'മെയ് തുടക്കം തൊട്ടാണ് യുകെയില്‍ മങ്കിപോക്സ് കേസുകള്‍ വന്നുതുടങ്ങിയത്. മാസം പകുതി കഴിയുമ്പോള്‍ കേസുകളുടെ എണ്ണം ഏഴായി ഉയര്‍ന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ പേരിലേക്ക് രോഗമെത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സ്വവര്‍ഗാനുരാഗികള്‍, ബൈസെക്ഷ്വല്‍ ആയവര്‍ എന്നിവരിലാണ് കൂടുതലും രോഗം കണ്ടെത്തിയിരിക്കുന്നത്...'
ഈ അടുത്ത ദിവസങ്ങളിലായി വാര്‍ത്തകളില്‍ ഏറെ ശ്രദ്ധേയമായൊരു വിഷയമാണ് മങ്കിപോക്സ് ( What is monkeypox). മങ്കിപോക്സ് എന്നാണ് അസുഖത്തിന്‍റെ പേരെങ്കിലും കുരങ്ങില്‍ നിന്ന് മാത്രമല്ല, മറ്റ് പല വന്യമൃഗങ്ങളില്‍ ( Wild animals ) നിന്നും ഇതും മനുഷ്യരിലേക്ക് പകരാം. വൈറസാണ് ഇവിടെ രോഗകാരി.
ആഫ്രിക്കയിലെ വനപ്രദേശങ്ങളില്‍ നിന്നാണ് പ്രധാനമായും മങ്കിപോക്സ് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതായി ചരിത്രമുള്ളത്. എഴുപതുകളില്‍ തന്നെ കണ്ടെത്തിയ രോഗം പിന്നീട് കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെ.
ഇപ്പോള്‍ യുകെയില്‍ സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകളില്‍ ആദ്യത്തേത് നൈജീരിയയില്‍ യാത്ര പോയി തിരിച്ചെത്തിയ വ്യക്തിയുടേതാണ്. ഇദ്ദേഹത്തില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗമെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഏഴ് കേസുകളാണ് നിലവില്‍ യുകെയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ചിക്കന്‍പോക്സുമായാണ് മങ്കിപോക്സിന് സാമ്യതകളേറെയുള്ളത്. വൈറസ് ബാധയുണ്ടായി രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പുറത്തുകാണും. പനി, ശരീരമാകെ ചെറിയ കുമിളകള്‍, ക്ഷീണം, വേദന, ചൊറിച്ചില്‍, തലവേദന എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങള്‍. മുഖത്താണ് ആദ്യം കുമിളകള്‍ കാണുക. പിന്നീട് സ്വകാര്യഭാഗങ്ങള്‍ അടക്കം ശരീരത്തില്‍ എല്ലായിടത്തേക്കും ഇത് പകരുകയാണ് ചെയ്യുന്നത്.
ജീവന് വലിയ ഭീഷണി ഉയര്‍ത്തുന്ന രോഗമല്ലെങ്കില്‍ കൂടി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തില്‍ പകരുമെന്നതിനാല്‍ ചിക്കന്‍പോക്സ് പോലെ തന്നെ രോഗികള്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിച്ച് വേണം കഴിയാന്‍. ഇതിനായി പ്രത്യേകമായി മരുന്നുകളും ഇല്ല. രോഗലക്ഷണങ്ങള്‍ സൃഷ്ടിക്കുന്ന വിഷമതകള്‍ക്ക്, അതായത് പനിക്കോ തലവേദനയ്ക്കോ ശരീരവേദനയ്ക്കോ പ്രത്യേകമായി മരുന്നുകള്‍ കഴിക്കാമെന്ന് മാത്രം.
എന്നാല്‍ ചിക്കന്‍പോക്സിനെക്കാളും വേദനയും അസ്വസ്ഥതകളും നിറഞ്ഞതാണ് മങ്കിപോക്സിന്‍റെ അനുഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്തായാലും ഇത് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനുള്ള മുന്നൊരുക്കമാണ് ഇപ്പോള്‍ യുകെയില്‍ ആരോഗ്യവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിനിടെ ലൈംഗികബന്ധങ്ങളില്‍ സൂക്ഷ്മത കാട്ടിയില്ലെങ്കില്‍ രോഗം വ്യാപകമാകാമെന്ന നിര്‍ദേശങ്ങളും വിദഗ്ധരുടെ ഭാഗത്ത് നിന്നുണ്ടായി. അങ്ങനെയെങ്കില്‍ സ്വാഭാവികമായും മങ്കിപോക്സും സെക്സും തമ്മിലുള്ള ബന്ധമെന്തെന്ന് ഏവരിലും സംശയമുണ്ടാകാം.
ശരീരസ്രവങ്ങളിലൂടെ പകരുന്ന അസുഖമായാണ് ഇത് കണക്കാക്കുന്നതെങ്കിലും ഇതിനെക്കാളെല്ലാം ഉപരി ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അസുഖമാണിതെന്നാണ് ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ധര്‍ തന്നെ അറിയിക്കുന്നത്. എന്നാല്‍ ഇതിനെ സ്ഥിരീകരിക്കാനുള്ള പഠനങ്ങള്‍ ഇനിയും വന്നിട്ടില്ല.
നിലവില്‍ യുകെയില്‍ ഇത്ര പേരില്‍ രോഗം കണ്ടെത്തിയത് വച്ച് നടത്തിയ നിരീക്ഷണത്തില്‍ ലൈംഗികബന്ധത്തിലൂടെ രോഗം പകര്‍ന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഈ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലൈംഗികബന്ധങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന നിര്‍ദേശം വന്നിട്ടുള്ളത്.
'മെയ് തുടക്കം തൊട്ടാണ് യുകെയില്‍ മങ്കിപോക്സ് കേസുകള്‍ വന്നുതുടങ്ങിയത്. മാസം പകുതി കഴിയുമ്പോള്‍ കേസുകളുടെ എണ്ണം ഏഴായി ഉയര്‍ന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ പേരിലേക്ക് രോഗമെത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സ്വവര്‍ഗാനുരാഗികള്‍, ബൈസെക്ഷ്വല്‍ ആയവര്‍ എന്നിവരിലാണ് കൂടുതലും രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ മങ്കിപോക്സും ലൈംഗികതയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സൂചനകളാണ് ലഭിച്ചിരിക്കുന്നത്'... ലോകാരോഗ്യസംഘടനയില്‍ നിന്നുള്ള വിദഗ്ധ മരിയ വാന്‍ കെര്‍ഖോവ് പറയുന്നു.
എലി, അണ്ണാന്‍ പോലുള്ള ജീവികളിലൂടെ നേരിട്ടും മനുഷ്യരിലേക്ക് മങ്കിപോക്സ് എത്താം. ഇവയുടെ ശരീരസ്രവങ്ങള്‍ ഏതെങ്കിലും വിധേന മനുഷ്യശരീരത്തിലെത്തുക, രോഗം ബാധിക്കപ്പെട്ട മൃഗങ്ങളെ ഭക്ഷിക്കുക, അവര്‍ കടിക്കുക എന്നിങ്ങനെയുള്ള സാധ്യതകളാണ് രോഗബാധയ്ക്കുള്ളത്.
Also Read:- സെക്‌സും നാം കഴിക്കുന്ന ഭക്ഷണവും തമ്മിലുള്ള ബന്ധം...