കൗമാരപ്രായത്തിലുള്ള മക്കളുമായി 'സെക്സ്' സംസാരിക്കേണ്ടത് എങ്ങനെ?

By Web Team  |  First Published Oct 30, 2022, 11:27 PM IST

കുട്ടികള്‍ക്ക് ലൈംഗികവിദ്യാഭ്യാസം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതകളുണ്ടാകുന്നുമില്ല. എന്നാല്‍ വീടുകളില്‍ മാതാപിതാക്കള്‍ക്ക് തന്നെ ആരോഗ്യകരമായ രീതിയില്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാവുന്നതേയുള്ളൂ.


സെക്സ് അഥവാ ലൈംഗികതയെ കുറിച്ച് പൊതുവെ തുറന്ന് സംസാരിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യുന്നതിനെ മോശമായി കണക്കാക്കുന്ന പ്രവണതയാണ് ഇന്നും നമ്മുടെ സമൂഹത്തിലുള്ളത്. ഈ കാഴ്ചപ്പാട് വളരെയധികം പ്രശ്നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കുന്നുമുണ്ട്.

മുതിര്‍ന്നവരെ മാത്രമല്ല, കുട്ടികളെയും കൗമാരക്കാരെയുമെല്ലാം ഇത് നല്ലരീതിയില്‍ ബാധിക്കുന്നു എന്നതാണ് സത്യം. കുട്ടികള്‍ക്ക് ലൈംഗികവിദ്യാഭ്യാസം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതകളുണ്ടാകുന്നുമില്ല. എന്നാല്‍ വീടുകളില്‍ മാതാപിതാക്കള്‍ക്ക് തന്നെ ആരോഗ്യകരമായ രീതിയില്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാവുന്നതേയുള്ളൂ.

Latest Videos

ഇതിന് ആദ്യം കുട്ടികളുമായി സൗഹാര്‍ദ്ദപരമായ ബന്ധം ഉണ്ടാക്കിയെടുക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. ഇനി, കുട്ടികളുമായി എങ്ങനെയാണ് 'സെക്സ്' ചര്‍ച്ച ചെയ്യേണ്ടത് എന്ന് പരിശോധിക്കാം. 

ഒന്ന്...

കുട്ടികളുമായി ഈ വിഷയം സംസാരിക്കുന്നതിന് മുമ്പ് അവര്‍ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും അതിനുള്ള കൃത്യമായ ഉത്തരവും നിങ്ങള്‍ അറിഞ്ഞിരിക്കണം. കുട്ടികളുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയോ അവരെ വഴിതിരിച്ച് വിടുകയോ അല്ല ചെയ്യേണ്ടത്. ഓര്‍ക്കുക, നിങ്ങള്‍ കൗമാരത്തിലേക്ക് കടന്ന വ്യക്തികളോടാണ് സംസാരിക്കുന്നത്. അവര്‍ക്ക് ഇക്കാര്യങ്ങളെല്ലാം മനസിലാകുന്ന പ്രായമാണ്.

രണ്ട്...

നിങ്ങള്‍ മനസിലാക്കിയും അറിഞ്ഞും വച്ച കാര്യങ്ങള്‍ മുൻനിര്‍ത്തി പതിയെ കുട്ടികളോട് ലൈംഗികത സംബന്ധിച്ച സംസാരങ്ങളിലേക്ക് കടക്കാം. ആരോഗ്യകരമായ സ്പര്‍ശം, പ്രണയബന്ധം, അനാരോഗ്യകരമായ ബന്ധങ്ങള്‍, സ്പര്‍ശം- എന്നിങ്ങനെ ലളിതമായി സംസാരിച്ചുതുടങ്ങാം. പിന്നീട് അല്‍പം കൂടി വിശദമായ ഘട്ടങ്ങളിലേക്ക് കടക്കം. 

മൂന്ന്...

കൗമാരത്തിലേക്ക് കടന്ന കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് ലൈംഗികതയുമായി ബന്ധപ്പെട്ട പല വിവരങ്ങളും ലഭിച്ചുതുടങ്ങിക്കാണും. സുഹൃത്തുക്കളില്‍ നിന്നോ, നാട്ടിലുള്ള ആളുകളില്‍ നിന്നോ, മുതിര്‍ന്നവരുടെ സംഭാഷണശകലങ്ങളില്‍ നിന്നോ, സിനിമയില്‍ നിന്നോ വാര്‍ത്തകളില്‍ നിന്നോ എല്ലാമാകാം അവര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതെല്ലാം മാതാപിതാക്കള്‍ അറിയണം. അവര്‍ അശാസ്ത്രീയമായ വിവരങ്ങള്‍ ശേഖരിക്കുന്നുവെങ്കില്‍ അത് തടയുകയും വേണം. 

നാല്...

കുട്ടികളോട് ഒരിക്കലും സെക്സിനെ കുറിച്ച് മോശമായി സംസാരിക്കരുത്. ആരോഗ്യകരമായ ലൈംഗികത- അനാരോഗ്യകരമായത്, വ്യക്തികളുടെ അഭിരുചി എന്നീ കാര്യങ്ങളെ കുറിച്ചെല്ലാം അവര്‍ക്ക് സൂചനകളുണ്ടായിരിക്കണം. ലൈംഗികത പാപമാണ്, അത് മോശമാണ് തുടങ്ങിയ രീതിയില്‍ അവരെ സ്വാധീനിക്കാതിരിക്കുക. ഇത് ഭാവിയില്‍ അവരില്‍ ധാരാളം മാനസിക- ശാരീരികപ്രശ്നങ്ങള്‍ സൃഷ്ടിക്കാം. 

അഞ്ച്...

കൗമാരകാലമെന്നത് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലുമെല്ലാം നിറയെ മാറ്റങ്ങളുണ്ടാകുന്ന സമയമാണ്. വളരെ പോസിറ്റീവ് ആയ രീതിയില്‍ ഈ മാറ്റങ്ങളെ എടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക. പ്രത്യേകിച്ച് പെണ്‍കുട്ടികളെ. മറിച്ചാണെങ്കില്‍ വളര്‍ന്നുവരുമ്പോള്‍ അപകര്‍ഷത പോലുള്ള പ്രശ്നങ്ങളും ഇതിന്‍റെ അനുബന്ധമായ ബുദ്ധിമുട്ടുകളുമെല്ലാം കുട്ടികള്‍ നേരിട്ടേക്കാം. 

ആറ്...

ലൈംഗികതയെ പറ്റി പറഞ്ഞുപോകുമ്പോള്‍ തന്നെ സുരക്ഷിത ലൈംഗികത, ഗര്‍ഭധാരണം, ലൈംഗികരോഗങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളും പ്രതിപാദിക്കണം. ഇവയെ കുറിച്ച് നേരിട്ട് സംസാരിക്കാൻ മാതാപിതാക്കള്‍ക്ക് വിഷമം തോന്നിയാല്‍ പുസ്തകങ്ങളോ, ഡോക്യുമെന്‍ററികളോ, ലേഖനങ്ങളോ എല്ലാം നിര്‍ദേശിക്കാം. എന്തായാലും അശാസ്ത്രീയമായ വിവരങ്ങള്‍ ഇവര്‍ ശേഖരിക്കാതിരിക്കാൻ പ്രത്യേകമായി കരുതലെടുക്കുക. 

Also Read:- സ്വന്തം രതിമൂര്‍ച്ഛയോട് അലര്‍ജി; പുരുഷന്മാരിലെ അസാധാരണമായ പ്രശ്നം!

click me!