കൊവിഡിനിടെ കുട്ടികളില്‍ 'മിസ്‌ക്', കേരളത്തില്‍ നാല് മരണം; നിങ്ങള്‍ ആശങ്കപ്പെടേണ്ടതുണ്ടോ?

By Web Team  |  First Published Aug 28, 2021, 3:22 PM IST

കൊവിഡ് 19 മഹാമാരി തുടങ്ങി ഇപ്പോള്‍ രണ്ട് വര്‍ഷം ആകുന്നു. ഈ ഒന്നരവര്‍ഷത്തിനിടെ മാത്രം മുന്നൂറിലധികം കുട്ടികളെ 'മിസ്‌ക്' ബാധിച്ചതായും ഇതില്‍ 95 ശതമാനം കുട്ടികളും കൊവിഡ് പൊസിറ്റീവ് ആയിരുന്നുവെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു


കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. മൂന്നാം തരംഗഭീഷണി നിലനില്‍ക്കേ കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. രാജ്യത്ത് തന്നെ കൊവിഡ് ആശങ്ക ഏറ്റവുമധികം കനക്കുന്നത് നിലവില്‍ കേരളത്തെ ചൊല്ലിയാണ്. 

ഇതിനിടെ കൊവിഡ് ബാധിച്ച കുട്ടികളില്‍ 'മള്‍ട്ടി ഇന്‍ഫ്‌ളമറ്റേറി സിന്‍ഡ്രോം' (മിസ്‌ക്) പിടിപെടുന്നതായും കേരളത്തില്‍ ഇത്തരത്തില്‍ നാല് മരണം സ്ഥിരീകരിക്കപ്പെടുകയും ചെയ്ത വാര്‍ത്തയാണ് പുറത്തുവരുന്നത്. ആരോഗ്യവകുപ്പ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

Latest Videos

undefined

കൊവിഡ് 19 മഹാമാരി തുടങ്ങി ഇപ്പോള്‍ രണ്ട് വര്‍ഷം ആകുന്നു. ഈ ഒന്നരവര്‍ഷത്തിനിടെ മാത്രം മുന്നൂറിലധികം കുട്ടികളെ 'മിസ്‌ക്' ബാധിച്ചതായും ഇതില്‍ 95 ശതമാനം കുട്ടികളും കൊവിഡ് പൊസിറ്റീവ് ആയിരുന്നുവെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു. 

കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ തന്നെ മൂന്നാം തരംഗമുണ്ടായാല്‍ അത് കുട്ടികളെയായിരിക്കും ഏറ്റവുമധികം ബാധിക്കുകയെന്ന ആശങ്ക നിലനില്‍ക്കെയാണ് 'മിസ്‌ക്' എന്ന ഭയം കൂടി ചേരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അനാവശ്യമായ ആശങ്ക വേണ്ടതില്ലെന്നാണ് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുള്‍ഫി നൂഹു പറയുന്നത്. 

 

 

ഈ വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിക്കുകയായിരുന്നു ഡോ. സുല്‍ഫി നൂഹു. മൂന്നാം തരംഗമുണ്ടായാല്‍ അത് കുട്ടികളെയാണ് ഏറ്റവുമധികം ബാധിക്കുകയെങ്കില്‍ കൂട്ടത്തില്‍ കുട്ടികളില്‍ 'മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം'വും കൂടാന്‍ സാധ്യതയുണ്ട്, എന്നാല്‍ അക്കാര്യത്തില്‍ ആശങ്കയൊന്നും തന്നെ വിചാരിക്കേണ്ടതില്ലെന്നാണ് ഡോ. സുല്‍ഫി അറിയിക്കുന്നത്. 

'കൊവിഡ് 19 പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുകയെന്ന് നമുക്കറിയാം. എന്നാല്‍ ശ്വാസകോശത്തിനെ മാത്രമല്ല ഇത് ബാധിക്കുന്നത്. പല അവയവങ്ങളെയും ബാധിക്കുന്നുണ്ട്. ഇത് മുതിര്‍ന്നവരിലും കുട്ടികളിലും സമാനമാണ്. കുട്ടികളിലാകുമ്പോള്‍ അത് മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോത്തിന്റെ രൂപത്തിലാകാം. എന്നാലിത് കുട്ടികള്‍ക്ക് വലിയ ഭീഷണിയാകുമെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. അത്തരത്തിലൊരു തെളിവും തന്നെ നിലവില്‍ നമുക്ക് ലഭ്യമല്ല....

...അതിനാല്‍ ഇതെച്ചൊല്ലി നിലവില്‍ ആശങ്കപ്പെടുന്നതില്‍ കാര്യമില്ല. പൊതുവേ കൊവിഡ് ആയാലും മുതിര്‍ന്നവരെ അപേക്ഷിച്ച് രോഗ തീവ്രത കുട്ടികളില്‍ കുറവായിരിക്കും. കുട്ടികളില്‍ എന്ന് പറയുമ്പോള്‍ 12 മുതല്‍ 18 വരെ പ്രായമുള്ളവരില്‍. കാരണം അവരില്‍ വൈറസ് പെട്ടെന്ന് ഇനാക്ടീവായി പോകുന്നത് കാണാറുണ്ട്. വൈറസിന് നിലനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് ഈ പ്രായക്കാരില്‍ കുറവാണ്...

കുട്ടികള്‍ക്ക് ഇതുവരെ ആയിട്ടും വാക്‌സിന്‍ ലഭ്യമായിത്തുടങ്ങിയിട്ടില്ല. മൂന്നാം തരംഗത്തില്‍ കൊവിഡ് ഏറ്റവുമധികം ബാധിക്കുക കുട്ടികളെയായിരിക്കും എന്ന് പറയുന്നതിന്റെ അടിസ്ഥാനം ഇതാണ്. അങ്ങനെയെങ്കില്‍ കുട്ടികളില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുണ്ട്. ഒരു ലക്ഷം കേസുണ്ടായിരുന്ന സ്ഥാനത്ത് പത്ത് ലക്ഷം കേസുകള്‍ വരുന്നുവെന്ന് കരുതുക. അപ്പോള്‍ മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കേസുകളും അത്രയും വര്‍ധിക്കും. ഇത് ആനുപാതികമായ വര്‍ധനവാണ്...'- ഡോ. സുല്‍ഫി പറയുന്നു. 

 

 

വാക്‌സിനേറ്റഡല്ലാത്തതിനാല്‍ തന്നെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. പരമാവധി രോഗബാധ കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. 

മാസ്‌ക് ധരിക്കുക, ഇടവിട്ട് കൈകള്‍ ശുചിയാക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക എന്നിങ്ങനെ കൊവിഡ് പ്രതിരോധത്തിനായി പൊതുവില്‍ അവലംബിക്കുന്ന കാര്യങ്ങള്‍ തന്നെയേ കുട്ടികളുടെ കാര്യത്തിലും ചെയ്യാനുള്ളൂ. എന്നാലിവ കൃത്യമായി പിന്തുടരാന്‍ കഴിവതും ശ്രമിക്കുക തന്നെ വേണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 Also Read:- കൊവിഡ് 19; 'അടച്ചിട്ട മുറി കൊല്ലും; ജനൽ, വാതിലുകൾ മലർക്കെ തുറന്നിടൂ'; മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്

click me!