തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് പ്രധാന രോഗങ്ങള്‍. ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഹോർമോൺ ഉത്‌പാദിപ്പിക്കാനാവാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയ്‌ഡിസം.
ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. കഴുത്തിന്‍റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയ്ഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയ്ഡിസം, ഹൈപ്പോ തൈറോയ്ഡിസം) പ്രധാന രോഗങ്ങള്‍. ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഹോർമോൺ ഉത്‌പാദിപ്പിക്കാനാവാത്ത അവസ്ഥയാണ് ഹൈപ്പോ തൈറോയ്‌ഡിസം എന്ന് പറയുന്നത്. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തില്‍ പ്രകടമാകുന്നവയുമാണ്. കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, കാഴ്‌ചയിൽ കഴുത്തിൽ മുഴപോലെ വീർപ്പു കാണുക, അടഞ്ഞ ശബ്‌ദം, എന്നിവയെല്ലാം തൈറോയ്‌ഡ് പ്രശ്‌നങ്ങളുടെ സൂചനകളാകാം. അതുപോലെ തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. തൈറോയ്‌ഡ് ഹോർമോണുകൾ കൂടിയാൽ ശരീരഭാരം കുറയും. ഹോർമോൺ കുറഞ്ഞാൽ ശരീരഭാരം കൂടും. അതിനാല്‍ ശരീരത്തിന്‍റെ ഭാരവ്യതിയാനങ്ങളും ശ്രദ്ധിക്കണം.
ആഹാരത്തിലും വ്യായാമത്തിലും ശ്രദ്ധിച്ചിട്ടും കൊളസ്‌ട്രോൾ ലെവൽ ഉയരുന്നുണ്ടെങ്കില്‍, ചിലപ്പോള്‍ അത് ഹൈപ്പോ തൈറോയ്‌ഡിസം ആകാം. കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർ തൈറോയിഡിസത്തിന്‍റെ ലക്ഷണമാകാം. അതിനാല്‍ കൊളസ്‌ട്രോൾ ലെവൽ ഇടയ്ക്ക് പരിശോധിക്കുന്നത് നല്ലതാണ്. ഹൈപ്പോതൈറോയിഡിസമുള്ളവരിൽ അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആർത്തവം വരാം. സമയം തെറ്റി വരുന്ന ആർത്തവം, ശുഷ്‌കമായ ആർത്തവദിനങ്ങൾ, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലരില്‍ തൈറോയ്ഡ് രോഗം വന്ധ്യതയ്ക്ക് കാരണമാകാം. ഈ പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉള്ളവര്‍ തൈറോയ്ഡ് പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം.
ഹൈപ്പോതാറോയ്ഡിസം ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...
ഹൈപ്പോതാറോയ്ഡിസം ഉള്ളവര്‍ ഗോയിട്രോജൻ, ഗ്ലൂട്ടന്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. തൈറോയ്ഡ് ഗ്രന്ഥിയുടെ സാധാരണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നവയാണ് ഗോയിട്രോജൻ അടങ്ങിയ ഭക്ഷണങ്ങൾ. അതിനാല്‍ ബ്രൊക്കോളി, കാബേജ്, കോളിഫ്ളവര്‍, പീച്ച് പഴം, സോയ, കൊഴുപ്പുള്ള ഭക്ഷണം, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ഹൈപ്പോ തൈറോയ്ഡിസം ഉള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ ഹൈപ്പോതൈറോയിഡിസമുള്ളവര്‍ പരിമിതപ്പെടുത്തുന്നതാണ് ഉചിതം.