National Tooth Brushing Day : എന്തിനാണ് ടൂത്ത് പേസ്റ്റുകളിൽ സോപ്പുകളിൽ ഉള്ളതുപോലെയുള്ള പത?

By Web Team  |  First Published Nov 7, 2024, 8:15 AM IST

പല്ല് പുളിപ്പുള്ളവർക്കും മോണ രോഗം ഉള്ളവർക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ബ്രഷുകളും നിലവിലുണ്ട്. ഒരു ദന്ത ഡോക്ടറെ സമീപിച്ച് നിങ്ങളുടെ പല്ലിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി ഡോക്ടർ നിർദ്ദേശിക്കുന്ന ടൂത്ത് ബ്രഷുകൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.


ഏറ്റവും ചെറിയ പ്രായത്തിൽ തന്നെ നമ്മൾ സ്വയം ചെയ്ത് ശീലിക്കുന്ന ഒന്നാണ് പല്ലുകൾ വൃത്തിയാക്കുന്നത്. അത്രയും പ്രധാനമായതിനാൽ തന്നെ ഓരോ ദിവസവും ആരംഭിക്കുന്നത് തന്നെ ബ്രഷ് ചെയ്തുകൊണ്ടാണ്. ദേശീയ ടൂത്ത് ബ്രഷിംഗ് ദിനമായി ഇന്ന് ദിവസവും പല്ലുതേയ്ക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് ചീഫ് ഡെന്റൽ സർജനായ ഡോ കീർത്തി പ്രഭ എഴുതുന്ന ലേഖനം. 

എല്ലാദിനവും പല്ലുതേയ്ക്കാനുള്ളതാണ്. എന്നാൽ നവംബർ 7 ന്റെ പല്ലുതേപ്പിന് ഒരു പ്രത്യേകതയുണ്ട്. നവംബർ 7 ഇന്ത്യയിൽ എല്ലാ വർഷവും ദേശീയ ടൂത്ത് ബ്രഷിംഗ് ദിനമായി ആചരിക്കുന്നു. എന്തിനാണ് പല്ല് തേക്കുന്നത്, എങ്ങനെയാണ് പല്ലുതേക്കേണ്ടത്, പല്ല് തേക്കാൻ എടുക്കേണ്ട സമയമെത്രയാണ്, ഏതുതരത്തിലുള്ള ടൂത്ത് ബ്രഷ് ആണ് ഉപയോഗിക്കേണ്ടത്, ഏത് ടൂത്ത് പേസ്റ്റ് ആണ് നല്ലത്, ഉമിക്കരിയും മാവിലയും ഉപയോഗിക്കുന്നത് നല്ലതാണോ, ഇങ്ങനെ ഒരുപാട് സംശയങ്ങൾ പലരും ചോദിക്കാറുണ്ട്. 
 
"ദിവസവും ചെയ്യുന്നതല്ലേ, ഒരു പല്ല് തേപ്പിൽ എന്താണ് ഇത്ര അറിയാനുള്ളത്"  എന്ന് പല്ല് തേപ്പിനെ അവഗണിക്കുന്നവരും ഉണ്ട്‌. വാർത്താ മാധ്യമങ്ങളിൽ വിവിധങ്ങളായ ടൂത്ത് പേസ്റ്റിന്റെ പരസ്യങ്ങൾ പല്ലു പുളിപ്പ് എന്നെന്നേക്കുമായി അവസാനിക്കുമെന്നും പെൺകുട്ടികൾ ഓടിവന്ന് ചുംബിക്കുമെന്നുമുള്ള വിവരണങ്ങൾ നൽകി നിറഞ്ഞ് നിൽക്കുമ്പോൾ പല്ല് തേക്കുന്നതിന്റെയും പേസ്റ്റ് ഉപയോഗിക്കുന്നതിന്റെയും രീതികളെക്കുറിച്ചും പ്രധാന്യത്തെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. 

Latest Videos

undefined

ദന്തക്ഷയവും മോണരോഗവും തടയുന്നതിന് ബ്രഷിങ്ങും ഫ്ലോസിങ്ങും ഉൾപ്പെടെയുള്ള ദന്ത ശുചിത്വത്തിന്റെ പ്രാധാന്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് ദേശീയ ടൂത്ത് ബ്രഷിംഗ് ദിനം.

 എന്തിന് പല്ല് തേയ്ക്കണം?

ഭക്ഷണം കഴിച്ചതിനു ശേഷം പല്ലിൽ അടിഞ്ഞുകൂടിയിരിക്കുന്ന ആഹാര അവശിഷ്ടങ്ങൾ നീക്കം ചെയ്യാനാണ് പല്ലു തേക്കുന്നത്. വായിലെ ആഹാര അവശിഷ്ടങ്ങൾ യഥാസമയം നീക്കം ചെയ്തില്ല എങ്കിൽ അതിലേക്ക് ബാക്ടീരിയകൾ വളരുകയും ബാക്ടീരിയകളും ആഹാരവശിഷ്ടങ്ങളും ചേർന്ന് പല്ലിന്റെ ഉപരിതലത്തിൽ ദന്തൽ പ്ലാക്ക് എന്ന നേരിയ ഒരു പടലം രൂപപ്പെടുകയും ചെയ്യുന്നു. വായ കഴുകുന്നത് കൊണ്ട് മാത്രം ഈ പടലം നീക്കം ചെയ്യപ്പെടുന്നില്ല.

ദന്തൽ പ്ലാക്ക് നീക്കം ചെയ്യണമെങ്കിൽ ബ്രഷ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കേണ്ടതുണ്ട്. പല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ബ്രഷുകൾ കൊണ്ട് മാത്രം സാധിക്കണമെന്നില്ല. അതിനായി ഡെന്റൽ ഫ്ലോസ്, ഇന്റർ ഡെന്റൽ ബ്രഷുകൾ എന്നിവ ഉപയോഗിക്കേണ്ടതുണ്ട്. 

പ്ലാക്ക് കൃത്യമായി നീക്കം ചെയ്തില്ലെങ്കിൽ ദന്തൽ പ്ലാക്കിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ ആഹാര അവശിഷ്ടങ്ങളിലെ കാർബോഹൈഡ്രേറ്റുകളുമായി ചേർന്ന് ആസിഡ് ഉല്പാദിപ്പിക്കുകയും അത് പല്ലിനെ ദ്രവിപ്പിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. ദന്തക്ഷയത്തിന്റെ തുടക്കം ഇങ്ങനെയാണ്. പല്ലുകൾക്കിടയിൽ കുടുങ്ങിയിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളാണ് മിക്കവാറും മോണ രോഗങ്ങൾക്ക് കാരണമാകുന്നത്.

ദിവസം രണ്ടു നേരം ശരിയായ രീതിയിൽ ബ്രഷ് ചെയ്യുകയും ഫ്ലോസ് ചെയ്യുകയും ചെയ്താൽ വായനാറ്റം, ദന്തക്ഷയം,  മോണ വീക്കം, മോണപഴുപ്പ് ഇവയ്ക്കൊക്കെ കാരണമാകുന്ന ദന്തൽ പ്ലാക്കിനെയും  ഭൂരിഭാഗം ദന്തരോഗങ്ങളെയും നമുക്ക് ചെറുക്കാൻ സാധിക്കും.

ദന്തൽ പ്ലാക്ക് നീക്കം ചെയ്യാതെ ഇരുന്നാൽ അത് വായിലെ ഉമിനീരിലെ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയവയുമായി ചേർന്ന് കലക്രമേണ കട്ടിയുള്ള കാൽക്കുലസ് ആയി മാറുന്നു. പല്ല് തേക്കുന്നതിലൂടെ കാൽക്കുലസ് നീക്കം ചെയ്യാൻ സാധിക്കില്ല. ദന്തൽ ക്ലിനിക്കുകളിൽ പോയി പല്ല് ക്ലീനിങ്ങിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ കാൽക്കുലസ് നീക്കം ചെയ്യാൻ സാധിക്കുകയുള്ളൂ.

 എങ്ങനെ പല്ല് തേയ്ക്കണം?

ദിവസവും രണ്ടുതവണ പല്ലു തേച്ചിട്ടും പല്ലിന് കേടു വരികയും മോണരോഗമുണ്ടാവുകയും ചെയ്യുന്നു എന്ന് പല രോഗികളും പരാതിപ്പെടാറുണ്ട്. പല്ല് തേക്കുന്നതിന് ചില രീതികളും സമയക്രമവും ഉണ്ട്. ശരിയായ രീതിയിൽ അല്ല പല്ലുതേക്കുന്നത് എങ്കിൽ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ കൃത്യമായി നീക്കം ചെയ്യപ്പെടുകയോ വായ ശുചിയാവുകയോ ചെയ്യുന്നില്ല.

നിങ്ങളുടെ പല്ലുകൾക്ക് സമാന്തരമായി ടൂത്ത് ബ്രഷ് പിടിക്കുക . പിന്നീട് പല്ലും മോണയും കൂടിച്ചേരുന്ന ഭാഗത്ത് 45 ഡിഗ്രി കോണിലേക്ക് ബ്രഷ് ചരിച്ചു പിടിച്ച്  ഉറച്ചതും എന്നാൽ മൃദുവായതുമായ മർദ്ദം ഉപയോഗിച്ച് മോണയിൽ നിന്ന് പല്ലിലേക്ക് എന്ന രീതിയിൽ ബ്രഷ് ചെയ്യുക. മുകൾ ഭാഗത്തെ പല്ലുകൾ തേക്കുമ്പോൾ മുകളിൽ നിന്ന് താഴേക്കും താഴത്തെ പല്ലുകൾ തേക്കുമ്പോൾ താഴെ നിന്ന് മുകളിലേക്ക് ആണ് ബ്രഷ് ചെയ്യേണ്ടത്. ഇത്തരത്തിൽ 15 മുതൽ 20 തവണ വരെ ബ്രഷ് ചലിപ്പിക്കേണ്ടതാണ്. അല്ലെങ്കിൽ 15 മുതൽ 20 തവണ വരെ വൃത്താകൃതിയിലുള്ള ചലനം ഉപയോഗിക്കാം.

എല്ലാ പല്ലുകളുടെയും പുറം ഉപരിതലത്തിൽ തേക്കുക, തുടർന്ന് അതേ ചലനങ്ങൾ ഉപയോഗിച്ച് പല്ലിൻ്റെ പിൻഭാഗം വൃത്തിയാക്കുക. മുൻ ഭാഗത്തെ പല്ലുകളുടെ ഉൾവശം വൃത്തിയാക്കാൻ ടൂത്ത് ബ്രഷ് നിങ്ങളുടെ മുൻ പല്ലുകൾക്ക് പിന്നിൽ ലംബമായി പിടിച്ച്, താഴത്തെ പല്ലുകൾ ആണെങ്കിൽ മുകളിലേക്കും മുകളിലെ പല്ലുകൾ ആണെങ്കിൽ താഴേക്കും ബ്രഷ് ചെയ്യുക.

അണപ്പല്ലുകളുടെ ചവച്ചരയ്ക്കാൻ ഉപയോഗിക്കുന്ന പ്രതലം മുന്നിലേക്കും പിന്നിലേക്കും ബ്രഷ് ചലിപ്പിച്ച് വൃത്തിയാക്കുക. ഈ ചലനങ്ങൾ എല്ലാം 15 മുതൽ 20 തവണ വരെ ആണ് ചെയ്യേണ്ടത്. പിന്നീട് നിങ്ങളുടെ നാവ് ബ്രഷ് ചെയ്യുക. 2 മുതൽ 4 മിനിറ്റ് വരെ ആണ് ഇത്തരത്തിൽ ശരിയായ ബ്രഷിങ്ങിന് ആവശ്യമായ സമയം. 

പല്ലു തേയ്ക്കുന്നത് എങ്ങനെയെന്ന് എഴുത്തിലൂടെ മനസ്സിലാക്കുക കുറച്ചു ബുദ്ധിമുട്ടാണ്. പല്ലുതേയ്ക്കുന്നത് എങ്ങനെ ആണെന്നുള്ള സംശയങ്ങൾ ബാക്കിയുണ്ടെങ്കിൽ ദന്തൽ ചെക്കപ്പിനായി ദന്തരോഗ വിദഗ്ധനെ സമീപിക്കുമ്പോൾ മോഡലുകൾ ഉപയോഗിച്ചോ വീഡിയോകൾ കാണിച്ചോ ടൂത്ത് ബ്രഷിങ്ങിനെ കുറിച്ചുള്ള കൃത്യമായ നിർദ്ദേശങ്ങൾ ലഭിക്കും. 

 ഏത് ബ്രഷ് ആണ് പല്ല് തേയ്ക്കാൻ നല്ലത്?

ദിവസേനയുള്ള ഉപയോഗത്തിന് സോഫ്റ്റ് അല്ലെങ്കിൽ അൾട്രാ സോഫ്റ്റ് തരത്തിലുള്ള മൃദുവായ ടൂത്ത് ബ്രഷുകളാണ് നല്ലത്. ദൃഢമായ നാരുകളുള്ള ടൂത്ത് ബ്രഷുകൾ ഒരു ദന്ത ഡോക്ടർ സ്ഥിരമായ ഉപയോഗത്തിന് നിർദ്ദേശിക്കാറില്ല. "കട്ടിയുള്ള ബ്രഷ് ഉപയോഗിച്ചാൽ മാത്രമേ വൃത്തിയായതായി തോന്നുന്നുള്ളൂ ഡോക്ടറെ"  എന്ന് ഒരുപാട് രോഗികൾ പറയാറുണ്ട്. പക്ഷേ അത് വൃത്തിയായി എന്നുള്ള മാനസികമായ ഒരു സംതൃപ്തി തരിക മാത്രമേ ചെയ്യുന്നുള്ളൂ. അത്തരം ടൂത്ത് ബ്രഷുകളുടെ സ്ഥിരമായ ഉപയോഗം പല്ലിന് തേയ്മാനം ഉണ്ടാക്കുകയും മോണയുടെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.

 മാർക്കറ്റിൽ പിന്നെ എന്തിനാണ് ഹാർഡും മീഡിയവും ബ്രഷുകൾ വിൽക്കപ്പെടുന്നത് എന്ന് ചോദിച്ചാൽ ഈ ലോകത്തുള്ള എല്ലാത്തരം മനുഷ്യരെയും തൃപ്തിപ്പെടുത്താനാണ് നിർമ്മാതാക്കൾ ആഗ്രഹിക്കുക എന്ന് പറയേണ്ടിവരും. പക്ഷേ ഒരു ദന്തഡോക്ടർ നിങ്ങളുടെ മാനസികമായ തൃപ്തി മാത്രമല്ല വിലയിരുത്തുക. നിങ്ങളുടെ മോണയുടെയും പല്ലിന്റെയും ആരോഗ്യം നഷ്ടപ്പെടാതെ നോക്കുക കൂടിയാണ് ഒരു ഡോക്ടറുടെ ലക്ഷ്യം. 

പല്ലിൽ കറ പിടിക്കുന്നത് പോലെയുള്ള പ്രത്യേക സാഹചര്യങ്ങളിൽ ഒരു നിർദിഷ്ട കാലയളവിലേക്ക് ഹാർഡ് അല്ലെങ്കിൽ മീഡിയം ടൂത്ത് ബ്രഷുകൾ നിർദ്ദേശിക്കാറുണ്ട്. അത്തരം ടൂത്ത് ബ്രഷുകൾ എപ്പോഴും ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. 

 ചെറിയ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്ന ഫിംഗർ ബ്രഷുകൾ, കുട്ടികൾ വളരുന്നതിനനുസരിച്ച് ഓരോ പ്രായത്തിലും ഉപയോഗിക്കാൻ സാധിക്കുന്ന ബ്രഷുകൾ, വിവിധ വേഗതയിലുള്ള ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ ഇങ്ങനെ പ്രായത്തിനനുസരിച്ചും വ്യക്തിയുടെ ശാരീരിക മാനസിക അവസ്ഥകൾക്ക് അനുസരിച്ചും ഉപയോഗിക്കാൻ സാധിക്കുന്ന വിവിധതരത്തിലുള്ള ടൂത്ത് ബ്രഷുകൾ നിലവിലുണ്ട്.

 ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ സാധാരണ ടൂത്ത് ബ്രഷുകളെ അപേക്ഷിച്ച് ചിലവേറിയതാണെങ്കിലും ഭക്ഷണ അവശിഷ്ടങ്ങളും പ്ലാക്കും നീക്കം ചെയ്യുന്നതിന് അത്തരം ബ്രഷുകൾ കൂടുതൽ ഫലപ്രദമാകാറുണ്ട്. സാധാരണ ബ്രഷുകൾ ഉപയോഗിച്ച് ശരിയായ രീതിയിൽ ബ്രഷ് ചെയ്യാൻ എളുപ്പമല്ലാത്ത ചെറിയ കുട്ടികൾ മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ ഉള്ള വ്യക്തികൾ, കിടപ്പിലായ രോഗികൾ തുടങ്ങിയവർക്കൊക്കെ ഇലക്ട്രോണിക് ടൂത്ത് ബ്രഷുകൾ പല്ല് വൃത്തിയാക്കാൻ വളരെയധികം സഹായകരമാണ്. ഇലക്ട്രോണിക് ടൂത്ത് ബ്രഷുകളിൽ ദന്തരോഗ വിദഗ്ധ ശുപാർശ ചെയ്യുന്ന തരത്തിലുള്ള ബ്രഷിംഗ് സമയവും സജ്ജീകരിക്കാൻ സാധിക്കും. 

പല്ല് പുളിപ്പുള്ളവർക്കും മോണ രോഗം ഉള്ളവർക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ബ്രഷുകളും നിലവിലുണ്ട്. ഒരു ദന്ത ഡോക്ടറെ സമീപിച്ച് നിങ്ങളുടെ പല്ലിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി ഡോക്ടർ നിർദ്ദേശിക്കുന്ന ടൂത്ത് ബ്രഷുകൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

 പേസ്റ്റിന്റെ ഉപയോഗം

 കൂടുതൽ അളവിൽ പേസ്റ്റ് ഉപയോഗിച്ചാൽ പല്ല് കൂടുതൽ വൃത്തിയാകും എന്നുള്ള ധാരണ തെറ്റാണ്. ഒരു ചെറുപയർ മണിയുടെയോ കടല മണിയുടെയോ അളവിൽ മാത്രമേ പേസ്റ്റ് ഉപയോഗിക്കേണ്ടതുള്ളൂ. പേസ്റ്റിന്റെ അളവിനേക്കാൾ ഉപരി ഏത് രീതിയിൽ ബ്രഷ് ചെയ്യുന്നു എന്നതിനാണ് കൂടുതൽ പ്രാധാന്യം. മുകളിൽ പറഞ്ഞ പോലെ കൃത്യമായ ബ്രഷിങ്ങ് രീതി അവലംബിച്ചാൽ മാത്രമേ ടൂത്ത് പേസ്റ്റിന് വായിലെ അണുക്കളോട് പോരാടാൻ സാധിക്കൂ. 

 പതയുന്ന ടൂത്ത് പേസ്റ്റുകൾ ആണ് കൂടുതൽ കണ്ടുവരുന്നത്. എന്തിനാണ് ടൂത്ത് പേസ്റ്റുകളിൽ സോപ്പുകളിൽ ഉള്ളതുപോലെയുള്ള പത? നമ്മുടെ പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണമയവും ഭക്ഷണപദാർത്ഥങ്ങളും ഒക്കെ നീക്കം ചെയ്യാൻ ഈ പത സഹായിക്കും.

ഫ്ലൂറൈഡ് അടങ്ങിയിട്ടുള്ള ടൂത്ത് പേസ്റ്റുകൾ ആണ് പല്ലിന് കേടു വരാതിരിക്കാൻ നല്ലത്.പല്ലുകളിൽ പറ്റി പിടിച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുമായി പ്രവർത്തിച്ച് ആസിഡ് ഉണ്ടാക്കിയാണ് ബാക്ടീരിയകൾ ഇനാമലിനെ നശിപ്പിക്കുന്നത്. ഈ ആസിഡിന്റെ പ്രവർത്തനങ്ങളിൽ നിന്നും പല്ലിനെ സംരക്ഷിക്കാൻ ടൂത്ത് പേസ്റ്റുകളിൽ അടങ്ങിയിരിക്കുന്ന ഫ്ലൂറൈഡ് സഹായിക്കും. 
 
ഫ്ലൂറൈഡ് കൂടുതൽ അടങ്ങിയിരിക്കുന്ന വെള്ളം ഉപയോഗിക്കുന്ന പ്രദേശങ്ങളിൽ  ഫ്ലൂറൈഡ് അടങ്ങിയിട്ടില്ലാത്ത ടൂത്ത്പേസ്റ്റുകൾ നിർദ്ദേശിക്കാറുണ്ട്. പല ആയുർവേദ ടൂത്ത്പേസ്റ്റുകളിലും ഫ്ലൂറൈഡ് അടങ്ങിയിട്ടില്ലാത്തതുകൊണ്ട് അതും സ്ഥിരമായ ഉപയോഗത്തിന് നല്ലതല്ല. 

 ജെൽ രൂപത്തിൽ അല്ലാത്ത ടൂത്ത് പേസ്റ്റുകൾ ആണ് സ്ഥിരമായ ഉപയോഗത്തിന് നല്ലത്. ജെൽ രൂപത്തിലുള്ള ടൂത്ത് പേസ്റ്റുകളിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മമായ സിലിക്ക തരികൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഇനാമൽ നഷ്ടപ്പെടുത്താനുള്ള സാധ്യതയുണ്ട്. പല്ലിൽ കറ പിടിക്കാൻ സാധ്യതയുള്ളവർ ഒരുപക്ഷേ ഇത്തരം ടൂത്ത്പേസ്റ്റുകൾ ഉപയോഗിക്കുമ്പോൾ കറ നീക്കം ചെയ്യാൻ സഹായിച്ചേക്കാം. പക്ഷേ അത് പല്ലിന്റെ ഇനാമലിന് ദോഷം ചെയ്യുന്നുണ്ട് എന്നുകൂടി ഓർക്കണം. 

ഉമിക്കരി ഉപയോഗിക്കുമ്പോൾ പല്ല് കൂടുതൽ വൃത്തിയാക്കുന്നതായി അനുഭവപ്പെടുന്നു എന്ന് ചിലർ പറയാറുണ്ട്. വളരെയധികം കനം കൂടിയ തരികളുള്ള പദാർത്ഥമാണ് ഉമിക്കരി. അത് ഉപയോഗിച്ച് സ്ഥിരമായി പല്ല് തേക്കുമ്പോൾ ചിലപ്പോൾ പല്ലിലെ കറകളും അഴുക്കുകളും നീങ്ങിയേക്കാം. പക്ഷേ തരിതരിപ്പുള്ള പദാർത്ഥം ആയതുകൊണ്ട് തന്നെ അത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും പല്ലിന് തേയ്മാനമുണ്ടാക്കുകയും ചെയ്യും.

യൂട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എളുപ്പത്തിൽ പല്ലുകൾ വൃത്തിയാക്കാനും മോണയെ ദൃഢപ്പെടുത്താനും മഞ്ഞളും ഉപ്പും നാരങ്ങാനീരും അടക്കമുള്ള ചില ഒറ്റമൂലികൾ അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അതൊക്കെ പരീക്ഷിച്ച് അപകടത്തിൽ ആയവരെയും കണ്ടിട്ടുണ്ട്. 

ചൂടുള്ളതോ തണുപ്പുള്ളതോ ആയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ പല്ല് പുളിപ്പ് അനുഭവപ്പെടുന്നതിന് പരിഹാരം എന്നോണം പലതരത്തിലുള്ള ടൂത്ത് പേസ്റ്റുകൾ പരസ്യങ്ങളിലൂടെയും അല്ലാതെയും നമ്മൾ കാണാറുണ്ട്. മോണയെ ദൃഢമാക്കുന്ന,  മോണയിൽ നിന്ന് രക്തം വരുന്നത് തടയുന്ന, പല്ലുകളുടെ വേരുകൾ ശക്തിപ്പെടുത്തുന്ന, 24 മണിക്കൂർ പല്ലിന് സംരക്ഷണം നൽകുന്ന എന്നു തുടങ്ങി നിരവധി അവകാശവാദങ്ങൾ ഉന്നയിക്കുന്ന ടൂത്ത് പേസ്റ്റുകളും പരസ്യങ്ങളിലൂടെ നിങ്ങൾ കാണുന്നുണ്ടാകും. ഡെന്റിസ്റ്റുകൾ ശുപാർശ ചെയ്യുന്ന ടൂത്ത്പേസ്റ്റ് എന്ന് കേൾക്കുമ്പോൾ അത് ഡോക്ടറുടെ നിർദ്ദേശപ്രകാരം അല്ലാതെ തന്നെ വാങ്ങിച്ചു സ്ഥിരമായി ഉപയോഗിക്കുന്ന ആളുകളുണ്ട്. 

 മോണ രോഗം വരാനും മോണയിൽ നിന്ന് രക്തം വരാനും അതുപോലെതന്നെ പല്ലു പുളിപ്പ് ഉണ്ടാകാനും കൃത്യമായ കാരണങ്ങളുണ്ട്. അതെന്താണ് എന്ന് കണ്ടെത്തണമെങ്കിൽ ഒരു ദന്തഡോക്ടറെ സമീപിച്ചേ മതിയാകൂ. മോണയിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകളോ കാൽക്കുലസോ ഒക്കെ ആയിരിക്കാം ചിലപ്പോൾ മോണ രോഗത്തിന് കാരണം. അത് നീക്കം ചെയ്യാതെ മോണരോഗത്തിന്റെ ലക്ഷണങ്ങൾക്ക് ആശ്വാസം നൽകുന്ന ടൂത്ത് പേസ്റ്റുകൾ പരസ്യത്തിൽ കണ്ടതുകൊണ്ട് മാത്രം ഉപയോഗിച്ചാൽ ഒരുപക്ഷേ നിങ്ങൾക്ക് താൽക്കാലികമായ ആശ്വാസം ലഭിച്ചേക്കാം. പക്ഷേ മോണ രോഗം ഉണ്ടാക്കാനുള്ള കാരണം വായ്ക്കുള്ളിൽ പരിഹരിക്കപ്പെടാതെ കിടക്കുമ്പോൾ മോണ രോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്ന തരത്തിലുള്ള ടൂത്ത്പേസ്റ്റുകൾ ഉപയോഗിച്ചാൽ മോണയുടെ പ്രശ്നങ്ങൾ രൂക്ഷമാവുകയും ലക്ഷണങ്ങൾ പുറത്ത് കാണിക്കാത്തത് കൊണ്ട് തന്നെ നമ്മൾ അത് അറിയാതെ പോവുകയും ചെയ്യും.

വളരെ മോശമായ ഒരു അവസ്ഥയിൽ എത്തുമ്പോൾ മാത്രമേ ചിലപ്പോൾ നിങ്ങൾ ദന്തഡോക്ടറെ സമീപിക്കുകയുള്ളൂ. അപ്പോഴേക്കും സങ്കീർണ്ണം ആയ മോണ ചികിത്സ ആവശ്യമായ ഘട്ടത്തിൽ എത്തിയിരിക്കും. 

 അതുപോലെ തന്നെ പല്ല് പുളിപ്പിന്റെ ടൂത്ത്പേസ്റ്റ് ഡോക്ടറുടെ നിർദ്ദേശപ്രകാരം അല്ലാതെ സ്ഥിരമായി ഉപയോഗിക്കുമ്പോൾ പല്ല് പുളിപ്പ് ഉണ്ടാകാനുള്ള കാരണങ്ങളെ പറ്റി നിങ്ങൾ ബോധവാന്മാരല്ലാതെയാകും. പല്ലിന്റെ കേട്, തേയ്മാനം,മോണയിറക്കം തുടങ്ങി ഒരുപാട് കാരണങ്ങൾ കൊണ്ട് പല്ല് പുളിപ്പ് ഉണ്ടാകാം. ആ കാരണങ്ങളെ കൃത്യമായി ചികിത്സിക്കാതെ പുളിപ്പിന്റെ ടൂത്ത് പേസ്റ്റുകൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ തേയ്മാനം വർദ്ധിക്കുന്നതും പല്ലിന്റെ കേടു കൂടി വരുന്നതും പല്ലിന്റെ സംവേദന ക്ഷമത നശിക്കുന്നത് കൊണ്ട് നമ്മൾ അറിയാതെ പോകുന്നു.

സാധാരണ ഒരാളിൽ പല്ലിന്റെ കേട് കൂടി വരുമ്പോൾ അല്ലെങ്കിൽ തേയ്മാനം കൂടി വരുമ്പോൾ പുളിപ്പോ വേദനയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പക്ഷേ സ്ഥിരമായി പല്ല് പുളിപ്പിന്റെ പേസ്റ്റ് ഉപയോഗിക്കുന്നവരിൽ  അത്തരം ലക്ഷണങ്ങൾ പുറത്തു കാണിക്കുകയില്ല. അതുകൊണ്ടുതന്നെ രോഗം സങ്കീർണ്ണം ആകുമ്പോൾ ആണ് നിങ്ങൾ ദന്തഡോക്ടറെ സമീപിക്കുക.അപ്പോഴേക്കും ചെലവേറിയ വലിയ ചികിത്സകൾ ആവശ്യമായ തരത്തിലേക്ക് നിങ്ങളുടെ പല്ല് മാറിയിട്ടുണ്ടാകും.

 മേൽപ്പറഞ്ഞ ടൂത്ത് പേസ്റ്റുകളൊക്കെ നിങ്ങൾക്ക് ഉപയോഗിക്കാം. ഒരു ഡോക്ടറെ സമീപിച്ച് നിങ്ങളുടെ പല്ലിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി അതിന് കൃത്യമായ ചികിത്സ നേടിയതിന് ശേഷം ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിലേക്ക് മാത്രമാണ് അത്തരം പേസ്റ്റുകൾ ഉപയോഗിക്കേണ്ടത്. സ്ഥിരമായി പാരസെറ്റമോൾ ഉപയോഗിക്കുന്ന
 ഒരാൾക്ക് ഒരു വേദനയും അറിയാൻ സാധിക്കണമെന്നില്ല.അതുപോലെ തന്നെയാണ് ഇത്തരം ടൂത്ത് പേസ്റ്റുകളും.അതും ഒരു മരുന്നാണ്.ഒരു ദന്തഡോക്ടറുടെ നിർദേശപ്രകാരം പ്രത്യേക കാലയളവിലേക്ക് മാത്രം ഉപയോഗിക്കേണ്ട മരുന്ന്.

 പാൽപല്ലുകൾ

 പാൽ പല്ലുകൾ പറിഞ്ഞു പോകേണ്ടതല്ലേ എന്ന് കരുതി കുഞ്ഞുങ്ങളുടെ പല്ലുകൾക്ക് പലപ്പോഴും നമ്മൾ ശ്രദ്ധ കൊടുക്കാറില്ല. ഓരോ ദേശീയ ടൂത്ത് ബ്രഷിങ്ങ് ദിനവും പല്ലു തേക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തി കാണിക്കുന്നതിനോടൊപ്പം കുട്ടികളുടെ ദന്താരോഗ്യത്തെക്കുറിച്ചും ഊന്നൽ നൽകാറുണ്ട്. കുട്ടികൾ വളരുന്ന പ്രായത്തിൽ അവരുടെ ശാരീരിക ആരോഗ്യം പോലെ തന്നെ സുപ്രധാനമാണ് അവരുടെ പല്ലുകളുടെ ആരോഗ്യവും.

വേദനയില്ലാത്ത ദൃഢമായ പല്ലുകൾ ഉപയോഗിച്ച് ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ പാൽപല്ലുകളും സംരക്ഷിക്കേണ്ടതുണ്ട്. അതിനായി ദിവസേന രണ്ട് നേരം പല്ല് തേക്കുക എന്നത് പ്രധാനമാണ്. ചെറുപ്രായത്തിൽ തന്നെ പല്ല് തേക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കൃത്യമായ ബ്രഷിങ്ങ് രീതികളെ കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ സാധിച്ചാൽ മികച്ച ദന്താരോഗ്യമുള്ള  ഒരു തലമുറയെ തന്നെ വാർത്തെടുക്കാം. 

പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത്. നമ്മൾ അന്നും ഇന്നും അവഗണിക്കുന്നതും പലപ്പോഴും പ്രതിരോധത്തെയാണ്, പ്രത്യേകിച്ചും ദന്തരോഗങ്ങളുടെ പ്രതിരോധത്തെ. ആ അവഗണനകളെ തിരുത്തിക്കുറിക്കാനുള്ള ഒരു ദിനമാവട്ടെ ഇന്ന്.

(മട്ടന്നൂർ മൾട്ടിസ്‌പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്കിലെ ചീഫ് ഡെന്റൽ സർജനാണ് ഡോ കീർത്തി പ്രഭ.)

പല്ലുകളുടെയും മോണയുടെയും ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

 

click me!