'എച്ച്എംപി വൈറസ് പുതിയതല്ല, മാരകവുമല്ല': അനാവശ്യഭീതി പരത്തരുതെന്ന് ഐഎംഎ 

By Web Desk  |  First Published Jan 7, 2025, 9:20 PM IST

കൊവിഡിനു മുന്നേ ഈ വൈറസുള്ളതാണ്. ഇത് ചൈനയില്‍ നിന്നു വന്നതോ പുതിയ വൈറസോ അല്ല. ഇത്തരത്തില്‍ അനാവശ്യമായി ഭീതി പരത്തുന്നത് അവസാനിപ്പിക്കണം.


കൊച്ചി: എച്ച്എംപി പുതിയ വൈറസോ ഇത് മറ്റൊരു മഹാമാരിയോ അല്ലെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യമില്ലെന്നും ഐഎംഎ കൊച്ചി അറിയിച്ചു. പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം,  ഐ.എം.എ കൊച്ചി സയിന്റിഫിക് കമ്മിറ്റി ചെയര്‍മാനും മുഖ്യവക്താവുമായ ഡോ. രാജീവ് ജയദേവന്‍, ഡോ. എം. ഐ ജുനൈദ് റഹ്മാന്‍, ഐ.എ.പി മുന്‍ ദേശീയ പ്രസിഡന്റ് ഡോ. സച്ചിദാനന്ദ കമ്മത്ത്, ഐ.എ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എം. നാരയണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞ്. എച്ച്.എം.പി.വി വൈറസ് കൊവിഡ് 19 ന് സമാനമാണെന്ന രീതിയിലുള്ള പ്രചാരണം അനാവശ്യമാണ്.

കൊവിഡിനു മുന്നേ ഈ വൈറസുള്ളതാണ്. ഇത് ചൈനയില്‍ നിന്നു വന്നതോ പുതിയ വൈറസോ അല്ല. ഇത്തരത്തില്‍ അനാവശ്യമായി ഭീതി പരത്തുന്നത് അവസാനിപ്പിക്കണം. ജലദോഷം പരത്തുന്ന വൈറസുകളുടെ സ്ഥിരം പട്ടികയില്‍ വരുന്നതാണ് എച്ച്.എം.പി.വി. ഇതിനെ പുതിയ വൈറസ് രോഗമായ കൊവിഡുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. 

Latest Videos

കഴിഞ്ഞ വർഷങ്ങളിലും ഇന്ത്യയിൽ പലയിടത്തായി  എച്ച്.എം.പി വൈറസ് ബാധിച്ചു. ഇന്‍ഫുളുവന്‍സ,എച്ച് വണ്‍ എന്‍ വണ്‍, അടക്കമുള്ള വൈറസുകളെ പരിശോധനയില്‍ കണ്ടെത്തുന്നതിനൊപ്പം  എച്ച്.എം.പി.വി വൈറസും കണ്ടെത്തിയിട്ടുള്ളതാണ്. പുതിയതായി കണ്ടെത്തിയത് എന്നു പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. ജലദോഷം ബാധിച്ച എല്ലാവർക്കും ഇത്തരം ചിലവേറിയ പരിശോധനകളുടെ ആവശ്യവുമില്ല. 

 ആസ്മ, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ക്കു മാത്രമായിരിക്കും എച്ച്.എം.പി.വി വൈറസ് അല്‍പ്പം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചിലപ്പോൾ ആശുപത്രി വാസം വേണ്ടിവരികയും ചെയ്യുക. എച്ച്. എം.പി.വി വൈറസിനെതിരെ നിലവില്‍ പ്രത്യേക ആന്റിവൈറൽ മരുന്നുകളോ, വാക്‌സിനുകളോ നിർദ്ദേശിക്കപ്പെട്ടിട്ടില്ല. അത്രയും ഗുരുതരമല്ലാത്തതിനാലാണ് വാക്‌സിനിലേക്കൊന്നും പോകാത്തത്. 

Read More... പോഷകാഹാരം, ധാരാളം വെള്ളം, ആന്റിബയോട്ടിക് വേണ്ട; എച്ച് എം പി വൈറസിനെ നേരിടാന്‍ നിര്‍ദേശവുമായി എയിംസ് മുൻ ഡോക്ടർ

ശൈത്യകാലത്താണ് എച്ച്.എം.പി.വി വൈറസ് ബാധ വര്‍ധിക്കുന്നത്. ചൈനയില്‍ ഇപ്പോള്‍ ശൈത്യകാലമാണ്.  ജലദോഷം വന്നാല്‍ പോലും അവിടുള്ളവര്‍  വലിയ ആശുപത്രികളിലാണ് ചികില്‍സ തേടുന്നത്. ഒപ്പം നിസ്സാരപ്രശ്നങ്ങൾക്കു പോലും ഐ.വി ഡ്രിപ്പ് ഇടുന്നതും ശീലമാണ്. അതിനാൽ ശൈത്യകാലത്ത് വടക്കൻ ചൈനയില്‍ ആശുപത്രികളില്‍ വലിയ തിരക്കു പതിവാണ്. ഇതിന്റെയെല്ലാം ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ വീണ്ടും മഹാമാരി വരുന്നുവെന്ന തലക്കെട്ടോടു കൂടി അനാവശ്യ ഭീതി പരത്തി പ്രചരിപ്പിക്കുന്നതെന്നും ഇത് കണ്ട് ആരും ഭയചകിതരാകേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഐ.എം.എ കൊച്ചി മുന്‍ പ്രസിഡന്റ് ഡോ. എം. എം ഹനീഷ്,  ഐ.എം.എ കൊച്ചി സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ട്രഷറര്‍ ഡോ. ബെന്‍സീര്‍ ഹുസൈന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

click me!