Male Fertility : ഉറക്കമില്ലായ്മയും സ്ട്രെസും മറ്റ് ചില ശീലങ്ങളും; മുപ്പതുകളിലുള്ള പുരുഷന്മാര്‍ ശ്രദ്ധിക്കുക

By Web Team  |  First Published Jun 11, 2022, 2:48 PM IST

പ്രധാനമായും ലൈംഗികജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഈ അശ്രദ്ധകള്‍ മൂലം സംഭവിക്കുന്നത്. നാല്‍പതിലേക്ക് നീങ്ങുന്ന പുരുഷന്മാരില്‍ പ്രത്യുത്പാദനക്ഷമത കുറയാന്‍ തുടങ്ങും. ഇത് ലൈംഗികതയെയും ബാധിച്ചേക്കാം. 


ഇരുപതുകളുടെ അവസാനം മുതല്‍ മുപ്പതുകളിലൂടെ കടന്നുപോകുന്നത് വരെയുള്ള പുരുഷന്മാര്‍ ആരോഗ്യകാര്യങ്ങളില്‍ ( Mens Health ) നിര്‍ബന്ധമായും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഈ പ്രായത്തിലുള്ളവരാണ് ജീവിതശൈലിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അശ്രദ്ധകള്‍ ( Lifestyle Mistakes ) വരുത്തുന്നത്. ഇന്ന് വളരെ നിസാരമായി തോന്നിയേക്കാവുന്ന അശ്രദ്ധ ഒരുപക്ഷേ നാളെ വലിയ സങ്കീര്‍ണതകളിലേക്ക് നിങ്ങളെ നയിക്കാം. 

പ്രധാനമായും ലൈംഗികജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഈ അശ്രദ്ധകള്‍ മൂലം സംഭവിക്കുന്നത്. നാല്‍പതിലേക്ക് നീങ്ങുന്ന പുരുഷന്മാരില്‍ പ്രത്യുത്പാദനക്ഷമത കുറയാന്‍ തുടങ്ങും ( Male Fertility ) . ഇത് ലൈംഗികതയെയും ബാധിച്ചേക്കാം. വന്ധ്യതയുടെ കാര്യമെടുത്താല്‍ അത് വലിയ രീതിയിലാണ് ഇന്ന് പുരുഷന്മാരെ പ്രതിസന്ധിയിലാക്കുന്നത്. 

Latest Videos

'കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ കണക്കെടുത്താല്‍ പുരുഷന്മാരില്‍ ബീജോത്പാദനം കാര്യമായും കുറഞ്ഞുവരുന്നതായി കാണാം. എട്ട് ദമ്പതിമാരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ വന്ധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതില്‍ നാല്‍പത് ശതമാനത്തോളം പുരുഷന്മാരുടെ മാത്രം പ്രശ്നങ്ങള്‍ മൂലമാണ് വന്നിട്ടുള്ളത്. ഭക്ഷണത്തിലെ പ്രശ്നങ്ങള്‍, വ്യായാമമില്ലായ്മ, അമിതവണ്ണം, ഉറക്കമില്ലായ്മ, സ്ട്രെസ്, ലാപ്ടോപ്- മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നുള്ള റേഡിയേഷന്‍, പാരിസ്ഥിതികവും തൊഴില്‍ സംബന്ധവുമായി വരുന്ന സമ്മര്‍ദ്ദങ്ങള്‍, പുകവലി-മദ്യപാനം- ലഹരിവസ്തുക്കളുടെ ഉപയോഗം പോലുള്ള ശീലങ്ങള്‍ എല്ലാം വലിയ അളവില്‍ ഇതിന് കാരണമാകുന്നു...'- പ്രമുഖ വന്ധ്യതാ വിദഗ്ധനായ ഡോ. ഗുഞ്ജന്‍ സബര്‍വാള്‍ പറയുന്നു.

ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട, അല്ലെങ്കില്‍ മാറ്റം വരുത്തേണ്ട ചില ശീലങ്ങള്‍ ( Lifestyle Mistakes ) കൂടി അറിയൂ...

ഒന്ന്...

വ്യായാമമോ കായികമായ അധ്വാനമോ ചെയ്യാതെയുള്ള ജീവിതം ആരോഗ്യത്തിന് ഒട്ടും നല്ലതല്ല ( Mens Health ). ഇത് ലൈംഗികജീവിതത്തെയും പ്രതികൂലമായി ബാധിക്കാം. വന്ധ്യതയിലേക്കുള്ള സാധ്യതയും ഇത് കൂട്ടുന്നു. നിരവധി പഠനങ്ങള്‍ ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്. മുപ്പത് മിനുറ്റ് വര്‍ക്കൗട്ട്- ആഴ്ചയില്‍ അഞ്ച് ദിവസം എന്ന നിലയിലെങ്കിലും വര്‍ക്കൗട്ട്/ വ്യായാമം ചെയ്യുക.

രണ്ട്...

ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ സ്റ്റിറോയ്ഡുകളോ ഉപയോഗിക്കും മുമ്പ് ഡോക്ടര്‍മാരുടെ നിര്‍ദേശം തേടുക. കാരണം ഇത്തരത്തില്‍ മരുന്നുകളും സ്റ്റിറോയ്ഡുകളും ഉപയോഗിക്കുന്നത് വലിയ രീതിയില്‍ പുരുഷന്മാര്‍ക്കിടയില്‍ വന്ധ്യതയ്ക്ക് കാരണമായി വരുന്നുണ്ട്. 

മൂന്ന്...

ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്ന ചെറുപ്പക്കാര്‍ ഇന്നും കുറവാണ്. ഡയറ്റിന് വലിയ പ്രാധാന്യമുണ്ട്. അനാവശ്യമായി അനാരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ക്രമേണ ആരോഗ്യത്തെ മോശമായി ബാധിക്കാം. വന്ധ്യതയിലേക്കും ( Male Fertility ) ഇത് നയിക്കാം. 

നാല്...

ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ നേരിടുന്നൊരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. ഇത് പല അസുഖങ്ങളിലേക്കും ഭാവിയില്‍ നയിച്ചേക്കാം. വന്ധ്യതയ്ക്കും ഇത്തരത്തില്‍ അമിതവണ്ണം കാരണമാകാം. 

അഞ്ച്...

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിലൂടെ പകരുന്ന ലൈംഗികരോഗങ്ങളും വന്ധ്യതയിലേക്ക് നയിക്കാം. ഇതിനുള്ള സാധ്യതകളും ഏറെയും പുരുഷന്മാരിലാണുള്ളത്. 

പുകവലി- മദ്യപാനം- ലഹരിവസ്തുക്കളുടെ ഉപയോഗം, അമിതമായി ലാപ്ടോപ്- ഫോണ്‍ എന്നിവ ഉപയോഗിക്കുന്നത് എല്ലാം ചെറുപ്പക്കാരില്‍ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട തകരാറുകള്‍ വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഈ ശീലങ്ങളിലെല്ലാം കാര്യമായ മാറ്റം വരുത്തുന്നത് നല്ലതാണ്. 

മാനസിക സമ്മര്‍ദ്ദങ്ങളെ നല്ലരീതിയില്‍ കൈകാര്യം ചെയ്ത്, നല്ല ഭക്ഷണം കഴിച്ച്, വ്യായാമം ചെയ്ത്, നല്ല ഉറക്കം ലഭിച്ച് സന്തോഷത്തോടെ തുടരാന്‍ ശ്രമിക്കുന്നത് ആരോഗ്യകരമായ ലൈംഗികജീവിതത്തിനും അതുപോലെ സന്താനോത്പാദനത്തിനും സഹാകമായിരിക്കും. 

Also Read:- ശുക്ലത്തില്‍ മങ്കിപോക്സ് വൈറസ് സാന്നിധ്യം; ലൈംഗികരോഗമാണെന്ന വാദം കനക്കുന്നു...

click me!