ബിപി ഉയരുന്നത് പലപ്പോഴും നമുക്ക് മനസിലാക്കാന്‍ സാധിക്കണമെന്നില്ല. അതുകൊണ്ട് കൂടിയാണ് ബിപിയെ 'സൈലന്റ് കില്ലര്‍' അഥവാ നിശബ്ദ ഘാതകന്‍ എന്ന് വിളിക്കുന്നത്. എങ്കിലും കാര്യമായ രീതിയില്‍ ബിപി ഉയരുന്ന സാഹചര്യങ്ങളില്‍ ചില ലക്ഷണങ്ങള്‍ രോഗിയില്‍ കണ്ടേക്കാം
ബിപി, അഥവാ രക്തസമ്മര്‍ദ്ദം ( Blood Pressure ) ഉയരുന്നത് ജീവന് തന്നെ ഭീഷണിയാകുന്ന അവസരങ്ങളുണ്ട്. ഹൃദയാഘാതം ( Heart Attack ), പക്ഷാഘാതം ( Stroke ) പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ ഇതുമൂലം സംഭവിക്കാം.
അതിനാല്‍ തന്നെ ബിപി നിയന്ത്രണത്തിലാക്കി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ( ഹൈപ്പര്‍ടെന്‍ഷന്‍) ഉള്ളവര്‍ അപകടകരമാംവിധം ബിപി ഉയരുന്നത് തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്.
undefined
എന്നാല്‍ എങ്ങനെയാണ് ബിപി ഇത്തരത്തില്‍ ഗൗരവതരമായ രീതിയില്‍ ഉയരുന്നത് തിരിച്ചറിയാനാവുക?
ഇന്ന് ബിപി വീടുകളില്‍ തന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ സുലഭമാണ്. ബിപിയുള്ളവര്‍ അത്തരം സൗകര്യങ്ങള്‍ നിര്‍ബന്ധമായും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പലപ്പോഴും ബിപി ഉയരുന്നത് ആരോഗ്യപ്രശ്‌നങ്ങളിലൂടെ മനസിലാക്കാന്‍ സാധിക്കണമെന്നില്ല. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ ബിപി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുന്നത് തന്നെയാണ് ഉചിതം.
120/80 mm Hgയില്‍ കുറവാണ് ബിപി രേഖപ്പെടുത്തുന്നതെങ്കില്‍ അതില്‍ ഭയപ്പെടാനൊന്നുമില്ല. എന്നാല്‍ ഇതിന് മുകളിലേക്ക് റീഡിംഗ് പോവുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്.
നേരത്തേ സൂചിപ്പിച്ചത് പോലെ ബിപി ഉയരുന്നത് പലപ്പോഴും നമുക്ക് മനസിലാക്കാന്‍ സാധിക്കണമെന്നില്ല. അതുകൊണ്ട് കൂടിയാണ് ബിപിയെ 'സൈലന്റ് കില്ലര്‍' അഥവാ നിശബ്ദ ഘാതകന്‍ എന്ന് വിളിക്കുന്നത്. എങ്കിലും കാര്യമായ രീതിയില്‍ ബിപി ഉയരുന്ന സാഹചര്യങ്ങളില്‍ ചില ലക്ഷണങ്ങള്‍ രോഗിയില്‍ കണ്ടേക്കാം.
തലവേദന, മൂക്കില്‍ നിന്ന് രക്തസ്രാവം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് ഈ ലക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവ പ്രകടമാകുന്നപക്ഷം ഉടന്‍ തന്നെ രോഗിക്ക് വൈദ്യസഹായമെത്തിക്കേണ്ടതാണ്.
ചില രോഗികളില്‍ ബിപി അനിയന്ത്രിതമായി ഉയരുമ്പോള്‍ ശ്വാസതടസവും കണ്ടേക്കാം. ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദമേറുന്നതോടെയാണ് ശ്വാസതടസം നേരിടുന്നത്. നടക്കുമ്പോഴോ, എന്തെങ്കിലും ഭാരമുള്ളവ പൊക്കുമ്പോഴോ, പടികള്‍ കയറുമ്പോഴോ എല്ലാം ഇത് പ്രകടമാകാം.
ഇവയ്‌ക്കൊപ്പം കഠിനമായ ഉത്കണ്ഠ, തലവേദന, തലകറക്കം എന്നിവയും ബിപി ഉയരുന്നതിന്റെ സൂചനയായി വരാം. സമയബന്ധിതമായ വൈദ്യസഹായം തന്നെയാണ് ഈ ഘട്ടങ്ങളില്‍ ആശ്രയിക്കേണ്ടത്.
മുമ്പേ പ്രതിപാദിച്ചത് പോലെ വീട്ടില്‍ തന്നെ കൃത്യമായ ഇടവേളകളില്‍ ബിപി പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതാണ് എപ്പോഴും സുരക്ഷിതം. ഇതിനൊപ്പം തന്നെ ആരോഗ്യകരമായ ഡയറ്റ്, വ്യായാമം, ഉറക്കം എന്നിവയും ബിപിയുള്ളവര്‍ ഉറപ്പുവരുത്തണം.
പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും കുറച്ച ഡയറ്റാണ് ബിപിയുള്ളവര്‍ക്ക് യോജിച്ചത്. ഉപ്പിന്റെ ഉപയോഗദം പാടെ ഒഴിവാക്കുകയോ, ഡോക്ടറുടെ നിര്‍ദേശപ്രകാരം നിയന്ത്രിക്കുകയോ ചെയ്യാം.
മാനസിക സമ്മര്‍ദ്ദവും വലിയ തോതില്‍ ബിപി ഉയരുന്നതിന് കാരണമായി വരാറുണ്ട്. വീട്ടിലെ പ്രശ്‌നങ്ങളോ, ജോലിസംബന്ധമായ വിഷയങ്ങളോ എല്ലാമാകാം ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് പിന്നില്‍. ഇവയില്‍ നിന്ന് ആശ്വാസം നേടാന്‍ വിനോദോപാധികള്‍, യോഗ, വ്യായാമം എന്നിങ്ങനെയുള്ള മാര്‍ഗങ്ങളും അവലംബിക്കാം.
Also Read:- സ്ത്രീകളിലെ ഹൃദയാഘാതം; നെഞ്ചുവേദന ലക്ഷണമായി വരില്ല?