പല്ലും മോണയും എല്ലും ആരോഗ്യകരമായ ഇരിക്കുന്ന അവസ്ഥയാണെങ്കിൽ 12 വയസ് മുതൽ തുടങ്ങി അങ്ങോട്ടുള്ള എല്ലാ പ്രായക്കാർക്കും ഈ ചികിത്സാരീതി ഉപയോഗിക്കാവുന്നതാണ്.
നിര തെറ്റിയ പല്ലുകൾ നേരെയാക്കാനായി പല്ലിൽ കമ്പിയിടുക എന്നതാണ് നമുക്കെല്ലാവർക്കും സുപരിചിതമായ ചികിത്സ രീതി. എന്നാൽ പല്ലിൽ കമ്പിയിടുക എന്നത് കേൾക്കുന്ന പോലെ അത്ര എളുപ്പമല്ല. കമ്പി ഇട്ട ശേഷം നന്നായി ശ്രദ്ധിക്കണം എന്ന് മാത്രമല്ല കുറച്ചധികം സമയം ദന്ത പരിപാലനത്തിനായി മാറ്റി വയ്ക്കുകയും വേണം. ഒന്നിനും സമയമില്ല എന്ന് പറഞ്ഞ് നെട്ടോട്ടമോടുന്നവർ പലരും ഇതിന് തയ്യാറാകില്ല.
കമ്പി ഇട്ടശേഷം നന്നായി പരിപാലിച്ചില്ല എങ്കിൽ പല്ലുകൾ കേടാകാനും മോണരോഗം ഉണ്ടാകാനും സാധ്യത കൂടുതലാണ്. കമ്പിയിട്ട പല്ലുകൾ വൃത്തിയാക്കാൻ പ്രത്യേകതരം ബ്രഷുകൾ ഉണ്ടെങ്കിലും മുത്തുകൾക്കിടയിലും കമ്പിക്കിടയിലും കുടുങ്ങിയിരിക്കുന്ന ഭക്ഷണപദാർഥങ്ങൾ നീക്കം ചെയ്യാൻ സമയം അധികമായി മാറ്റിവയ്ക്കേണ്ടി വരും.
കമ്പിയുടെ കൂർത്ത ഭാഗങ്ങൾ വായിൽ മുറിവുകളും അൾസറുകളും ഉണ്ടാക്കാം.ഇഷ്ട്ടമുള്ള ഭക്ഷണപദാർത്ഥങ്ങൾ (മൊരിച്ചതും കൂർത്തതും കട്ടിയുള്ളതുമായ ) പലതും ഒഴിവാക്കേണ്ടിവന്നേക്കാം. മറ്റുള്ളവരോട് നിരന്തരമായി ഇടപഴകുന്ന ജോലി ചെയ്യുന്നവർക്ക് ദീർഘകാലം കമ്പിയിട്ട് നടക്കുക എന്നത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കാം.
പ്രധാനമായും നമ്മുടെ ചിരിയുടെ ഭംഗിയെ കുറയ്ക്കുമോ എന്ന ആശങ്ക മൂലം ചിരിക്കാനും സംസാരിക്കാനുമുള്ള ആത്മവിശ്വാസം നഷ്ടപ്പെടും.വായ് മറച്ച് ചിരിക്കാനും സംസാരിക്കാനും അല്ലെങ്കിൽ മറ്റുള്ളവർക്ക് മുൻപിൽ ചിരിക്കാനും സംസാരിക്കാനും മടി ഉണ്ടായേക്കാം.
ജോലി ചെയ്യുന്നതിനായി വീട്ടിൽ നിന്നും മാറി നിൽക്കുന്നവർക്കും പഠിക്കുന്നവർക്കും നിരന്തര യാത്രകൾ നടത്തുന്നവർക്കും കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് കമ്പി മുറുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനൊക്കെ പരിഹാരമായാണ് ദന്തചികിത്സയിലെ നൂതന ചികിത്സ രീതിയായ ക്ലിയർ അലൈനേഴ്സ് വികസിപ്പിച്ചെടുത്തത്. പേര് സൂചിപ്പിക്കും വിധം പല്ലിന്റെ പുറം ഭാഗത്തേക്ക് ദൃശ്യമാകാത്ത ,ട്രാൻസ്പെരന്റ് ആയ ക്ലിപ്പുകൾ ആണ് ഇവ .
അലൈനർ ചികിത്സ രീതി ഉപയോഗിക്കുന്നത് ഏതൊക്കെ അവസ്ഥയിൽ ആണെന്ന് നോക്കാം.
തിങ്ങിനിറഞ്ഞ പല്ലുകൾ - പല്ലുകളുടെ ഓവർലാപ്പിംഗ്.
ഡയസ്റ്റെമ - പല്ലുകൾക്കിടയിൽ വിടവുകൾ.
അണ്ടർബൈറ്റുകൾ - താഴത്തെ മുൻ പല്ലുകൾ മുകളിലെ മുൻ പല്ലുകളെ ഓവർലാപ്പ് ചെയ്യുന്നു
ഓവർബൈറ്റുകൾ - മുൻവശത്തെ മുകളിലെ പല്ലുകൾ താഴെയുള്ള മുൻ പല്ലുകളെ ഓവർലാപ്പ് ചെയ്യുന്നു.
ഓപ്പൺ ബൈറ്റ് - മുകളിലും താഴെയുമുള്ള പല്ലുകൾ കടിക്കുമ്പോൾ തമ്മിൽ തൊടാതെ വരുന്നു
ക്ലിയർ അലൈനർ ഉപയോഗിക്കുമ്പോൾ
• ഭക്ഷണം കഴിക്കുമ്പോഴും ബ്രെഷ് ചെയ്യുമ്പോഴും ഇവ ഊരി മാറ്റാൻ കഴിയുന്നതിനാൽ ഭക്ഷണ നിയന്ത്രണങ്ങൾ വേണ്ട.
• ഭക്ഷണം കഴിച്ച് വായ നന്നായി വൃത്തിയാക്കാൻ കഴിയുന്നതിനാൽ ദന്താരോഗ്യം നിലനിർത്താം
• ചികിത്സ നടക്കുമ്പോൾ പോലും പുഞ്ചിരി മറയ്ക്കുകയോ അതിനെക്കുറിച്ച് ബോധവാന്മാരാകുകയോ ചെയ്യേണ്ടതില്ല കാരണം സുതാര്യമായ അലൈനറുകൾ ആരും ശ്രദ്ധിക്കില്ല.
• ചികിത്സയുടെ തുടക്കത്തിൽ തന്നെ മുഴുവൻ ട്രേകളും ലഭ്യമാക്കുന്നതിനാൽ ഇടയ്ക്ക് ഡോക്ടറെ കാണേണ്ട ആവശ്യമില്ല. കൃത്യമായ ഇടവേളകളിൽ ട്രേ സ്വയം മാറ്റി ഉപയോഗിച്ചാൽ മതിയാകുമെന്നതാണ ഇതിന്റെ പ്രധാന ഗുണം.
പല്ലും മോണയും എല്ലും ആരോഗ്യകരമായ ഇരിക്കുന്ന അവസ്ഥയാണെങ്കിൽ 12 വയസ് മുതൽ തുടങ്ങി അങ്ങോട്ടുള്ള എല്ലാ പ്രായക്കാർക്കും ഈ ചികിത്സാരീതി ഉപയോഗിക്കാവുന്നതാണ്. ഇൻവിസലൈൻ കമ്പനിയുടെ അലൈനർ 8 വയസ് മുതൽ കുട്ടികളിൽ ഉപയോഗിക്കാം.
പല്ലും മോണയും എല്ലും ആരോഗ്യകരമായ അവസ്ഥയിലാണോ എന്നറിയുന്നത് സ്കാനിലൂടെയാണ്. ചികിത്സ അനുയോജ്യമാണെങ്കിൽ ഇൻട്രാ ഓറൽ സ്കാനർ, ഒ പി ജി എന്നീ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സ്പെഷ്യലിസ്റ് ആയ ഓർത്തോഡോണ്ടിസ്റ്റ് നന്നായി വിശകലനം ചെയ്ത ശേഷം ചികിത്സയുടെ ഒരു പ്ലാൻ ഉണ്ടാക്കുകയും ചികിത്സയ്ക്ക് ശേഷം നമ്മുടെ പല്ലുകളുടെ നിര എങ്ങനെയിരിക്കുമെന്ന് 3D ചിത്രങ്ങളിലൂടെ മുൻകൂട്ടി കാണിക്കുകയും ചെയ്യും. സോഫ്റ്റ്വെയ്റുകൾ ഉപയോഗിച്ച് ഘട്ടം ഘട്ടമായുള്ള ട്രേകളുടെ അളവുകൾ രേഖപ്പെടുത്തി ലാബിൽ അയച്ച് ഉണ്ടാക്കി എടുക്കുകയാണ് ചെയ്യുന്നത്.
ചെലവ്
ചികിത്സയുടെ ദൈർഘ്യം, ചെലവ്, ഉപയോഗരീതി എല്ലാം രോഗിയുടെ ചികിത്സയ്ക്ക് ആവശ്യമായ അലൈനർ ട്രേയുടെ എണ്ണം അനുസരിച്ച് വ്യത്യാസപ്പെടാം. നമ്മുടെ പല്ലുകളുടെ സ്ഥാനം എത്രത്തോളം ക്രമീകരിക്കാൻ ഉണ്ട് എന്നതിനെ അടിസ്ഥാനമാക്കി ആണ് ട്രേകളുടെ എണ്ണം തീരുമാനിക്കുന്നത്.
ചികിത്സ ചെലവ് പൂർണമായും ട്രേകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. 50000 മുതൽ ചികിത്സ ചിലവ് ആരംഭിക്കാം. പല്ലും മോണയും എല്ലും ആരോഗ്യകരമായ ഇരിക്കുന്ന അവസ്ഥയാണെങ്കിൽ 12 വയസ് മുതൽ തുടങ്ങി അങ്ങോട്ടുള്ള എല്ലാ പ്രായക്കാർക്കും ഈ ചികിത്സാരീതി ഉപയോഗിക്കാവുന്നതാണ്. കമ്പി ഇട്ടും പല്ലിന്റെ നിര നേരെയാക്കാൻ കഴിയും. എന്നാൽ അത്രത്തോളം ശ്രദ്ധ കൊടുക്കണമെന്ന് മാത്രം.
(ഏറ്റുമാനൂർ തീർത്ഥാസ് ടൂത് അഫയർ ഡെന്റൽ ഹോസ്പിറ്റലിലെ ചീഫ് ദന്തൽ സർജനായ ഡോ തീർത്ഥ ഹേമന്ദാണ് ലേഖിക).