുള്ളതെന്നും ബ്ലാക്ക് ഫംഗസ് ബാധിതനായ ഭര്‍ത്താവ് മുഖം മുഴുവന്‍ വേദന സഹിച്ച് കഴിയുകയാണ്, അദ്ദേഹത്തിനുള്ള മരുന്ന് ലഭ്യമല്ല, ഇങ്ങനെയൊരു സാഹചര്യത്തില്‍ അദ്ദേഹത്തെയും കൊണ്ട് താന്‍ എവിടെ പോകുമെന്നുമായിരുന്നു വീഡിയോയില്‍ സ്ത്രീ പറഞ്ഞത്. 

ഇന്നും മരുന്ന് ലഭിച്ചില്ലെങ്കില്‍ താന്‍ ഇവിടെ നിന്ന് താഴേക്ക് ചാടി മരിക്കുമെന്നും അല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും മുന്നില്‍ കാണുന്നില്ലെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞു. മുഖ്യമന്ത്രി ശിവ്#രാജ് സിംഗ് ചൗഹാന്‍, ആരോഗ്യ മന്ത്രി പ്രഭു റാം ചൗധരി, ഇന്‍ഡോര്‍ കളക്ടര്‍ മനീഷ് സിംഗ് എന്നിവരോടായിട്ടാണ് ഇക്കാര്യം ധരിപ്പിക്കുന്നതെന്നും അവര്‍ പറയുന്നുണ്ടായിരുന്നു. 

എന്നാല്‍ അപകടമൊന്നും കൂടാതെ അവരെ അവിടെ നിന്ന് മാറ്റിയെന്നാണ് ആശുപത്രി അറിയിക്കുന്നത്. സംഭവത്തിന് ശേഷം അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയെന്നും ആശുപത്രി അധികൃതര്‍ അറിയിക്കുന്നുണ്ട്. അവരുടെ ഭര്‍ത്താവിന് നേരത്തേ പല ഡോസ് ഇന്‍ജെക്ഷന്‍ നല്‍കിയതാണെന്നും ഇനിയും ആവശ്യമുണ്ടെന്നത് സത്യമാണ്, പക്ഷേ മരുന്ന് നിലവില്‍ ലഭ്യമല്ലാത്ത അവസ്ഥയാണെന്നും ആശുപത്രിയുടെ ജനറല്‍ മാനേജര്‍ രാഹുല്‍ പരഷെര്‍ അറിയിച്ചു. 

ഇന്‍ഡോറില്‍ മാത്രം തിങ്കളാഴ്ച 122 കൊവിഡ് രോഗികളെയാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് രോഗികളിലുണ്ടാകുന്ന ഫംഗസ് ബാധയാണിത്. മുഖത്ത് കറുത്ത പാടുകള്‍, പരിക്കേറ്റത് പോലുള്ള അടയാളങ്ങള്‍, വീക്കം, വേദന തുടങ്ങി ഒരുപിടി പ്രശ്‌നങ്ങളാണ് ബ്ലാക്ക് ഫംഗസ് മൂലമുണ്ടാകുന്നത്. മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമായിപ്പോകുന്ന അവസ്ഥ വരെ ബ്ലാക്ക് ഫംഗസ് മൂലമുണ്ടാകാമെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്.

കേരളത്തിലും ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഏഴ് പേരില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് കേസുകള്‍ മെഡിക്കല്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്. 

Also Read:- ഭീതി പരത്തി കൊവിഡ് രോഗികളിലെ 'ബ്ലാക്ക് ഫംഗസ്' ബാധ; അറിയാം ലക്ഷണങ്ങള്‍...

ചികിത്സയിലൂടെ പൂര്‍ണ്ണമായും ഭേദപ്പെടുത്താവുന്ന അണുബാധയാണിത്. ജീവന്‍ അപഹരിക്കാവുന്ന രീതിയില്‍ മാരകവുമല്ല. കൊവിഡിന്റെ കാര്യം പോലെ തന്നെ പ്രമേഹം, പ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയവരിലെല്ലാമാണ് ബ്ലാക്ക് ഫംഗസ് സാധ്യത കൂടുതലായിട്ടുള്ളത്. 

പ്രതീകാത്മക ചിത്രമാണ് വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്നത് 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!