കൂടുതൽ കുട്ടികൾ ഏത് മതത്തിൽ? പുതിയ കണക്ക് ഇങ്ങനെ....

By Abdul Rasheed M  |  First Published May 8, 2022, 1:21 PM IST

 2019-2021 കാലത്ത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടന്ന ദേശീയ കുടുംബാരോഗ്യ സർവേയിലെ കണ്ടെത്തലുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നു. 


ഇന്ത്യയിൽ എല്ലാ വിഭാഗം മതവിശ്വാസികൾക്ക് ഇടയിലും കുട്ടികളുടെ എണ്ണം കുത്തനെ കുറയുന്നുവെന്ന് ഏറ്റവും പുതിയ കണക്ക്. 2019-2021 കാലത്ത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടന്ന ദേശീയ കുടുംബാരോഗ്യ സർവേയിലെ കണ്ടെത്തലുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നു. രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ ജനന നിരക്ക് സംബന്ധിച്ച് പലപ്പോഴും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന കഥകളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു കേന്ദ്രസർക്കാരിന്റെ ഈ ഔദ്യോഗിക സർവേയിലെ കണക്കുകൾ.

സർവേയിൽ കണ്ടെത്തിയ യാഥാർഥ്യങ്ങൾ ഇങ്ങനെ: 

Latest Videos

undefined

രാജ്യത്തെ എല്ലാ മതങ്ങളിലും ജനനനിരക്ക് കുത്തനെ കുറയുന്നു. ഏറ്റവും വലിയ കുറവ് മുസ്ലിംകളിലാണ്. 1992 ൽ രാജ്യത്തെ ഒരു മുസ്ലിം സ്ത്രീ ജീവിതകാലത്ത് ശരാശരി 4.41 കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. മുപ്പതു വർഷങ്ങൾക്ക് ശേഷം  ഇപ്പോൾ അത് 2.36 ആയി കുറഞ്ഞു.  46.5% കുറവ്. മുപ്പതു വർഷത്തിൽ ശരാശരി പ്രസവങ്ങളുടെ എണ്ണത്തിൽ ഏറ്റവും കുറവ് മുസ്ലിംകളിലാണ്.

തൊട്ടുപിന്നിൽ ഹിന്ദുമത വിശ്വാസികളാണ്. 1992 ൽ രാജ്യത്ത് ഒരു ഹിന്ദു സ്ത്രീ ശരാശരി 3.3 കുട്ടികൾക്ക് ജന്മം നൽകിയിരുന്നു.  ഇപ്പോൾ അത് 1.94 ആയി കുറഞ്ഞു. മുപ്പതു വർഷത്തിൽ 41.2% കുറവ്. ക്രിസ്തുമത വിശ്വാസികളുടെ കണക്കും സമാനമാണ്. 1992 ൽ ഇന്ത്യയിലെ ഒരു ക്രിസ്ത്യൻ സ്ത്രീ ശരാശരി 2.87 കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. ഇന്നത് 1.88 ആയി കുറഞ്ഞു.

മുപ്പതു വർഷത്തിനിടെ 34.5% കുറവ്.   സിഖ് മത വിശ്വാസികൾക്ക് ഇടയിലും കുട്ടികളുടെ എണ്ണം കുറയുകയാണ്. മുപ്പതു വർഷത്തിൽ 1.9 കുട്ടികളിൽ നിന്ന് 1.61 കുട്ടികളായി കുറഞ്ഞു. ഒരു സ്ത്രീ ജീവിതകാലയളവിൽ എത്ര കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു എന്നത് അടിസ്ഥാനമാക്കിയാണ് ഈ വിവരശേഖരണം കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയത്. ഇതിനു മുൻപ് 2015-2016 ലാണ് ദേശീയ കുടുംബാരോഗ്യ സർവേ നടന്നത്. 

ആ കണക്കുകളും ഇപ്പോഴത്തെ കണക്കുകളും വെച്ച് നോക്കിയാലും എല്ലാ വിഭാഗം വിശ്വാസികളിലും കുട്ടികളുടെ എണ്ണം കുറയുകയാണ്. ആറു വർഷത്തിനിടെ മുസ്‌ലിംസ്ത്രീയുടെ ശരാശരി പ്രസവങ്ങളുടെ എണ്ണത്തിൽ 9.9% കുറവുവന്നു. ഹിന്ദുസ്ത്രീകളിൽ 8.9%, ക്രിസ്ത്യൻ സ്ത്രീകളിൽ 5.5% എന്നിങ്ങനെയാണ് പ്രസവങ്ങളിൽ കുറവ് വന്നത്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 707 ജില്ലകളിൽ 6.37 ലക്ഷം കുടുംബങ്ങളിൽ നടന്ന സമഗ്ര സർവേയുടെ വിവരങ്ങളാണ് ഇപ്പോൾ കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്. 

രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സർവേയിൽ പരിഗണിക്കപ്പെട്ടു.കുടുംബാസൂത്രണ സന്ദേശം ഇപ്പോഴും രാജ്യത്തെ എല്ലാ വിഭാഗം സ്ത്രീപുരുഷന്മാരിലും ഒരേപോലെ എത്തുന്നു വെന്നും അത് ഫലം കാണുന്നുണ്ടെന്നും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. സർക്കാരിനെ സംബന്ധിച്ചു ഏറെ ആശ്വാസകരമായ കണക്കുകൾ ആണിത്. 

ജൈന, ബുദ്ധ തുടങ്ങി ജനസംഖ്യയിൽ ഏറ്റവും പിന്നിലുള്ള മതവിഭാഗങ്ങളിൽപ്പോലും ജനനനിരക്ക് കുറയുന്നത്. ആശങ്കകളും സൃഷ്ടിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇന്ത്യയിലെ പാഴ്‌സി ജനസംഖ്യയിൽ അരനൂറ്റാണ്ടിൽ 50% കുറവാണ് സംഭവിച്ചത്. വെറും 57,264  പാഴ്സികൾ മാത്രമാണ് ഇന്ന് രാജ്യത്തുള്ളത്. വരും വർഷങ്ങളിൽ രാജ്യത്തെ ജനനനിരക്ക് ഇനിയും കുറയുമെന്നാണ് ജനസംഖ്യാ വിദഗ്ധർ പറയുന്നത്.

click me!