ഇനി മുതൽ 30 സെക്കൻഡിനുള്ളിൽ പാലിൽ മായം ഉണ്ടോയെന്ന് കണ്ടെത്താം

By Web Team  |  First Published Mar 28, 2023, 11:10 AM IST

മായം ചേർക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഒരു മില്ലി ലിറ്റർ ദ്രാവകം മാത്രമേ സാമ്പിളായി ഉപയോഗിക്കൂവെന്നും പല്ലബ് സിൻഹ മഹാപത്ര പറഞ്ഞു.  'നേച്ചർ' എന്ന പിയർ റിവ്യൂ ജേണലിൽ ​ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. 


പാലിൽ മായം ചേർക്കുന്നത് കണ്ടെത്താൻ പോക്കറ്റ് ഫ്രണ്ട്‌ലി ഉപകരണം വികസിപ്പിച്ച് മദ്രാസ് ഐഐടിയിലെ ഗവേഷകർ. 30 സെക്കൻഡിനുള്ളിൽ പാലിലെ മായം കണ്ടെത്തുന്ന ത്രിമാന പേപ്പർ അധിഷ്ഠിത പോർട്ടബിൾ ഉപകരണമാണ് ​ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

യൂറിയ, ഡിറ്റർജന്റുകൾ, സോപ്പ്, അന്നജം, ഹൈഡ്രജൻ പെറോക്സൈഡ്, സോഡിയം-ഹൈഡ്രജൻ-കാർബണേറ്റ് തുടങ്ങിയ മായം ചേർക്കുന്ന വസ്തുക്കളായി ഉപയോഗിക്കുന്ന വസ്തുക്കളെ കണ്ടെത്താൻ വീട്ടിൽ തന്നെ നടത്താവുന്ന പരിശോധനയ്ക്ക് കഴിയും.

Latest Videos

undefined

ഒരേസമയം ഒന്നിലധികം മായം കലർത്തുന്നവ കണ്ടെത്താനാകുമെന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത. പാലിൽ യൂറിയ, ഡിറ്റർജന്റുകൾ, ഹൈഡ്രജൻ പെറോക്‌സൈഡ് എന്നിവയുൾപ്പെടെ ഏഴ് മായം കലർന്ന വസ്തുക്കളെ വിശദമായ ഇടപെടലിലൂടെ കണ്ടെത്തിയതായി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ പല്ലബ് സിൻഹ മഹാപത്ര പറഞ്ഞു. 

മായം ചേർക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഒരു മില്ലി ലിറ്റർ ദ്രാവകം മാത്രമേ സാമ്പിളായി ഉപയോഗിക്കൂവെന്നും അദ്ദേഹം പറഞ്ഞു.  'നേച്ചർ' എന്ന പിയർ റിവ്യൂ ജേണലിൽ ​ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. കൈയിലൊതുക്കാവുന്ന ഈ ഉപകരണം കൊണ്ട് 30 സെക്കൻഡിൽ പാലിലെ മായം കണ്ടെത്താമെന്നും ​ഗവേഷകർ പറയുന്നു.

ഉപകരണത്തിന്റെ മുകളിലൊഴിക്കുന്ന പാൽ താഴേക്ക്‌ ഊർന്നിറങ്ങുമ്പോൾ മായമുണ്ടെങ്കിൽ കാർഡിലെ രാസവസ്തുക്കൾ അതുമായി പ്രതിപ്രവർത്തിച്ച്‌ നിറംമാറ്റം ദൃശ്യമാകും. പാലിലെ സ്വാഭാവികഘടകങ്ങളുമായി അവ പ്രതിപ്രവർത്തിക്കുകയില്ല. പാലിനു പുറമേ ജ്യൂസിലെയും മറ്റു പാനീയങ്ങളിലെയും മായവും ഇതേരീതിയിൽ കണ്ടെത്താനാവുമെന്ന് പല്ലബ് സിൻഹ മഹാപത്ര പറഞ്ഞു. 

വികസ്വര രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാൻ, ചൈന, ബ്രസീൽ എന്നിവിടങ്ങളിൽ പാലിൽ മായം ചേർക്കുന്നത് വർദ്ധിച്ചുവരുന്ന ഭീഷണിയാണ്...- ഐഐടി മദ്രാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മായം കലർന്ന പാലിന്റെ ഉപയോഗം കിഡ്‌നി പ്രശ്‌നങ്ങൾ, ശിശുമരണം, ദഹനനാളത്തിന്റെ സങ്കീർണതകൾ, വയറിളക്കം, കാൻസർ എന്നിവയ്ക്ക് കാരണമാകാം.

ഹീമോഗ്ലോബിൻ അളവ് കൂട്ടാൻ സഹായിക്കുന്ന ഇരുമ്പ് അടങ്ങിയ നാല് ഭക്ഷണങ്ങൾ

 

 

click me!