ക്രിക്കറ്റ് കളിക്കിടെ ഹാര്‍ട്ട് അറ്റാക്ക്; യുവാവ് മരിച്ചതിന് പിന്നാലെ ചര്‍ച്ചകള്‍ സജീവം....

By Web Team  |  First Published Jan 10, 2024, 12:03 PM IST

കായികവിനോദങ്ങളില്‍ സജീവമായി നില്‍ക്കുന്ന ആളുകള്‍ക്ക് ആരോഗ്യം കൂടുതലായിരിക്കുമെന്നതിനാല്‍ അസുഖങ്ങളും കുറവായിരിക്കുമെന്നാണ് ഏവരും ചിന്തിക്കുക. പിന്നെയും എന്താണ് ഇവരെ ഹൃദയാഘാതം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ കടന്നുപിടിക്കുന്നത്


ഹൃദയാഘാതം കൂടുതല്‍ യുവാക്കളെ കടന്നുപിടിക്കുന്നൊരു സാഹചര്യമാണ് ഇന്ന് നാം കാണുന്നത്. തീര്‍ച്ചയായും ഇത് ആശങ്കപ്പെടുത്തുന്നൊരു അവസ്ഥയാണ്. പ്രത്യേകിച്ച് ഈ അടുത്ത വര്‍ഷങ്ങളിലാണ് രാജ്യത്ത് ഇതൊരു പതിവ് വാര്‍ത്തയായി വരുന്നത്. 

യുവാക്കളെ ബാധിക്കുന്നു എന്ന് മാത്രമല്ല, കായികമായി സജീവമായി നില്‍ക്കുന്നവരെയും ബാധിക്കുന്നു എന്നതും ആശങ്ക വര്‍ധിപ്പിക്കുന്ന കാര്യമാണ്. ജിമ്മില്‍ വര്‍ക്കൗട്ടിനിടെ ഹൃദയാഘാതം സംഭവിക്കുന്നതോ, കായികവിനോദങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുന്നതോ ആയിട്ടുള്ള വാര്‍ത്തകളും അടുത്ത കാലത്തായി ഏറെ വന്നു. 

Latest Videos

ഇപ്പോഴിതാ ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം സംഭവിച്ച് പിച്ചില്‍ കുഴഞ്ഞുവീണ് മരിച്ച യുവാവിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. ഇതിന്‍റെ വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണിപ്പോള്‍. ഇതോടെ വീണ്ടും കായികവിനോദങ്ങള്‍ക്കിടെ സംഭവിക്കുന്ന ഹൃദയാഘാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. 

മുപ്പത്തിയാറുകാരനായ എഞ്ചിനീയറാണ് ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണത്. നോയിഡയിലാണ് സംഭവം. ഇതിന്‍റെ വീഡിയോയില്‍ വളരെ വ്യക്തമായി യുവാവ് കുഴഞ്ഞുവീഴുന്നതും മറ്റുള്ളവര്‍ ഓടിയെത്തുന്നതും എല്ലാം കാണാം. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. 

വീഡിയോ...

 

Death due to heart attack in Noida: One run took the life of a batsman Vikas Negi (36)
- Engineer fell on the pitch while playing cricket.pic.twitter.com/QptWuFFV2w

— زماں (@Delhiite_)

 

ഇദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളതായി അറിവില്ലെന്നാണ് ഇദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍ കൊവിഡ് 19 ബാധിച്ചിരുന്നു. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നു എന്നതിനാല്‍ കായികവിനോദങ്ങളിലും തല്‍പരനായിരുന്നു. 

സാധാരണഗതിയില്‍ വ്യായാമം ചെയ്യുന്ന, അല്ലെങ്കില്‍ കായികവിനോദങ്ങളില്‍ സജീവമായി നില്‍ക്കുന്ന ആളുകള്‍ക്ക് ആരോഗ്യം കൂടുതലായിരിക്കുമെന്നതിനാല്‍ അസുഖങ്ങളും കുറവായിരിക്കുമെന്നാണ് ഏവരും ചിന്തിക്കുക. പിന്നെയും എന്താണ് ഇവരെ ഹൃദയാഘാതം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ കടന്നുപിടിക്കുന്നത് എന്നാണ് ഏവരിലുമുണ്ടാകുന്ന സംശയം. 

കായികാധ്വാനമുള്ളവര്‍ക്ക് തീര്‍ച്ചയായും ആരോഗ്യമുണ്ടായിരിക്കും. അതിന്‍റെ ഗുണങ്ങള്‍ അവര്‍ക്ക് ആരോഗ്യപരമായി ലഭിക്കുന്നുമുണ്ടാകും. എന്നാല്‍ ഹൃദ്രോഗം പോലുള്ള പ്രശ്നങ്ങള്‍ എത്ര ആരോഗ്യമുള്ളവരെയും പിടികൂടാം. അതുപോലെ തന്നെ ബിപി പോലുള്ള ജീവിതശൈലീരോഗങ്ങളും. 

പ്രത്യേകിച്ച് പാരമ്പര്യഘടകങ്ങള്‍ കാരണമായി വരികയാണെങ്കില്‍ ഒരു വ്യക്തി എത്ര ആരോഗ്യകരമായ ജീവിതം നയിച്ചിട്ടും കാര്യമില്ല, രോഗങ്ങള്‍ വരാം. ചിലര്‍ക്ക് ജന്മനാ തന്നെ ചില അസുഖങ്ങള്‍ക്കോ ആരോഗ്യപ്രശ്നങ്ങള്‍ക്കോ ഉള്ള സാധ്യത ഉണ്ടായിരിക്കും. 

എന്തായാലും കായികവിനോദങ്ങള്‍ക്കോ വ്യായാമത്തിനോ ഇടയില്‍ ഹൃദയാഘാതം സംഭവിക്കുന്നത് അധികവും നേരത്തെ ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരിലാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ കായികവിനോദങ്ങളിലോ വര്‍ക്കൗട്ടിലോ സജീവമായി തുടരുന്നവര്‍ ഇതോര്‍ത്ത് ആശങ്കപ്പെടുന്നതില്‍ അര്‍ത്ഥമില്ല. 

ഹൃദയസംബന്ധമായ അസുഖങ്ങള്‍ പലതും നമുക്ക് തിരിച്ചറിയാൻ സാധിക്കില്ല. കാര്യമായ ലക്ഷണങ്ങളും രോഗിയില്‍ പ്രകടമാകണമെന്നില്ല. അതിനാല്‍ തന്നെ രോഗി സാധാരണഗതിയില്‍ മറ്റുള്ളവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യും. പക്ഷേ ഇവരില്‍ എപ്പോള്‍ വേണമെങ്കിലും രോഗം വില്ലനായി അവതരിച്ചുവരാം. ഇതുതന്നെയാണ് 'സഡൻ ഹാര്‍ട്ട് അറ്റാക്ക്' അഥവാ പെട്ടെന്നുള്ള ഹൃദയാഘാതത്തിലെല്ലാം സംഭവിക്കുന്നത്. 

മറ്റൊരു കാരണം, നാം അമിതമായി വര്‍ക്കൗട്ടോ കായികാധ്വാനമോ ചെയ്യുമ്പോള്‍ ബിപി (രക്തസമ്മര്‍ദ്ദം) വല്ലാതെ ഉയരുന്നത് മൂലമുണ്ടാകുന്ന ഹൃദയാഘാതമാണ്. ഇക്കാരണം കൊണ്ടാണ് കഠിനമായ വര്‍ക്കൗട്ടിലേക്ക് കടക്കുംമുമ്പ് ഡോക്ടറുമായോ വിദഗ്ധരായ പരിശീലകരുമായോ സംസാരിച്ച് നിര്‍ദേശങ്ങള്‍ തേടണം എന്ന് നിര്‍ബന്ധിക്കുന്നത്. 

ആരോഗ്യകരമായ ജീവിതം തുടരുന്നതിനൊപ്പം തന്നെ കുറഞ്ഞത് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തുന്നത് ഏറെ നല്ലതാണ്. മറഞ്ഞിരിക്കുന്ന ഹൃദ്രോഗങ്ങളാണ് വലിയ ഭീഷണിയായി വരുന്നത്. അതിനാല്‍ ഇവയെ നേരത്തെ തിരിച്ചറിയുകയെന്നതാണ് മികച്ച പ്രതിരോധം.

Also Read:- ഫിറ്റ്നസിന് വേണ്ടി ഏതറ്റം വരെയും പോകല്ലേ; പുരുഷന്മാര്‍ അറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!