കൊവിഡിനെതിരെ പോരാടാന്‍ ചെടിയില്‍ നിന്നുള്ള മരുന്ന്; ഇന്ത്യയില്‍ പരീക്ഷണം തുടങ്ങി...

By Web Team  |  First Published Jun 6, 2020, 8:39 PM IST

പരമ്പരാഗത ചികിത്സാരീതികളില്‍ ഉപയോഗിച്ചിരുന്ന പച്ചമരുന്നുകളും മോഡേണ്‍ മെഡിസിനില്‍ നല്‍കുന്ന മരുന്നുകളും കൃത്യമായി രണ്ട് ധാരകളില്‍ തന്നെയാണ് ഇപ്പോഴും പൊയ്‌ക്കൊണ്ടിരിക്കുന്നത്. പലതരത്തിലുള്ള വാദപ്രതിവാദങ്ങളും ഈ വിഷയത്തില്‍ നടന്നുവരുന്നുമുണ്ട്


കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. രോഗകാരിയായ വൈറസിനെ തുരത്താനുള്ള വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ഓരോ രാജ്യവും. പല ഘട്ടങ്ങളിലായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേ, ചെടിയില്‍ നിന്ന് ഉത്പാദിപ്പിച്ചെടുത്ത മരുന്നില്‍ പരീക്ഷണം നടത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ഗവേഷകര്‍. 

ഡെങ്കു വൈറസിനെതിരെ പ്രയോഗിക്കാനാണ് 'ബ്രൂം ക്രീപ്പര്‍' എന്നറിയപ്പെടുന്ന ചെടിയില്‍ നിന്ന് ഗവേഷകലോകം ആദ്യമായി മരുന്ന് ഉത്പാദിപ്പിച്ചെടുത്തത്. 'എസിക്യൂഎച്ച്'എന്ന ഈ മരുന്നിന്റെ പരീക്ഷണഫലം ഞെട്ടിക്കുന്നതായിരുന്നത്രേ. അതായത്, പല തരം വൈറസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഇതിന് വലിയ തോതില്‍ കഴിവുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. 

Latest Videos

അതുകൊണ്ട് തന്നെ കൊവിഡ് 19നെതിരെയും ഇത് പ്രയോഗിക്കാനാകുമോ എന്ന് പരീക്ഷിക്കാന്‍ ഗവേഷകലോകം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 'ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ' (ഡിസിജിഐ) അനുമതി കൂടി ലഭിച്ചതോടെ പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ 'സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്' വെള്ളിയാഴ്ച, മരുന്നിന്റെ 'ക്ലിനിക്കല്‍ ട്രയല്‍' തുടങ്ങുകയായിരുന്നു. 

 

 

ഗവേഷകരംഗത്ത് സജീവമായിരിക്കുന്ന മറ്റ് പല സ്ഥാപനങ്ങളുടേയും സഹായത്തോടും പിന്തുണയോടും കൂടിയാണ് പരീക്ഷണം തുടങ്ങിയിരിക്കുന്നത്. സാധാരണഗതിയില്‍ മരുന്നുകളുടെ 'ക്ലിനിക്കല്‍ ട്രയല്‍' പൂര്‍ത്തിയാകാന്‍ ധാരാളം സമയമെടുക്കും. 'എസിക്യൂഎച്ച്' മരുന്നിന്റെ കാര്യത്തില്‍ മൂന്ന് മാസമോ, അതില്‍ക്കൂടുതല്‍ സമയമോ എടുത്തേക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. 

'എക്യൂസിഎച്ച് മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങി എന്നത് ഇന്ത്യയിലെ ആരോഗ്യരംഗത്തെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ വഴിത്തിരിവാണ്. രാജ്യത്തെ മോഡേണ്‍ മെഡിസിന്‍ ചരിത്രത്തിലും ഇതൊരു നാഴികക്കല്ലായിരിക്കും. കാരണം, നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതയെന്തെന്നാല്‍ നമുക്ക് ധാരാളം പരമ്പരാഗത മരുന്നുകളെ കുറിച്ചുള്ള അറിവുകളുണ്ട്. പലതും ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ഈ ഘട്ടത്തില്‍ അവയെ പുറത്തെടുക്കാനുള്ള അവസരം ഉണ്ടാവുകയാണ്...'- കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ മാണ്ഡെ പറയുന്നു. 

പുതിയ മരുന്ന് ഇന്ത്യയിലെ 12 കേന്ദ്രങ്ങളിലായി 210 രോഗികളില്‍ പരീക്ഷിക്കാനാണ് ഗവേഷകര്‍ ഒരുങ്ങുന്നത്. പരമ്പരാഗത ചികിത്സാരീതികളില്‍ ഉപയോഗിച്ചിരുന്ന പച്ചമരുന്നുകളും മോഡേണ്‍ മെഡിസിനില്‍ നല്‍കുന്ന മരുന്നുകളും കൃത്യമായി രണ്ട് ധാരകളില്‍ തന്നെയാണ് ഇപ്പോഴും പൊയ്‌ക്കൊണ്ടിരിക്കുന്നത്. പലതരത്തിലുള്ള വാദപ്രതിവാദങ്ങളും ഈ വിഷയത്തില്‍ നടന്നുവരുന്നുമുണ്ട്. 

Also Read:- കൊവിഡ് 19 വാക്‌സിന്‍; നിലവില്‍ ഇന്ത്യയുടെ അവസ്ഥ ഇങ്ങനെ...

 

 

'2015ല്‍ ഒരു വിഭാഗം പച്ചമരുന്നുകളെ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍  അംഗീകരിച്ചിരുന്നു. ഇവയെ പിന്നീട് ഇന്ത്യയും അംഗീകരിച്ചിരുന്നു. എന്നാല്‍ മരുന്നുകളുടെ ക്ലിനിക്കല്‍ ട്രയല്‍ നടന്നിരുന്നില്ല. ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. പുതിയ പരീക്ഷണങ്ങള്‍ക്കുള്ള സാധ്യതകള്‍ കൂടി ഇപ്പോള്‍ പരിഗണിക്കപ്പെടുന്നുണ്ട്...'- ഡോ. ശേഖര്‍ മാണ്ഡെ പറയുന്നു.

Also Read:- കൊവിഡിന് പരീക്ഷിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിനെതിരെയുള്ള നിർണായക പഠനം പിൻവലിച്ച് ലാൻസെറ്റ് ജേർണൽ...

click me!