കേരളത്തില്‍ മുണ്ടിനീര് പടരുന്നു, ഒരു ദിവസം 190 കേസുകളുടെ വർദ്ധനവ്, അറിയാം രോഗ ലക്ഷണങ്ങള്‍...

By Web Team  |  First Published Mar 12, 2024, 10:16 AM IST

വൈറസ് സാധാരണഗതിയിൽ പകരുന്നത് ശ്വസന തുള്ളികളിലൂടെയോ അല്ലെങ്കിൽ രോഗബാധിതമായ ഉമിനീരുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ആണ്. 


കേരളത്തില്‍ മുണ്ടിനീര് പടരുന്നതായി റിപ്പോര്‍ട്ട്. മാർച്ച് 10 ന് മാത്രം190 കേസുകളുടെ വർദ്ധനവ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേരള ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം, ഈ മാസം 2,505 വൈറൽ അണുബാധ കേസുകളുണ്ട്. പ്രത്യേകിച്ച് കുട്ടികളിൽ, ഈ വർഷം രണ്ട് മാസത്തിനുള്ളിൽ 11,467 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭൂരിഭാഗം കേസുകളും മലപ്പുറം ജില്ലയിൽ നിന്നും കേരളത്തിന്‍റെ മറ്റ് വടക്കൻ ഭാഗങ്ങളിൽ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

എന്താണ് മുണ്ടിനീര്? 

Latest Videos

മുണ്ടിനീര് പ്രധാനമായും ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധി വൈറൽ അണുബാധയാണ്. ഇത് പാരാമിക്സോ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. വൈറസ് സാധാരണഗതിയിൽ പകരുന്നത് ശ്വസന തുള്ളികളിലൂടെയോ അല്ലെങ്കിൽ രോഗബാധിതമായ ഉമിനീരുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ആണ്. ഈ അണുബാധ ശ്വാസനാളത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും പിന്നീട് രക്തപ്രവാഹത്തിലൂടെ വ്യാപിക്കുകയും ചെയ്യുന്നു. ഉമിനീർ ഉൽപ്പാദിപ്പിക്കുന്നതിന് ഉത്തരവാദികളായ പരോട്ടിഡ് ഗ്രന്ഥികളെ വൈറസ് ലക്ഷ്യമിടുന്നു, ഇത് വീക്കത്തിലേക്ക് നയിക്കുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ മുണ്ടിനീര് ഉണ്ടാകാം.  

ലക്ഷണങ്ങള്‍... 

മുഖത്തെ വീക്കം ആണ് മുണ്ടിനീരിന്‍റെ ഒരു പ്രധാന ലക്ഷണം. ചെവിയുടെ താഴെ കവിളിന്‍റെ വശങ്ങളിലാണ് വീക്കം പൊതുവേ കാണപ്പെടുന്നത്.  അതുപോലെ കഴുത്തിന് പിന്നീലെ വീക്കം, പനി, നീരുള്ള ഭാഗത്ത് വേദന,  തലവേദന, പേശി വേദന, ക്ഷീണം, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വായ തുറക്കാനും വെള്ളം കുടിക്കാനുമൊക്കെ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ തുടങ്ങിയവയും ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉറപ്പായും ഡോക്ടറെ കാണുക. കൃത്യമായുള്ള രോഗ നിര്‍ണയം രോഗം അണുബാധ പടരാതിരിക്കാന്‍ ഗുണം ചെയ്യും. 

രോഗംഭേദമാകുന്നതുവരെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. ഇളംചൂടുള്ള ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് വേദനയും നീരും കുറയ്ക്കാന്‍ സഹായിച്ചേക്കാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.   

Also read: കൊടും ചൂട്; കേരളം ചുട്ടുപൊള്ളുന്നു, ഈ ആരോഗ്യപ്രശ്നങ്ങളെ കരുതിയിരിക്കുക...

youtubevideo

click me!