Benefits of Skipping : ദിവസവും 'സ്കിപ്പിംഗ്' ചെയ്യൂ; ഇതിന്‍റെ അഞ്ച് ഗുണങ്ങള്‍ അറിയാം...

By Web Team  |  First Published Sep 4, 2022, 1:26 PM IST

ചിലര്‍ ജിമ്മില്‍ പോയാണ് വര്‍ക്കൗട്ട് ചെയ്യുക. ചിലരാകട്ടെ, വീട്ടില്‍ തന്നെ ഇത് മുടക്കം വരുത്താതെ ചെയ്യും. ഇത്തരത്തില്‍ വീട്ടില്‍ വച്ചുതന്നെ ചെയ്യാൻ സാധിക്കുന്നൊരു വര്‍ക്കൗട്ടാണ് 'സ്കിപ്പിംഗ്'.


വര്‍ക്കൗട്ട് ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കായികാധ്വാനമില്ലാതിരിക്കുന്ന ജീവിതരീതി പല തരത്തിലുള്ള അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കാറുണ്ട്. വണ്ണം കൂടുന്നത്, വയറില്‍ കൊഴുപ്പ് അടിഞ്ഞുകിടക്കുന്നത് എല്ലാം കായികാധ്വാനമില്ലാതിരിക്കുന്നതിന്‍റെ ഭാഗമായി സംഭവിക്കാം. ഇതെല്ലാം ക്രമേണ പല ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ നയിക്കാം. 

വര്‍ക്കൗട്ട് തന്നെ പലവിധത്തിലുമുണ്ട്. ഓരോരുത്തരും അവരവരുടെ പ്രായം, ശാരീരിക സവിശേഷതകള്‍, ആരോഗ്യാവസ്ഥ എന്നിവയെല്ലാം കണക്കിലെടുത്താണ് വര്‍ക്കൗട്ട് ചെയ്യേണ്ടത്. എന്തായാലും കാര്യമായ വര്‍ക്കൗട്ടിലേക്ക് കടക്കുന്നതിന് മുമ്പ് ഡോക്ടര്‍മരുടെ നിര്‍ദേശം തേടുന്നതാണ് എപ്പോഴും ഉചിതം. 

Latest Videos

ചിലര്‍ ജിമ്മില്‍ പോയാണ് വര്‍ക്കൗട്ട് ചെയ്യുക. ചിലരാകട്ടെ, വീട്ടില്‍ തന്നെ ഇത് മുടക്കം വരുത്താതെ ചെയ്യും. ഇത്തരത്തില്‍ വീട്ടില്‍ വച്ചുതന്നെ ചെയ്യാൻ സാധിക്കുന്നൊരു വര്‍ക്കൗട്ടാണ് 'സ്കിപ്പിംഗ്'. പതിവായി സ്കിപ്പിംഗ് ചെയ്യുന്നത് കൊണ്ട് പല ഗുണങ്ങളും ആരോഗ്യത്തിനുണ്ട്. അത്തരത്തില്‍ സ്കിപ്പിംഗ് കൊണ്ട് ലഭിക്കുന്ന ചില ഗുണങ്ങളാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് തങ്ങളുടെ ശരീരത്തിലെ കലോറി പരമാവധി എരിയിച്ചുകളയുകയാണ് വേണ്ടത്. ഇതിന് നല്ലരീതിയില്‍ സഹായിക്കുന്നൊരു വര്‍ക്കൗട്ട് രീതിയാണ് സ്കിപ്പിംഗ്. മിനുറ്റില്‍ 15 മുതല്‍ 20 കലോറി വരെ എരിയിച്ചുകളയാൻ സ്കിപ്പിംഗ് സഹായിക്കുന്നു. 

രണ്ട്...

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സ്കിപ്പിംഗ് സഹായകമാണ്. നെഞ്ചിടിപ്പ് കൂട്ടാനും, ഹൃദയത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും, ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനുമെല്ലാം സ്കിപ്പിംഗ് സഹായിക്കുന്നു. 

മൂന്ന്...

ഇത് തലച്ചോറിനെയും പോസിറ്റീവ് ആയ രീതിയില്‍ സ്വാധീനിക്കുന്നൊരു വര്‍ക്കൗട്ടാണ്. കാരണം സ്കിപ്പിംഗ് ചെയ്യുമ്പോള്‍ ഓരോ തവണയും ശ്രദ്ധയോടെ വേണം ചാടാൻ. ഈ ശ്രദ്ധ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. 

നാല്...

സ്കിപ്പിംഗ് ചെയ്യുമ്പോള്‍ നമുക്ക് വളരെയധികം ക്ഷീണം തോന്നാം. എന്നാലിത് പതിവാക്കിയാല്‍ ക്ഷീണത്തിന് പകരം ഉന്മേഷം ലഭിക്കും. അതിനാല്‍ തന്നെ എപ്പോഴും ആലസ്യമോ വിരസതയോ അനുഭവപ്പെടുന്നവര്‍ക്ക് യോജിച്ച വര്‍ക്കൗട്ട് രീതിയാണിത്. 

അഞ്ച്...

ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന വര്‍ക്കൗട്ടാണിത്. നമ്മുടെ മനസികാവസ്ഥ മെച്ചപ്പടുത്തുന്നതിന് സഹായകമായ എൻഡോര്‍ഫിൻ ഹോര്‍മോണ്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുമെന്നതിനാലാണ് സ്കിപ്പിംഗ് ഉത്കണ്ഠയ്ക്കും മറ്റും ആശ്വാസമാകുന്നത്.

Also Read:- രാവിലെ ചൂടുവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ?

click me!