ഒരാഴ്ച കൂടി കാത്ത ശേഷം വെന്റിലേറ്റർ സപ്പോർട്ട് പിൻവലിച്ച് മോണിക്കയെ മരണത്തിനു വിട്ടുകൊടുക്കാൻ ആയിരുന്നു ആശുപത്രി അധികൃതരുടെ തീരുമാനം.
ലിങ്കൺഷെയർ : കൊവിഡ്(Covid) മൂർച്ഛിച്ച് കോമയിലായ(Induced Coma)ഒരു നഴ്സ് 28 ദിവസത്തോളം ഐസിയുവിൽ ബോധരഹിതയായി കിടന്ന ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്നു. അതേ ആശുപത്രിയിലെ ഡോക്ടർമാർ ഈ യുവതിക്ക് ഒരു പരീക്ഷണം എന്ന നിലക്ക് ഒരു കൂടിയ ഡോസ് വയാഗ്ര(Sildenafil) നൽകിയതോടെയാണ് അവരുടെ ആരോഗ്യനിലയിൽ മാറ്റങ്ങൾ ഉണ്ടായതും, മരുന്നുകളോട് പ്രതികരിച്ച് അവർ ജീവിതത്തിലേക്ക് തിരിച്ചുവന്നതും. ആസ്ത്മാ രോഗിയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ യുകെയിലെ ലിങ്കൺഷെയർ സ്വദേശി മോണിക്ക ആൽമെയ്ഡയ്ക്കാണ് ഇങ്ങനെ ഒരു പുനർജ്ജന്മം സാധ്യമായത്.
ഒക്ടോബർ 31 -ന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട മോണിക്കയെ നവംബർ 9 -ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. താമസിയാതെ അവസ്ഥ വളരെ മോശമായതിനെ തുടർന്ന് നവംബർ 16 -ന് അവരെ ഇൻഡ്യൂസ്ഡ് കോമയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ആഴ്ചകളോളം അങ്ങനെ ഐസിയുവിൽ വെന്റിലേറ്റർ സപ്പോർട്ടോടെ കിടന്നിട്ടും ആരോഗ്യാവസ്ഥയിൽ ഒരു പുരോഗതിയും ഉണ്ടാകാതെ വന്നപ്പോൾ, ഒരാഴ്ച കൂടി കാത്ത ശേഷം വെന്റിലേറ്റർ സപ്പോർട്ട് പിൻവലിച്ച് മോണിക്കയെ മരണത്തിനു വിട്ടുകൊടുക്കാൻ ആയിരുന്നു ആശുപത്രി അധികൃതരുടെ തീരുമാനം.
അവസാനത്തെ ആഴ്ചയിലെ ചികിത്സക്കിടെ ആണ് ഒരു അവസാന പരീക്ഷണം എന്ന നിലക്ക് ഡോക്ടർമാരിൽ ഒരാൾ മോണിക്ക്യ്ക്ക് ഒരു ലാർജ് ഡോസ് വയാഗ്ര(Sildenafil) നൽകുന്നത്. പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ് പരിഹരിക്കാൻ വേണ്ടി ആഗോള തലത്തിൽ വ്യാപകമായി പ്രയോഗിക്കപ്പെടുന്ന വയാഗ്ര എന്ന മരുന്ന്, രക്തക്കുഴലിന്റെ ആന്തരിക പ്രതലങ്ങളെ സ്വാധീനിച്ച് രക്തയോട്ടം മെച്ചപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. ഈ മരുന്ന് മോണിക്കയ്ക്ക് കൂടിയ ഡോസിൽ നൽകിയതോടെ അവരുടെ നില പെട്ടെന്ന് മെച്ചപ്പെടുന്നു. അതുവരെ കൊടുത്തുകൊണ്ടിരുന്ന ഓക്സിജന്റെ അളവിലും കുറവുണ്ടാവുന്നു.
ലിങ്കൺ ഷെയർ സർക്കാർ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് റെസ്പിറേറ്ററി നഴ്സ് ആയ മോണിക്ക യഥാസമയം തന്നെ രണ്ടു വാക്സിനും എടുത്തിരുന്നു എങ്കിലും അവരെ കൊവിഡ് സാരമായി തന്നെ ബാധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മയക്കം വിട്ടുണർന്ന മോണിക്കയ്ക്ക് തന്നെ രക്ഷിച്ച മരുന്നിന്റെ പേര് കേട്ടപ്പോൾ ചിരി അടക്കാനായില്ല. ഈ സംഭവിച്ചിരിക്കുന്നത് ക്രിസ്മസ് അത്ഭുതത്തിൽ കുറഞ്ഞൊന്നും അല്ല എന്നാണ് അവർ പറയുന്നത്.