Health Tips: വജൈനല്‍ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങളെ അവഗണിക്കരുത്

By Web Team  |  First Published Oct 15, 2024, 9:56 AM IST

യോനിയിലെ ക്യാൻസർ അതിന്‍റെ പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും ലക്ഷണമില്ലാത്തതാണ്. അതിനാല്‍ തന്നെ നേരത്തെയുള്ള രോഗനിർണയത്തിന് പതിവ് ആരോഗ്യ പരിശോധനകൾ അത്യന്താപേക്ഷിതമാണ്. 


സ്ത്രീകളില്‍ കണ്ടുവരുന്ന അപൂർവവും അപകടകാരിയുമായ ക്യാൻസറുകളിലൊന്നാണ് വജൈനൽ ക്യാൻസർ. യോനിയിലെ മാരകമായ ക്യാൻസർ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് യോനിയിലെ ക്യാൻസർ. പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ക്യാൻസറാണ് ഇത്. യോനിയിലെ ക്യാൻസർ അതിന്‍റെ പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും ലക്ഷണമില്ലാത്തതാണ്. അതിനാല്‍ തന്നെ നേരത്തെയുള്ള രോഗനിർണയത്തിന് പതിവ് ആരോഗ്യ പരിശോധനകൾ അത്യന്താപേക്ഷിതമാണ്. രോഗലക്ഷണങ്ങൾ മനസ്സിലാക്കുന്നത് സ്ത്രീകളെ വേഗത്തിൽ വൈദ്യസഹായം തേടാൻ സഹായിക്കും. അതിനാല്‍ വജൈനല്‍ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ തിരിച്ചറിയാം. 

1. അസാധാരണമായ രക്തസ്രാവം

Latest Videos

യോനിയിലെ ക്യാൻസറിന്‍റെ ആദ്യത്തേതും ഏറ്റവും സാധാരണവുമായ ലക്ഷണങ്ങളിലൊന്ന് യോനിയിൽ നിന്നുള്ള അസാധാരണമായ രക്തസ്രാവമാണ്. ഇത് ആർത്തവ ചക്രങ്ങൾക്കിടയിലോ ആർത്തവവിരാമത്തിന് ശേഷമോ ലൈംഗിക ബന്ധത്തിന് ശേഷമോ ഉണ്ടാകാം. ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവത്തെ പ്രത്യേകിച്ച് ശ്രദ്ധിക്കുക. 

2. യോനിയില്‍ നിന്നും അസാധാരണമായ ഡിസ്ചാർജ്

യോനിയില്‍ നിന്നും അസാധാരണമായ ഡിസ്ചാർജ് കാണപ്പെടുന്നതും യോനി ക്യാൻസറിന്‍റെ മറ്റൊരു അടയാളമാണ്. യോനിയിൽ നിന്നുള്ള ഡിസ്ചാർജ് വെള്ള നിറത്തിലുള്ളതോ, രക്തം കലര്‍ന്നതോ, ദുർഗന്ധമുള്ളതോ ആയിരിക്കാം. ഇത് ആർത്തവചക്രവുമായി ബന്ധപ്പെട്ട സാധാരണ ഡിസ്ചാർജിൽ നിന്ന് വ്യത്യസ്തമാണ്. 

3. യോനിയിൽ ഒരു മുഴ അല്ലെങ്കിൽ വളർച്ച

യോനിയിൽ ഒരു മുഴ അല്ലെങ്കിൽ യോനിയിൽ വളർച്ച ഉണ്ടാകുന്നതും യോനിയിലെ ക്യാൻസറിന്‍റെ കൂടുതൽ വ്യക്തമായ സൂചനയാണ്. ഈ പിണ്ഡം വേദനയില്ലാത്തതോ അസ്വാസ്ഥ്യമുണ്ടാക്കുന്നതോ ആകാം, ഇത് യോനിയിലെ ഭിത്തിയിലോ യോനിയുടെ തുറസ്സിനടുത്തോ സ്ഥിതിചെയ്യാം. എല്ലാ മുഴകളും അർബുദമല്ലെങ്കിലും, അസാധാരണമായ ഏതെങ്കിലും വളർച്ച ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക. 

4. പെൽവിക് ഭാഗത്തെ വേദന, അസ്വസ്ഥത

പെൽവിക് ഭാഗത്തെ വേദന, അസ്വസ്ഥത എന്നിവയും യോനിയിലെ ക്യാൻസറിന്‍റെ സൂചനയാകാം. 

5. ലൈംഗിക ബന്ധത്തിനിടെയുടെ വേദന 

ലൈംഗിക ബന്ധത്തിനിടെയുടെ വേദന,  കാലുകളിൽ വേദന, കാലുകളിൽ വീക്കം ഇവയെല്ലാം വജൈനൽ ക്യാൻസറിന്റെ മറ്റ് ചില ലക്ഷണങ്ങളാണ്. 

6. മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, വേദന

മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുക, മൂത്രമൊഴിക്കുമ്പോള്‍ വേദന തുടങ്ങിയവയും ലക്ഷണങ്ങളാണ്. സ്ഥിരമായ മൂത്രാശയ ലക്ഷണങ്ങൾ, പ്രത്യേകിച്ച് രക്തസ്രാവമോ വേദനയോ പോലുള്ള മറ്റ് ലക്ഷണങ്ങളോടൊപ്പമുണ്ടെങ്കിൽ നിസാരമായി കാണേണ്ട. 

7. മലബന്ധം

മലബന്ധം അല്ലെങ്കിൽ ദഹന പ്രശ്നങ്ങളും കുടൽലിലെ മറ്റ് അസ്വസ്ഥതകളും ചിലപ്പോള്‍ ഇതുമായി ബന്ധപ്പെട്ടും ഉണ്ടാകാം. യോനിയിലെ അർബുദം മലവിസർജ്ജന പ്രവർത്തനത്തെ ബാധിച്ചേക്കാം, ഇത് മലബന്ധം അല്ലെങ്കിൽ മലവിസർജ്ജന ശീലങ്ങളിൽ മാറ്റം വരുത്താം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ശര്‍ക്കരയോ തേനോ; ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

youtubevideo

click me!