ഡെങ്കിപ്പനി; അറിയാം അപകടകാരിയായ ടൈപ്പ്- 2 വൈറസ് ലക്ഷണങ്ങള്‍...

By Web Team  |  First Published Sep 28, 2021, 7:30 PM IST

രോഗത്തിന് കാരണകാരിയായ വൈറസുകളാണെങ്കില്‍ നാല് തരത്തിലാണുള്ളത്. DENV-1, DENV-2, DENV-3, DENV-4 എന്നിങ്ങനെയാണ് വൈറസിനെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഈ നാല് തരം വൈറസ് മൂലവും ഡെങ്കു പിടിപെടാം


മഴക്കാലങ്ങളില്‍ സീസണലായി വരുന്ന രോഗമാണ് ഡെങ്കിപ്പനി ( dengue Fever ) . കൊതുകുകള്‍ പെരുകുന്ന അന്തരീക്ഷമാണ് എന്നതിനാലാണ് മഴക്കാലത്ത് തന്നെ ഡെങ്കു വ്യാപകമാകുന്നത്. 'ഈഡിസ് ഈജിപ്തി'  ( Aedesaegypti ) എന്ന ഇനത്തില്‍ പെടുന്ന കൊതുകുകളാണ് പ്രധാനമായും ഡെങ്കു പരത്തുന്നത്. 

രോഗത്തിന് കാരണകാരിയായ വൈറസുകളാണെങ്കില്‍ നാല് തരത്തിലാണുള്ളത്. DENV-1, DENV-2, DENV-3, DENV-4 എന്നിങ്ങനെയാണ് വൈറസിനെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഈ നാല് തരം വൈറസ് മൂലവും ഡെങ്കു പിടിപെടാം. 

Latest Videos

undefined

എന്നാല്‍ ഇക്കൂട്ടത്തില്‍ ടൈപ്പ് -2 വൈറസ് പരത്തുന്ന ഡെങ്കു ആണെങ്കില്‍ അത് കൂടുതല്‍ അപകടകാരിയായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ കേരളമടക്കം പല സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഡെങ്കുവില്‍ അധികവും ടൈപ്പ് - 2 വൈറസ് മൂലമുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് വേണ്ട നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. 

 

 

ലക്ഷണങ്ങള്‍...

അധിക പേരിലും അത്ര ഗൗരവതരമല്ലാത്ത രീതിയിലായിരിക്കും ഡെങ്കു പിടിപെടുന്നത്. എന്നാല്‍ ഒരു വിഭാഗത്തില്‍ മാത്രം ഇത് ഗുരുതരമാകാം. അത് ടൈപ്പ്- 2 വൈറസ് മൂലമാണ് സംഭവിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

സാധാരണ ഡെങ്കിപ്പനിയാണെങ്കില്‍ പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്ന പനി, തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, നെഞ്ചില്‍ ചൂടുകുരു പോലെയോ തടിപ്പുകള്‍ പോലെയോ പൊങ്ങുക, തളര്‍ച്ച, ഓക്കാനം എന്നിവയെല്ലാമാണ് ലക്ഷണമായി വരാറ്. 

എന്നാല്‍ ടൈപ്പ്-2 വൈറസ് മൂലമുള്ള ഡെങ്കു ആണെങ്കില്‍ ഡെങ്കിപ്പനിക്ക് പകരം 'ഹെമറേജിക് ഫീവര്‍' വരാനാണ് സാധ്യതയേറെയുള്ളത്. ഇതില്‍ ലക്ഷണങ്ങളും മാറിവരുന്നുണ്ട്. 

പനിയടക്കമുള്ള സാധാരണ ഡെങ്കു ലക്ഷണങ്ങള്‍ക്ക് പുറമെ പുറമെ വയറുവേദന, ചര്‍മ്മം വിളര്‍ക്കുക, തണുക്കുക, ഒട്ടിപ്പിടിക്കുന്ന അവസ്ഥ, മൂക്കില്‍ നിന്ന് ചെറുതായി രക്തസ്രാവം, തുടര്‍ച്ചയായ ഛര്‍ദ്ദി, വായ ഡ്രൈ ആകുന്ന അവസ്ഥ, എപ്പോഴും ദാഹം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നീ പ്രശ്‌നങ്ങളും കാണാം. 

 

 

ചികിത്സ...

ഡെങ്കുവിന് കൃത്യമായ ചികിത്സയില്ലെങ്കില്‍ കൂടി ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്. ഡെങ്കുവിന്റെ വിവിധ ലക്ഷണങ്ങള്‍ക്ക് പ്രത്യേകമായാണ് ചികിത്സ നല്‍കാറ്. 

പനി, ശരീരവേദന, രക്താണുക്കളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ എല്ലാം പ്രത്യേകം ചികിത്സയാണ് ഡെങ്കു രോഗികള്‍ക്ക് നല്‍കിവരുന്നത്. ടൈപ്പ്-2 വൈറസ് മൂലമുള്ള ഡെങ്കുവാണെങ്കില്‍ തീര്‍ച്ചയായും സമയബന്ധിതമായ ചികിത്സ തേടിയില്ലെങ്കില്‍ അത് ജീവന് തന്നെ വെല്ലുവിളിയായിത്തീരും. 

Also Read:- കൊതുകുകളെ അകറ്റിനിര്‍ത്താന്‍ മൂന്ന് മാര്‍ഗങ്ങള്‍...

click me!