ജിം ട്രെയിന‌ർ പറഞ്ഞു, 7000 രൂപയുടെ പ്രോട്ടീൻ പൗഡർ സ്ഥിരമാക്കി ഡെന്‍റൽ വിദ്യാർഥി; അവസ്ഥ വിവരിച്ച് ഡോക്ടർ

By Web Team  |  First Published Apr 23, 2024, 9:05 PM IST

ഇത്തരം പ്രോട്ടീൻ പൗഡർ ഉപയോഗിച്ച് കിഡ്നി ഫംഗ്ഷൻ മാറിപ്പോകുന്ന ഹെവി മെറ്റൽ ടോക്സിസിറ്റി വരുന്ന ഡയബറ്റിസ് കൂടുന്ന ധാരാളം പേർ ദിവസവും ഡോക്ടർമാർ കാണുന്നുണ്ടെന്നും ഡോ. സുൽഫി നൂഹു വിവരിച്ചു


ജിം ട്രെയിനർമാർ പറയുന്നതനുസരിച്ചുള്ള പ്രോട്ടീൻ പൗഡർ വാങ്ങി കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്. 7000 രൂപയുടെ പ്രോട്ടീൻ പൗഡർ സ്ഥിരമാക്കിയ ഡെന്‍റൽ വിദ്യാർഥിയുടെ അവസ്ഥയടക്കം വിവരിച്ചുകൊണ്ട് ഡോ. സുൽഫി നൂഹുവാണ് ഇവയുടെ അപകടങ്ങളെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ച് രംഗത്തെത്തിയിരിക്കുന്നത്. തലച്ചോർ മുതൽ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങൾ അടങ്ങിയതാണ് ഇത്തരം പ്രോട്ടീൻ പൗഡറുകളെന്നും ജിം ട്രെയിനർ നൽകിയ ഉപദേശം സ്വീകരിച്ച ഡെന്‍റൽ കോളേജ് വിദ്യാർഥി ഇപ്പോൾ തന്‍റെ ചികിത്സയിലാണെന്നും ഡോ. സുൽഫി നൂഹു വിവരിച്ചു.

ഇത്തരം പ്രോട്ടീൻ പൗഡർ ഉപയോഗിച്ച് കിഡ്നി ഫംഗ്ഷൻ മാറിപ്പോകുന്ന ഹെവി മെറ്റൽ ടോക്സിസിറ്റി വരുന്ന ഡയബറ്റിസ് കൂടുന്ന ധാരാളം പേർ ദിവസവും ഡോക്ടർമാർ കാണുന്നുണ്ടെന്നും അദ്ദേഹം കുറിപ്പിലൂടെ പറഞ്ഞു. ഇത്തരം പ്രോട്ടീൻ ചൂർണങ്ങളെടുത്ത് കുപ്പത്തൊട്ടിയിലെറിഞ്ഞിട്ട് വീട്ടിലെ മുട്ടയും വീട്ടിലെ പയറും വീട്ടിലെ ചിക്കനും വീട്ടിലെ മീനും കഴിക്കുന്നതാണ് ഉത്തമമെന്നും ഡോ. സുൽഫി നൂഹു ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Latest Videos

undefined

കേരളത്തിൽ തുള്ളി മദ്യം കിട്ടില്ല! 48 മണിക്കൂർ ഡ്രൈഡേ, ബിവറേജും ബാറും തുറക്കില്ല; നാളെ വൈകിട്ട് അടയ്ക്കും

ഡോ. സുൽഫി നൂഹുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇപ്രകാരം

ജിമ്മുകളിലെ പ്രോട്ടീനാദി ചൂർണ്ണം
7000 രൂപയെ!

ഇന്നലെ കടന്നുവന്ന രോഗിയുടെ അച്ഛന്‍റെ പ്രസ്താവന!
അദ്ദേഹം അല്പം അഭിമാനത്തോടെ പ്രഖ്യാപിച്ചു. 
മകൻ ജിമ്മനാണ് ; ഇന്നലെ കൂടി ഞാൻ വാങ്ങിക്കൊടുത്തതേയുള്ളൂ 7000 രൂപയുടെ പ്രോട്ടീൻ പൗഡർ!
ഞാനൊന്നുമറിയാത്ത പോലെ എത്ര പ്രോട്ടീൻ പൗഡറുണ്ടെന്ന് ചോദിച്ചു. 
"ഒരു ഹോർലിക്സ് കുപ്പിയുടെ അത്രയും."
7000 രൂപയ്ക്ക്. 
അതും തലച്ചോർ മുതൽ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങൾ അടങ്ങിയ പ്രോട്ടീൻ പൗഡർ. 
ജിം ട്രെയിനർ ,ഏതാണ്ട്, പത്താന്തരവും ഗുസ്തിയും നൽകിയ ഉപദേശം സ്വീകരിച്ചത് ഡെന്റൽ കോളേജ് വിദ്യാർത്ഥി. 
എങ്ങനുണ്ട്. 
ഈ  പ്രോട്ടീനാദി ഘടകത്തിലും ചൂർണ്ണത്തിലും  അടങ്ങിയിരിക്കുന്നത്,
ഇച്ചിരി 
പ്രോട്ടീനും 
ഇച്ചിരി 
ഹെവി മെറ്റൽസും
ഇച്ചിരി 
പഞ്ചസാരയും !
അങ്ങനെ കൊല്ലാക്കൊലയ്ക്ക് കൊടുക്കുന്ന പല സാധനങ്ങളുമുണ്ടെന്ന് നിരവധി പഠനങ്ങൾ പറയുന്നു!
ഈ 7000 രൂപയുടെ ചൂർണം വാങ്ങുന്നതിന് പകരം വീട്ടിലെ അടുക്കള, അല്ലെങ്കിൽ തീൻ മേശയിൽ പോയി നോക്കൂ. 
ഇതിൻറെ രണ്ട് ശതമാനം വിലയിൽ പ്രോട്ടീൻ ചുറ്റുമുണ്ട്. 
അത്,
മുട്ടയിൽ
ചിക്കനിൽ
മീനിൽ
പയറിൽ 
കപ്പലണ്ടിയിൽ
ക്യാഷ്യുനട്ടിൽ 
പാലിൽ
അങ്ങനെ പലതിലും.!
അതൊന്നും വേണ്ടാന്ന് വച്ചാണ് ആയിരം കോടിയുടെ പരസ്യം ചെയ്യുന്ന പ്രോട്ടീനാദി ചൂർണം ജിമ്മിലെ ഒരു മണിക്കൂർ വർക്ക് ഔട്ടിനു ശേഷം തട്ടി വിടുന്നത്.
അവരുടെ ഗംഭീര ലേബലിൽ കാണുന്നതല്ല പലതിലെയും  ഘടകങ്ങളെന്ന് വ്യക്തമായ തെളിവുകൾ.
ഈ പ്രോട്ടീനാധി ചൂർണ്ണം കഴിച്ച്
കിഡ്നി ഫംഗ്ഷൻ മാറിപ്പോകുന്ന
ഹെവി മെറ്റൽ ടോക്സിസിറ്റി വരുന്ന 
ഡയബറ്റിസ് കൂടുന്ന ധാരാളം പേരെ ദിവസവും ഡോക്ടർമാർ കാണുന്നുണ്ട്. 
ആ  ചൂർണമെടുത്ത് കുപ്പത്തൊട്ടിയിലേറിയൂ. 
പകരം
വീട്ടിലെ മുട്ടയും
വീട്ടിലെ പയറും 
വീട്ടിലെ ചിക്കനും 
വീട്ടിലെ മീനും
കഴിക്കൂ.
അച്ഛന്‍റെ 7000 ,പോക്കറ്റിലിരിക്കട്ടെ!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!