സ്വന്തം രതിമൂര്‍ച്ഛയോട് അലര്‍ജി; പുരുഷന്മാരിലെ അസാധാരണമായ പ്രശ്നം!

By Web Team  |  First Published Oct 16, 2022, 12:01 AM IST

ശരീരത്തിന് പുറത്ത് നിന്ന് ശരീരത്തിലേക്ക് കടക്കുന്ന സൂക്ഷാണുക്കള്‍ - രോഗകാരികള്‍ എന്നിവയെ സ്വാഭാവികമായി പ്രതിരോധിക്കുന്ന പ്രതിരോധ വ്യവസ്ഥ രക്തത്തിലേക്ക് എത്തുന്ന ബീജങ്ങളെയും പുറമെ നിന്നുള്ള അതിക്രമകാരികളായി മനസിലാക്കുകയാണത്രേ. ഇതോടെ പ്രതിരോധം സംഭവിക്കുന്നു.


ലൈഗികതയുമായി ബന്ധപ്പെട്ട് സ്ത്രീകളും പുരുഷന്മാരും പലവിധത്തിലുള്ള പ്രശ്നങ്ങളും നേരിടാറുണ്ട്. ഇവയില്‍ ശാരീരികമായതും മാനസികമായതുമായ പ്രശ്നങ്ങള്‍ ഉള്‍പ്പെടുന്നു. ചിലതിന് കൗണ്‍സിലിംഗ് അല്ലെങ്കില്‍ തെറാപ്പി പോലുള്ള ചികിത്സാരീതികള്‍ മതിയെങ്കില്‍ മറ്റ് ചിലതിനാണെങ്കില്‍ മരുന്നുകളടക്കമുള്ള ചികിത്സ തന്നെ വേണ്ടിവരാറുണ്ട്. 

എന്തായാലും ലൈംഗികപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടാതെ ഏറെ കാലം വച്ചുകൊണ്ടിരിക്കുന്നത് വ്യക്തിയുടെ ബന്ധങ്ങള്‍, സാമൂഹിജീവിതം, മാനസികാരോഗ്യം എന്നിവയെ എല്ലാം പ്രതികൂലമായി ബാധിക്കും. അതിനാല്‍ തന്നെ ലൈംഗികപ്രശ്നങ്ങള്‍ക്ക് എപ്പോഴും സമയബന്ധിതമായി പരിഹാരം തേടാൻ ശ്രമിക്കുക. 

Latest Videos

ഇപ്പോഴിതാ അല്‍പം വ്യത്യസ്തമായ- പുരുഷന്മാരില്‍ കാണപ്പെടുന്നൊരു ലൈംഗികപ്രശ്നത്തെ കുറിച്ച് വിശദീകരിക്കുകയാണ് മിഷിഗണിലെ 'ഓക്‍ലാൻഡ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. അധികമാരും കേട്ടിരിക്കാൻ സാധ്യതയില്ലാത്തൊരു പ്രശ്നം തന്നെയാണിത്. അതിനാല്‍ വലിയ രീതിയിലുള്ള വാര്‍ത്താപ്രാധാന്യമാണ് ഗവേഷകരുടെ പഠനറിപ്പോര്‍ട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ചില പുരുഷന്മാര്‍ക്ക് അവരുടെ തന്നെ രതിമൂര്‍ച്ഛയോട് അലര്‍ജിയുണ്ടാകാമെന്നതാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. ഇത്തരത്തിലുള്ള അറുപതോളം കേസുകള്‍ ഇവര്‍ പഠിച്ചതായും അതില്‍ ഇരുപത്തിയേഴ് വയസുള്ള യുവാവിന് ഫലപ്രദമായ ചികിത്സ നല്‍കിയതായും ഇവര്‍ പറയുന്നു. 

ഈ യുവാവിന്‍റെ കേസ് തന്നെ ഉദാഹരണമായി എടുക്കാം. പതിനെട്ട് വയസിലാണത്രേ ആദ്യമായി ഇദ്ദേഹം ഇത് മനസിലാക്കിയത്. രതിമൂര്‍ച്ഛയിലേക്ക് നീങ്ങുമ്പോഴേക്ക് തുമ്മല്‍, ചുമ എന്നിവ വരും. രതിമൂര്‍ച്ഛ കഴിയുമ്പോള്‍ തീരെ അവശനിലയിലാകും. തുമ്മലിനും ചുമയ്ക്കും ഒപ്പം മൂക്കൊലിപ്പും വരും. ഒപ്പം തന്നെ മുഖത്തെയും കഴുത്തിലെയും ലിംഫ് നോഡുകള്‍ അലര്‍ജിയിലെന്ന പോലെ വീങ്ങി വീര്‍ത്തുവരും. 

ഈ പ്രശ്നങ്ങള്‍ മൂലം പിന്നീട് യുവാവ് ലൈംഗികതയില്‍ നിന്ന് തന്നെ പാടെ വിട്ടുനില്‍ക്കുന്ന അവസ്ഥയുണ്ടായത്രേ. ഇദ്ദേഹത്തിന് ഇരുപത്തിയേഴാം വയസില്‍ ഫലപ്രദമായ ചികിത്സ നല്‍കി 90 ശതമാനത്തോളം പ്രശ്നം പരിഹരിച്ചുവെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. അതിനാല്‍ തന്നെ ഈ പ്രശ്നത്തിന് പരിഹാരമില്ലെന്ന നിരാശ വേണ്ടെന്നും ഇവര്‍ പറയുന്നു. 

വൃഷണം അഥവാ പുംബീജഗ്രന്ഥിയിലുണ്ടാകുന്ന പരുക്ക്- അണുബാധ എന്നിവയെ തുടര്‍ന്നാകാം ഇത്തരം അലര്‍ജി പിടിപെടുന്നതെന്നാണ് ഗവേഷകരുടെ അനുമാനം. ഇതോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴോ സ്വയംഭോഗം ചെയ്യുമ്പോഴോ എല്ലാം ബീജം രക്തത്തിലേക്ക് കൂടി കടക്കുമത്രേ. ഇതോടെ രോപ്രതിരോധവ്യവസ്ഥ പ്രവര്‍ത്തനസജ്ജമാകുന്നു. 

ശരീരത്തിന് പുറത്ത് നിന്ന് ശരീരത്തിലേക്ക് കടക്കുന്ന സൂക്ഷാണുക്കള്‍ - രോഗകാരികള്‍ എന്നിവയെ സ്വാഭാവികമായി പ്രതിരോധിക്കുന്ന പ്രതിരോധ വ്യവസ്ഥ രക്തത്തിലേക്ക് എത്തുന്ന ബീജങ്ങളെയും പുറമെ നിന്നുള്ള അതിക്രമകാരികളായി മനസിലാക്കുകയാണത്രേ. ഇതോടെ പ്രതിരോധം സംഭവിക്കുന്നു. ഇതിന്‍റെ ഭാഗമായാണ് ചുമയോ തുമ്മലോ അടക്കമുള്ള അലര്‍ജിക് റിയാക്ഷനുണ്ടാകുന്നതെന്ന് ഇവര്‍ വിശദീകരിക്കുന്നു. 

ചിലരില്‍ ഇത് മണിക്കൂറുകളേ തുടരൂവെങ്കില്‍ മറ്റ് ചിലരില്‍ ദിവസങ്ങളോളമോ ഒരാഴ്ചയോ വരെ നീണ്ടുനില്‍ക്കാമത്രേ. ക്രമേണ സെക്സിനോട് ഇവര്‍ക്ക് വിരക്തിയുമുണ്ടാകാം.

തങ്ങള്‍ കണ്ടെത്തിയ കേസുകള്‍ കുറവാണെന്നും എന്നാല്‍ സമൂഹത്തില്‍ നിരവധി പുരുഷന്മാര്‍ ഈ പ്രശ്നവുമായി നിശബ്ദം മുന്നോട്ടുപോകുന്നുണ്ടാകാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 'യൂറോളജി കേസ് റിപ്പോര്‍ട്ട്സ്' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തില്‍ പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുണ്ട്.

Also Read:-  പുരുഷന്മാരെ ബാധിക്കുന്ന ലൈംഗികപ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും

tags
click me!