കുരങ്ങുപനി കേസുകള്‍ കൂടിവരുന്നു; അറിയാം രോഗലക്ഷണങ്ങള്‍

By Web Team  |  First Published Feb 3, 2024, 6:40 PM IST

കുരങ്ങുപനി വൈറസ് ബാധ മൂലം തന്നെയാണുണ്ടാകുന്നത്. ആദ്യം പക്ഷേ രോഗകാരിയായ വൈറസ് കുരങ്ങുകളിലാണ് കയറിപ്പറ്റുന്നത്. അതിനാലാണ് ഈ രോഗത്തെ കുരങ്ങുപനിയെന്ന് വിളിക്കുന്നത്


കുരങ്ങുപനിയെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കും. കാരണം മുമ്പ് പലപ്പോഴായി രാജ്യത്ത് പലയിടങ്ങളിലും ഓരോ സീസണിലായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ കേരളത്തിന്‍റെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകത്തില്‍ കുരങ്ങുപനി വ്യാപകമാവുകയാണ്. 

നിലവില്‍ 31 രോഗികള്‍ വരെ ആയി എന്നാണ് റിപ്പോര്‍ട്ടുകള്‍ പങ്കുവയ്ക്കുന്ന വിവരം. ഇതില്‍ 12 രോഗികളും ആശുപത്രിയിലാണ് ഉള്ളതത്രേ. ബാക്കി പേര്‍ വീട്ടില്‍ തന്നെയാണ് തുടരുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള രോഗങ്ങളും പകര്‍ച്ചവ്യാധികളും വ്യാപകമാകുന്നതിന്‍റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങള്‍ ഇവിടേക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന വാര്‍ത്തയും ഇന്ന് വന്നിട്ടുള്ളതാണ്. കുരങ്ങുപനി അടക്കം ഏതാനും രോഗങ്ങളെ ഈ രീതിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 

Latest Videos

കുരങ്ങുപനി വൈറസ് ബാധ മൂലം തന്നെയാണുണ്ടാകുന്നത്. ആദ്യം പക്ഷേ രോഗകാരിയായ വൈറസ് കുരങ്ങുകളിലാണ് കയറിപ്പറ്റുന്നത്. അതിനാലാണ് ഈ രോഗത്തെ കുരങ്ങുപനിയെന്ന് വിളിക്കുന്നത്. മനുഷ്യരിലേക്ക് എത്തുന്നത് ചെള്ളിന്‍റെ കടിയിലൂടെയാണത്രേ. കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരിലാണ് രോഗബാധയുണ്ടാകുന്നത്. 

കാരണം ഇവര്‍ക്കാണ് കുരങ്ങുകളില്‍ നിന്നുള്ള വൈറസുകളെയും വഹിച്ചെത്തുന്ന ചെള്ളുകളുടെ കടിയേല്‍ക്കുന്നതിന് സാധ്യതയുള്ളത്. ചെള്ളുകടിയേറ്റ നാല്‍ക്കാലികളുമായുള്ള സമ്പര്‍ക്കവും രോഗബാധയിലേക്ക് നയിക്കാമെന്ന് പറയപ്പെടുന്നുണ്ട്. അതുപോലെ എലികളില്‍ നിന്നും രോഗം പകരാമത്രേ. 

വൈറസ് ശരീരത്തില്‍ കയറിക്കൂടി അഞ്ച് ദിവസമാകുമ്പോള്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാകാൻ തുടങ്ങും. പെട്ടെന്ന് വരുന്ന പനി, കടുത്ത തലവേദന, പേശീവേദന, തളര്‍ച്ച എന്നിവയെല്ലാമാണ് കാണുന്ന ലക്ഷണങ്ങള്‍. ചില രോഗികള്‍ക്ക് കുളിരും വിറയലും ഒപ്പം വെളിച്ചം സഹിക്കാനാകാത്ത ബുദ്ധിമുട്ടും അതുപോലെ ഛര്‍ദ്ദിയും ഓക്കാനവും എല്ലാമുണ്ടാകും. 

രോഗം തീവ്രമായാല്‍ ആന്തരീക രക്തസ്രാവം, നാഡീവ്യവസ്ഥ ബാധിക്കപ്പെടുന്ന അവസ്ഥ, തലച്ചോര്‍ ബാധിക്കപ്പെടുന്ന അവസ്ഥ എല്ലാമുണ്ടാകാം. കുരങ്ങുപനിക്ക് പ്രത്യേകതമായ ചികിത്സയില്ല. അനുബന്ധപ്രയാസങ്ങള്‍ക്കാണ് ചികിത്സയെടുക്കുന്നത്. ഇതിന് ചികിത്സയെടുക്കുന്നത് തന്നെയാണ് നല്ലത്. കാരണം അശ്രദ്ധ സങ്കീര്‍ണതകളിലേക്ക് നയിക്കാം.

Also Read:- ദിവസവും ഏറെ നേരം ട്രാഫിക്കില്‍ കിടക്കുന്നതും യാത്ര ചെയ്യുന്നതും നിങ്ങളിലുണ്ടാക്കുന്ന 'നെഗറ്റീവ്' മാറ്റങ്ങള്‍ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

 

click me!