Monkeypox Virus : ശുക്ലത്തില്‍ മങ്കിപോക്സ് വൈറസ് സാന്നിധ്യം; ലൈംഗികരോഗമാണെന്ന വാദം കനക്കുന്നു...

By Web Team  |  First Published Jun 8, 2022, 11:58 PM IST

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന വൈറസ് പിന്നീട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുകയാണ് ചെയ്യുന്നത്. യുകെ അടക്കം മങ്കിപോക്സ് കേസുകള്‍ വ്യാപകമായ കമ്മ്യൂണിറ്റികള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ കൂടുതലും സ്വവര്‍ഗരതിക്കാരായ പുരുഷന്മാരാണെന്ന കണ്ടെത്തലോടെയാണ് ഇത് ലൈംഗികരോഗമാകാം എന്ന വാദം ഉയര്‍ന്നുവന്നത്. 


അടുത്തിടെയായി വാര്‍ത്തകളില്‍ ഏറെ നിറഞ്ഞുനില്‍ക്കുകയും ചര്‍ച്ചകളില്‍ ഇടം നേടുകയും ചെയ്തൊരു വിഷയമാണ് മങ്കിപോക്സ് ( Monkeypox Disease ) അഥവാ കുരങ്ങുപനി. 1970കളില്‍ തന്നെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടെത്തപ്പെട്ട മങ്കിപോക്സ് പല ഇടവേളകളിലായി പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ യുകെ മുതല്‍ ഒരു ഡസനിലധികം രാജ്യങ്ങളില്‍ മങ്കിപോക്സ് വ്യാപകമായതോടെയാണ് വീണ്ടും ഇത് ചര്‍ച്ചകളില്‍ സജീവമായത്. 

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന വൈറസ് പിന്നീട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുകയാണ് ചെയ്യുന്നത്. യുകെ അടക്കം മങ്കിപോക്സ് കേസുകള്‍ വ്യാപകമായ കമ്മ്യൂണിറ്റികള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ കൂടുതലും സ്വവര്‍ഗരതിക്കാരായ പുരുഷന്മാരാണെന്ന കണ്ടെത്തലോടെയാണ് ഇത് ലൈംഗികരോഗമാകാം ( Sexually Transmitted Diseases ) എന്ന വാദം ഉയര്‍ന്നുവന്നത്. 

Latest Videos

ഇക്കാര്യത്തില്‍ ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ ലോകാരോഗ്യസംഘടനയും നടത്തിയിരുന്നു. അതായത്, ഇക്കുറി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് ( Monkeypox Disease ) കേസുകളില്‍ വലിയൊരു വിഭാഗവും സ്വവര്‍ഗരതിക്കാരായ പുരുഷന്മാരാണെന്നും അതിനാല്‍ ഇത് ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണെന്ന വാദം ( Sexually Transmitted Diseases )  തള്ളിക്കളയാന്‍ സാധിക്കില്ലെന്നുമായിരുന്നു ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നത്. എന്നാലിത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ നിലവില്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. 

ഇപ്പോഴിതാ ശുക്ലത്തില്‍ മങ്കിപോക്സ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇത് ലൈംഗിക രോഗമാകം എന്ന വാദം കനക്കുകയാണ്. ജൂണ്‍ 2ന് പുറത്തുവന്നൊരു പഠനറിപ്പോര്‍ട്ടാണ് ശുക്ലത്തില്‍ മങ്കിപോക്സ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. യൂറോപ്പില്‍ നിന്നുള്ള 'യൂറോസര്‍വെയ്ലന്‍സ്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

മങ്കിപോക്സ് ബാധയേറ്റവരില്‍ നിന്ന് ശേഖരിച്ച ശുക്ലമാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. ഇവരില്‍ സ്വവര്‍ഗരതിക്കാരായ പുരുഷന്മാരും, എച്ച്ഐവി ബാധിതരും, നേരത്തേ ലൈംഗികരോഗങ്ങള്‍ പിടിപെട്ടവരും ഉള്‍പ്പെട്ടിരുന്നു. 

എന്നാല്‍ ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ മാത്രം മങ്കിപോക്സ് ലൈംഗികരോഗമാണെന്ന് അടിവരയിടാന്‍ സാധിക്കുകയില്ലെന്നാണ് വിദഗ്ധര്‍ പലരും അഭിപ്രായപ്പെടുന്നത്. വൈറസ് പകരുന്നതിലെ ഒരു രീതി മാത്രമാകാം ഇതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗിയുമായുള്ള അടുത്തിടപഴക്കത്തിലൂടെ രോഗം മറ്റൊരാളിലേക്ക് പകരാം. സ്വവര്‍ഗരതിക്കാരായ ചിലരിലാണ് ഇത്തരത്തില്‍ രോഗവബാധ വ്യാപകമായി ഉണ്ടായത് എന്നതുകൊണ്ട് ഇതിനെ ലൈംഗികരോഗമോ, സ്വവര്‍ഗരതിക്കാര്‍ക്ക് ഇടയില്‍ പടരുന്ന രോഗമോ ആയി കണക്കാക്കാന്‍ കഴിയില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 

പനി, തലവേദന, ശരീരമാസകലം ചെറിയ കുമിളകള്‍, ഇതില്‍ ചൊറിച്ചിലും വേദനയും, ജലദോഷം എന്നിവയെല്ലാം മങ്കിപോക്സ് വൈറസ് ബാധയുടെ ലക്ഷണങ്ങളായി വരാം. കുട്ടികള്‍ മുതലങ്ങോട്ട് ഏത് പ്രായക്കാരെ വേണമെങ്കിലും ഇത് ബാധിക്കാം. ഇതുവരെയും ഇന്ത്യയില്‍ ഔദ്യോഗികമായി മങ്കിപോക്സ് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 

Also Read:- മങ്കിപോക്സും സെക്സും തമ്മില്‍ എന്ത് ബന്ധം?

click me!