Men's Health : നാല്‍പത് കടന്ന പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ചില അസുഖങ്ങള്‍

By Web Team  |  First Published Jun 19, 2022, 3:11 PM IST

പ്രധാനമായും സ്ത്രീകളെക്കാള്‍ മാനസികസമ്മര്‍ദ്ദം ആരോഗ്യത്തെ ബാധിക്കുന്നത് പുരുഷന്മാരിലാണെന്നതാണ് ഇതിനുള്ള ഒരു കാരണം. അതുപോലെ പുകവലി- മദ്യപാനം- ലഹിവസ്തുക്കളുടെ ഉപയോഗം എന്നിവ മൂലവും പുരുഷന്മാരില്‍ അസുഖങ്ങള്‍ കൂടുതലായി കാണാം. 


പ്രായം കൂടുംതോറും നമ്മുടെ ആരോഗ്യവും ക്ഷയിച്ചുവരും. ഇത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണാവുന്ന സ്വാഭാവികമായ മാറ്റമാണ്. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ആരോഗ്യം സംബന്ധിച്ച ചില വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ട്.

പ്രധാനമായും സ്ത്രീകളെക്കാള്‍ മാനസികസമ്മര്‍ദ്ദം ആരോഗ്യത്തെ ബാധിക്കുന്നത് പുരുഷന്മാരിലാണെന്നതാണ് ഇതിനുള്ള ഒരു കാരണം. അതുപോലെ പുകവലി- മദ്യപാനം- ലഹിവസ്തുക്കളുടെ ഉപയോഗം എന്നിവ മൂലവും പുരുഷന്മാരില്‍ അസുഖങ്ങള്‍ കൂടുതലായി കാണാം. സ്ത്രീകളെ അപേക്ഷിച്ച് ആരോഗ്യപ്രശ്നങ്ങള്‍ മനസിലാക്കുകയോ ആവശ്യമായ വിദഗ്ധ നിര്‍ദേശങ്ങളോ ചികിത്സയോ തേടുന്ന പുരുഷന്മാരുടെ എണ്ണം കുറവാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. 

Latest Videos

നാല്‍പത് കടന്നുകഴിഞ്ഞാല്‍ ഇക്കാര്യങ്ങളില്‍ നിര്‍ബന്ധമായും പുരുഷന്മാര്‍ ജാഗ്രത പാലിക്കണം. നാല്‍പത് കഴിയുമ്പോള്‍ പുരുഷന്മാരില്‍ പേശീബലം കുറഞ്ഞുവരുന്നു. ഇതും കാര്യമായ ശ്രദ്ധ നല്‍കേണ്ട ഭാഗം തന്നെയാണ്. എന്തായാലും ഇത്തരത്തില്‍ നാല്‍പത് കഴിഞ്ഞ പുരുഷന്മാരില്‍ സാധ്യത കൂടുതലുള്ള ചില അസുഖങ്ങളാണിനി പ്രതിപാദിക്കുന്നത്. 

- പ്രമേഹം
- ഹൈപ്പര്‍ടെന്‍ഷന്‍
-ഹൃദ്രോഗങ്ങള്‍ പ്രത്യേകിച്ച് ഹൃദയാഘാതം
- വിഷാദരോഗം
-പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങള്‍
- ചിലയിനം അര്‍ബുദങ്ങള്‍
- ഉറക്കപ്രശ്നങ്ങള്‍
- കൊളസ്ട്രോള്‍
- ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍

ലോകത്താകെയും തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മൂലമാണ് ഏറ്റവുമധികം രോഗികള്‍ മരണത്തിന് കീഴടങ്ങുന്നത്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. മുപ്പത് മുതല്‍ അമ്പത് വയസ് വരെയുള്ളവരാണ് ഏറെയും ഇത്തരത്തില്‍ ബാധിക്കപ്പെടുന്നതെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സമയത്തിന് കണ്ടെത്തി, ചികിത്സ തേടുകയെന്നതാണ് ഇതിന് തടയിടാനുള്ള ഏക മാര്‍ഗം. 

പ്രമേഹരോഗികളുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുക തന്നെയാണ്. ജീവിതശൈലി മെച്ചപ്പെടുത്തുന്നതിലൂടെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ പ്രമേഹത്തെ പ്രതിരോധിക്കാൻ സാധിക്കും. ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക രോഗം, കാഴ്ചക്കുറവ് എന്നിങ്ങനെ പല അനുബന്ധ സങ്കീര്‍ണതകളും പ്രമേഹത്തിനുണ്ട്. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം- കൊളസ്ട്രോള്‍ എന്നിവയുടെ കാര്യവും സമാനം തന്നെ. ജീവിതശൈലി മോശമായി വരുന്നതിന് അനുസരിച്ച് ഇത് ബാധിക്കപ്പെടുന്നവരുടെ എണ്ണവും ഇന്ന് കൂടിവരുന്നു. അമിതവണ്ണമുള്ളവരില്‍ മാത്രമാണ് ബിപിയും കൊളസ്ട്രോളും കാണുന്നതെന്ന ചിന്തയും വ്യാപകമാണ്. ഇതെല്ലാം തെറ്റായ ധാരണകളാണ്. അതുകൊണ്ട് തന്നെ ഇത്തരം രോഗങ്ങളെ ജീവിതശൈലിയിലൂടെ ശക്തമായി പ്രതിരോധിക്കുക തന്നെ വേണം. 

നാല്‍പത് കടന്ന പുരുഷന്മാരില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൂടുതലായി കാണാം. ഉദ്ധാരണക്കുറവ്, ലൈംഗികതാല്‍പര്യം കുറയുക എന്നിവയാണ് അധികവും കാണുന്ന പ്രശ്നങ്ങള്‍. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മദ്യപാനം, പുകവലി, മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ പോലുള്ള കാര്യങ്ങളാണ് പ്രധാനമായും ലൈംഗിതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് പുരുഷന്മാരെ എത്തിക്കുന്നത്. ആരോഗ്യകരമായ ഡയറ്റ്, ഉറക്കം, വ്യായാമം മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകലം പാലിക്കല്‍ എന്നിവ ഇത്തരം രോഗങ്ങളെയെല്ലാം ഒരുപോലെ ചെറുക്കുന്നു. ഒപ്പം നാല്‍പതുകളിലും യൗവനം കാത്തുസൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

Also Read:- ശുക്ലത്തില്‍ രക്തം?; പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍

click me!