പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദം കൂടുന്നു; കാരണ‌ങ്ങൾ അറിയാം

By Web TeamFirst Published Oct 30, 2024, 6:56 PM IST
Highlights

ഒരിക്കലും പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിനുള്ള പ്രധാന അപകട ഘടകമാണ് സെക്കൻഡ് ഹാൻഡ് പുക. അതായത് പുകവലിക്കുന്നവരുമായുള്ള സമ്പർക്കവും രോഗം വരാൻ കാരണമാകും. 

പുകവലിക്കാത്ത ആളുകൾക്ക് ശ്വാസകോശാർബുദം കൂടി വരുന്നതായി വിദ​ഗ്ധർ. ശ്വാസകോശ അർബുദം ബാധിച്ച 10 ശതമാനം മുതൽ 20 ശതമാനം വരെ ആളുകളും പുകവലിക്കാത്തവരാണെന്ന് വിദ​ഗ്ധർ പറയുന്നു. ഇന്ത്യയിലെ ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഗണ്യമായ പങ്കും ശ്വാസകോശ അർബുദമാണെന്ന് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഗവേഷകർ അടുത്തിടെ നടത്തിയ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. 

ഇന്ത്യയിലെ യുവാക്കളിൽ ശ്വാസകോശ ക്യാൻസർ കൂടി വരുന്നതായി  ലാൻസെറ്റിൻ്റെ ഇക്ലിനിക്കൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ശ്വാസകോശ അർബുദ നിരക്ക് 1990-ൽ 6.62-ൽ നിന്ന് 2019-ൽ 7.7 ആയി ഉയർന്നു. 2025-ഓടെ നഗരപ്രദേശങ്ങളിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നതായി ​ഗവേഷകർ പറയുന്നു. വായു മലിനീകരണം ശ്വാസകോശാരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുകയും ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ​ഗവേഷകർ പറയുന്നു.

Latest Videos

നാം നേരിടുന്ന വലിയ വെല്ലുവിളിയാണ് വായുമലിനീകരണം. കുട്ടികൾക്ക്, പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അലർജികളും മൂലം അലയുന്നവർക്ക് ഇത് ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുന്നു. വായുവിലെ ഉയർന്ന അളവിലുള്ള മലിനീകരണത്തിന് കുട്ടികൾ ഇരയാകുന്നു. ഇത് ശ്വാസകോശ അർബുദം, ആസ്ത്മ തുടങ്ങിയ ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥകൾക്ക് കാരണമാകുമെന്ന് ചക്ര ഇന്നൊവേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അൻമോൽ ഖണ്ഡേൽവാൾ പറയുന്നു.

നഗരങ്ങളിലോ വൻതോതിൽ വ്യാവസായിക മേഖലകളിലോ താമസിക്കുന്ന ആളുകൾക്ക് പുകവലിക്കില്ലെങ്കിലും ശ്വാസകോശ അർബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ലോകമെമ്പാടും കെമിക്കൽ വ്യാവസായശാലകൾ വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ വ്യക്തികൾ ഈ ദോഷകരമായ മലിനീകരണത്തിന് വിധേയരാകുന്നു. ഇത് ശ്വാസകോശ അർബുദ നിരക്ക് വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു.

പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിൽ ജനിതകത്തിനും പങ്കുണ്ട്. പാരമ്പര്യമായി ലഭിച്ചേക്കാവുന്ന ചില ജനിതകമാറ്റങ്ങൾ, പുകവലിച്ചിട്ടില്ലെങ്കിലും, വ്യക്തികളെ ശ്വാസകോശ അർബുദത്തിലേക്ക് നയിക്കും. ഉദാഹരണത്തിന്, ഇജിഎഫ്ആർ (എപിഡെർമൽ ഗ്രോത്ത് ഫാക്ടർ റിസപ്റ്റർ), എഎൽകെ (അനാപ്ലാസ്റ്റിക് ലിംഫോമ കൈനസ്) തുടങ്ങിയ ജീനുകളിലെ മ്യൂട്ടേഷനുകൾ ഒരിക്കലും പുകവലിക്കാത്ത ശ്വാസകോശ കാൻസർ രോഗികളിൽ കൂടുതലായി കാണപ്പെടുന്നു. ഈ മ്യൂട്ടേഷനുകൾ ശ്വാസകോശത്തിലെ അസാധാരണമായ കോശ വളർച്ചയ്ക്ക് കാരണമാകും. ഇത് ക്യാൻസറിലേക്ക് നയിച്ചേക്കാം. 

ഒരിക്കലും പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിനുള്ള പ്രധാന അപകട ഘടകമാണ് സെക്കൻഡ് ഹാൻഡ് പുക. അതായത് പുകവലിക്കുന്നവരുമായുള്ള സമ്പർക്കവും രോഗം വരാൻ കാരണമാകും. കാർസിനോജെനിക് രാസവസ്തുക്കൾ (സിലിക്ക, ആർസെനിക്, ക്രോമിയം, കാഡ്മിയം, നിക്കൽ) പോലെയുള്ള കെമിക്കലുമായുള്ള സമ്പർക്കം, കുടുംബ പാരമ്പര്യവും ജനിതക കാരണങ്ങളുമൊക്കെ ശ്വാസകോശ അർബുദ സാധ്യതയെ കൂട്ടാം. 

ശ്വാസകോശ അർബുദത്തിൻ്റെ ലക്ഷണങ്ങൾ

നെ‍ഞ്ച് വേദന
ശ്വാസതടസം
നിരന്തരമായ ചുമ
പെട്ടെന്ന് ഭാരം കുറയുക
ഇടയ്ക്കിടെ വരുന്ന ശ്വാസകോശ അണുബാധ

ശ്വാസകോശത്തിന്‍റെ ആരോഗ്യം ഉറപ്പിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

click me!