ഭാര്യയുടെ വേദനയും നിസ്സഹായാവസ്ഥയും കണ്ടു നിൽക്കാനുള്ള കെല്പില്ലാതിരുന്നതുകൊണ്ട്,അതിൽ നിന്നൊക്കെയുള്ള മുക്തി എന്ന നിലക്ക് താൻ അവളെ മരണത്തിലേക്ക് കൈപിടിച്ചാനയിച്ചത് എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്.
ഷെറിത്ത് വാൻ ഡെർ പ്ലോയിഗ് എന്ന അറുപതുകാരി ഫൈനൽ സ്റ്റേജ് ശ്വാസകോശാർബുദരോഗിയായിരുന്നു. ഏറ്റവും ഒടുവിലത്തെ കൺസൾട്ടേഷനിൽ അവരോട് ഡോക്ടർ പറഞ്ഞത്, അവർക്കു മുന്നിൽ ഇനി കാഴ്ചകളുടെ ജീവിതമേ ബാക്കിയുള്ളൂ എന്നായിരുന്നു. അതിനു ശേഷം നോർഫോക്കിലെ കോസ്റ്റെസി ഹൈ ഫീൽഡ്സ് എൻഡ് ഓഫ് ലൈഫ് കെയർ സെന്ററിൽ ആയിരുന്നു അവർ കഴിഞ്ഞുപോന്നത്. അസഹ്യമായ വേദന തിന്നു കഴിഞ്ഞുകൊണ്ടിരുന്ന ആ അന്ത്യ ദിനങ്ങളിലൊന്നിൽ ഷെറിത്തിന് പ്രതീക്ഷിച്ചിരിക്കാതെ ഒരു അതിഥി വന്നു. മുപ്പത്തൊമ്പതു വർഷക്കാലം അവരുടെ ഭർത്താവായിരുന്ന, അവരുടെ നാലുമക്കളുടെ അച്ഛനായ കൊർണേലിയസ് വാൻ ഡെർ പ്ലോയിഗ് എന്ന അറുപത്തിനാലുകാരനായിരുന്നു അത്.
ജീവിതത്തിന്റെ അവസാനകാലത്ത് തമ്മിൽ വിവാഹമോചനം നേടി ആ ദമ്പതികൾ വേർപെട്ട് കഴിയുന്നതിനിടെയാണ് ഷെറിത്തിന് 2019 -ൽ കാൻസർ വരുന്നത്. റേഡിയേഷനും കീമോ തെറാപ്പിയും ഒക്കെ കഴിഞ്ഞെങ്കിലും അവരുടെ രോഗം ഭേദപ്പെട്ടില്ല. "കുടുംബക്കാർക്ക് ഭാരമാകാൻ വയ്യ..." എന്ന് ഷെറിത്ത് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു അന്നൊക്കെ. തന്റെ ഭാര്യക്ക് രോഗമാണ് എന്നറിഞ്ഞ ഉടൻ തന്നെ അവരെ സന്ദർശിച്ച് വേണ്ട സാമ്പത്തിക സഹായമൊക്കെ നൽകി മടങ്ങിയ കൊർണേലിയസ് അവർക്ക് ഇനി ദിവസങ്ങളേയുള്ളൂ എന്ന വിവരമറിഞ്ഞ്, ആശുപത്രിയിലെ ഡോക്ടർമാരോട് പ്രത്യേക അനുമതിയൊക്കെ വാങ്ങിയാണ് അവസാനമായി തന്റെ മുൻ ഭാര്യയെ ഒന്ന് കണ്ടു യാത്രപറയാനെത്തിയത്.
അയാൾ എത്തിയപ്പോൾ അവരുടെ രണ്ടു മക്കൾ അവരുടെ അമ്മയ്‌ക്കൊപ്പം അവരെ പരിചരിച്ചു കൊണ്ട് ആശുപത്രിയിൽ ഉണ്ടായിരുന്നു. തന്റെ മക്കളോട് അച്ഛനായ കൊർണേലിയസ് അമ്മയുമൊത്ത് തനിക്ക് അരമണിക്കൂർ സമയം തനിച്ച് തരണം എന്ന് ആവശ്യപ്പെട്ടു. അതുകേട്ടപ്പോൾ മക്കൾ പുറത്തിറങ്ങിപ്പോയി. പിന്നീട് അല്പനേരത്തിനുള്ളിൽ പുറത്തിറങ്ങി വന്ന അയാൾ, "ഞാൻ അവളെ ശ്വാസം മുട്ടിച്ച് കൊന്നു" എന്ന് മക്കളോട് പറയുകയായിരുന്നു. ഭാര്യയുടെ വേദനയും നിസ്സഹായാവസ്ഥയും കണ്ടു നിൽക്കാനുള്ള കെല്പില്ലാതിരുന്നതുകൊണ്ട്,അതിൽ നിന്നൊക്കെയുള്ള മുക്തി എന്ന നിലക്ക് താൻ അവളെ മരണത്തിലേക്ക് കൈപിടിച്ചാനയിച്ചത് എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്.
അച്ഛൻ പ്രവർത്തിച്ചത് തങ്ങളുടെ അമ്മയോടുള്ള വെറുപ്പിന്റെ പുറത്തല്ല, സ്നേഹം കൊണ്ടാണ് എന്ന് മക്കൾ കരുതുന്നുണ്ട് എങ്കിലും, അങ്ങനെ ഒരു തീരുമാനം എടുക്കാനും അത് നടപ്പിലാക്കാനും അച്ഛന് യാതൊരു അവകാശവും ഇല്ലായിരുന്നു എന്നും, തങ്ങൾക്ക് അമ്മയുടെ അവസാന കാലത്ത് അവരെ പരിചരിച്ച് കൂടെ ചെലവിടാനുള്ള അവസരമാണ്, ആ അന്ത്യദിനങ്ങളാണ് അച്ഛന്റെ പ്രവൃത്തി കാരണം ഇല്ലാതായത് എന്ന് മക്കൾ പറയുന്നു. എന്തായാലും, രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം കൊർണേലിയസിന്റെ പ്രവൃത്തി കൊലപാതകം എന്ന വകുപ്പിലാണ് പെടുത്തുക. കൊലപാതകം ചുമത്തിത്തന്നെ അയാൾ വിചാരണ ചെയ്യപ്പെട്ടു, വിചാരണക്ക് ശേഷം ഒടുവിൽ കഴിഞ്ഞ ദിവസം ജീവപര്യന്തം തടവുശിക്ഷക്ക് അയാൾ വിധിക്കപ്പെടുകയും ചെയ്തിരിക്കുന്നു.