എബിഎസ് ഒരു ജനിതക രോഗമല്ലെന്നും ശാരീരിക അവസ്ഥയാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം, രക്തത്തിൽ ആൽക്കഹോൾ ഉണ്ടാകുമെങ്കിലും പൂസാകില്ലെന്നും വിദഗ്ധർ പറഞ്ഞു.
ശരീരത്തിൽ മദ്യം സ്വയം ഉൽപാദിപ്പിക്കപ്പെടുന്ന അപൂർവ രോഗം ബാധിച്ച് യുവാവ്. മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായതോടെയാണ് സംഭവം പുറത്തറിയുന്നത്. മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുവാവിനെ ബെൽജിയം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. താൻ മദ്യപിച്ചിട്ടില്ലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. രക്തപരിശോധനയിൽ ആൾക്കഹോളിന്റെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയതോടെ കേസായി. കോടതിയിലെത്തിയപ്പോഴും യുവാവ് പറഞ്ഞതിൽ ഉറച്ചുനിന്നു. താൻ ഒരുതുള്ളിപോലും മദ്യപിച്ചിട്ടില്ലെന്ന് യുവാവ് ആണയിട്ടു.
തുടർന്ന് വീണ്ടും പരിശോധക്ക് വിധേയമാക്കിയപ്പോഴും യുവാവിന്റെ രക്തത്തിൽ ആൽക്കഹോൾ. മൂന്ന് ഡോക്ടർമാർ മാറിമാറി പരിശോധിച്ചപ്പോഴും മദ്യപിക്കാത്ത യുവാവിന്റെ രക്തത്തിൽ ആൽക്കഹോൾ. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് ശരീരത്തിൽ സ്വയം ആൽക്കഹോൾ ഉൽപാദിപ്പിക്കുന്ന ഓട്ടോ ബ്രൂവറി സിൻഡ്രോം (എബിഎസ്) രോഗമാണെന്ന് കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ യുവാവിനെ കോടതി വെറുതെ വിട്ടു.
എബിഎസ് ഒരു ജനിതക രോഗമല്ലെന്നും ശാരീരിക അവസ്ഥയാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം, രക്തത്തിൽ ആൽക്കഹോൾ ഉണ്ടാകുമെങ്കിലും പൂസാകില്ലെന്നും വിദഗ്ധർ പറഞ്ഞു. ഓട്ടോ-ബ്രൂവറി സിൻഡ്രോം, ഗട്ട് ഫെർമെൻ്റേഷൻ എന്നും അറിയപ്പെടും. 1952-ൽ ജപ്പാനിലാണ് ഈ അവസ്ഥ ആദ്യമായി റിപ്പോർട്ട് ചെയ്തത്. 1990-ൽ മാത്രമാണ് ഇത് രോഗമായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. കുടലിലെ ചില ഫംഗസിൻ്റെ അമിത വളർച്ച കാർബോഹൈഡ്രേറ്റുകളെ മദ്യമാക്കി മാറ്റുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.