കൊവിഡ് 19 വാക്‌സിന്‍; നിലവില്‍ ഇന്ത്യയുടെ അവസ്ഥ ഇങ്ങനെ...

By Web Team  |  First Published May 24, 2020, 5:02 PM IST

പല ഇന്ത്യന്‍ കമ്പനികളും വിദേശസഹായത്തോട് കൂടിയാണ് വാക്‌സിന്‍ ഉത്പാദനത്തിനായുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എങ്കിലും അടുത്ത ഒരു വര്‍ഷത്തേക്ക് വാക്‌സിന്‍ കണ്ടെത്താന്‍ കഴിയില്ലെന്ന് തന്നെയാണ് സൂചന. വാക്‌സിന്‍ കണ്ടെത്തി, അത് മൃഗങ്ങളില്‍ പരീക്ഷിച്ച ശേഷം മാത്രമേ മനുഷ്യരില്‍ പ്രയോഗിക്കൂ


ലോകരാജ്യങ്ങളെ ആകെയും ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് എന്ന പകര്‍ച്ചവ്യാധിയുടെ വ്യാപനം തുടരുന്നത്. ആഗോളതലത്തല്‍ അരക്കോടിയിലധികം മനുഷ്യരാണ് ഇപ്പോള്‍ കൊവിഡ് 19 രോഗത്തോട് മല്ലിട്ടുകൊണ്ടിരിക്കുന്നത്. മുന്നേകാല്‍ ലക്ഷം പേര്‍ ഇതിനോടകം മരണത്തിന് കീഴടങ്ങിയിരിക്കുന്നു. 

ഇന്ത്യയിലാണെങ്കില്‍ ഒരുലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. ഇതില്‍ 3,867 പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്തുണ്ടായിരിക്കുന്നത്. 

Latest Videos

ഈ ആശങ്കകള്‍ക്കിടെ കൊവിഡ് 19നെ പ്രതിരോധിക്കാന്‍ കഴിവുള്ള വാക്‌സിന്‍ എന്ന് എത്തുമെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുക തന്നെയാണ്. പല രാജ്യങ്ങളും വാക്‌സിന്‍ ഉത്പാദിപ്പിച്ച് അത് പരീക്ഷിക്കുന്ന ഘട്ടങ്ങളിലെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ അവസ്ഥ എന്താണെന്ന് അറിയേണ്ടേ?

 

 

ഇന്ത്യയിലും വാക്‌സിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ നമ്മള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വാക്‌സിന്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണെന്നാണ് വിദഗ്ദര്‍ തന്നെ വ്യക്തമാക്കുന്നത്. 

പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലേയും കമ്പനികള്‍ ഒത്തൊരുമിച്ചാണ് ഇന്ത്യയില്‍ വാക്‌സിന്‍ ഉത്പാദനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

'സൈഡസ് കാഡില' എന്ന പ്രമുഖ ഇന്ത്യന്‍ കമ്പനി രണ്ട് തരം വാക്‌സിനുകളുടെ ഉത്പാദനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 'സെറം ഇന്‍സ്റ്റിറ്റ്യൂട്ട്', 'ബയോളജിക്കല്‍ -ഇ', 'ഭാരത് ബയോട്ടെക്', 'ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ്', 'മൈന്‍വാക്‌സ്'  എന്നീ കമ്പനികള്‍ ഓരോ വാക്‌സിന്‍ വീതവും ഉത്പാദിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. 

ഇതില്‍ 'സെറം ഇന്‍സ്റ്റിറ്റ്യൂട്ട്', 'സൈഡസ് കാഡില', 'ഇന്ത്യന്‍ ഇമ്മ്യൂളോജിക്കല്‍സ് ലിമിറ്റഡ്', 'ഭാരത് ബയോട്ടെക്' എന്നീ കമ്പനികളെ വാക്‌സിന്‍ ഉത്പാദനത്തിലേര്‍പ്പെട്ടിരിക്കുന്ന ലോക കമ്പനികളുടെ പട്ടികയില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

 

 

പല ഇന്ത്യന്‍ കമ്പനികളും വിദേശസഹായത്തോട് കൂടിയാണ് വാക്‌സിന്‍ ഉത്പാദനത്തിനായുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എങ്കിലും അടുത്ത ഒരു വര്‍ഷത്തേക്ക് വാക്‌സിന്‍ കണ്ടെത്താന്‍ കഴിയില്ലെന്ന് തന്നെയാണ് സൂചന. വാക്‌സിന്‍ കണ്ടെത്തി, അത് മൃഗങ്ങളില്‍ പരീക്ഷിച്ച ശേഷം മാത്രമേ മനുഷ്യരില്‍ പ്രയോഗിക്കൂ. 

Also Read:- വാക്സിനില്‍ മുന്നേറ്റമെന്ന് ചൈന; പരീക്ഷണം നടത്തിയത് 108 പേരില്‍...

ഇതില്‍ മൃഗങ്ങളില്‍ പരീക്ഷിക്കാനുള്ള ഘട്ടം വരെ എത്താന്‍ മാത്രം ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുഎസും ചൈനയും വാക്‌സിന്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലെത്തിയത് ആ രാജ്യങ്ങള്‍ ആദ്യം രോഗത്തെ നേരിടേണ്ടിവന്നതിനാലാണെന്നും, ഇന്ത്യ എപ്പോള്‍ മുതലാണ് രോഗത്തെ അഭിമുഖീകരിച്ചുതുടങ്ങിയത് എന്നത് വച്ചുനോക്കുമ്പോള്‍ വാക്‌സിന്‍ ഉത്പാദനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ അത്രയൊന്നും വൈകിയിട്ടില്ലെന്നാണ് മനസിലാകുന്നതെന്നും മറ്റൊരു വിഭാഗം ഗവേഷകര്‍ പറയുന്നു. 

മാത്രമല്ല, ഇന്ത്യയില്‍ പ്രതിഭാശാലികളായ ഗവേഷകരും ഗവേഷണത്തിനുള്ള സൗകര്യങ്ങളുമെല്ലാം ഇന്ന് ഉണ്ടെന്നാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു.

Also Read:- വാക്‌സിന്‍ കൂടാതെ തന്നെ കൊവിഡ് സുഖപ്പെടുത്താം എന്ന അവകാശവാദവുമായി ചൈനീസ് ലബോറട്ടറി...

click me!