തമാശ ആസ്വദിക്കാനും ചിരിക്കാനുമുള്ള കഴിവുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കുള്ള ഗുണം...

By Web Team  |  First Published Jun 25, 2023, 8:21 PM IST

സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദം വലിയ തോതില്‍ ആളുകളെ കടന്നുപിടിക്കുന്നൊരു വര്‍ത്തമാനകാലത്തില്‍ ചിരിയുടെയും സന്തോഷത്തിന്‍റെയും പ്രാധാന്യത്തെ കുറിച്ച് ഊന്നി സംസാരിക്കേണ്ടതായി വരാം.


തിരക്ക് പിടിച്ച ജീവിതസാഹചര്യങ്ങളിലൂടെയാണ് ഇന്ന് മിക്കവരും കടന്നുപോകുന്നത്. ഒരു വീട്ടിലെ എല്ലാ അംഗങ്ങളും ജോലിക്കായും പഠനത്തിനായുമെല്ലാം പുറത്തുപോകുന്നത് ഇന്ന് സര്‍വസാധാരണമായ കാഴ്ചയാണ്. ഇത്തരത്തില്‍ എല്ലാവരും തിരക്കിലായി പോകുന്നതോടെ ജീവിതത്തില്‍ നിന്ന് ആഹ്ളദവും ചിരിയുമെല്ലാം ഇല്ലാതായിപ്പോകുന്നതും പലപ്പോഴും വലിയ വിഷയമാണ്.

സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദം വലിയ തോതില്‍ ആളുകളെ കടന്നുപിടിക്കുന്നൊരു വര്‍ത്തമാനകാലത്തില്‍ ചിരിയുടെയും സന്തോഷത്തിന്‍റെയും പ്രാധാന്യത്തെ കുറിച്ച് ഊന്നി സംസാരിക്കേണ്ടതായി വരാം.

Latest Videos

ചിരിയും സന്തോഷവുമെല്ലാം എത്രത്തോളം പ്രധാനമാണ് എന്നത് ഇവ നമ്മളിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചറിയുമ്പോഴാണ് മനസിലാവുക. തമാശ പറയാനോ, ആസ്വദിക്കാനോ എല്ലാം കഴിയുന്നത്- നിത്യജീവിതത്തെ എങ്ങനെയെല്ലാം ഭംഗിയാക്കുമെന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

നമ്മള്‍ ചിരിക്കുന്നതിന് അനുസരിച്ച് നമ്മുടെ സ്ട്രെസ് ഹോര്‍മോണുകള്‍ കുറയുന്നു. ഇതോടെ മാനസികസമ്മര്‍ദ്ദത്തില്‍ നിന്ന് മോചനം നേടാനും, അതുവഴി ഒരുപാട് മാനസിക- ശാരീരികപ്രശ്നങ്ങളെ ചെറുക്കാനും, ഫലവത്തായി ജോലി ചെയ്യാനോ പഠിക്കാനോ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ, ആരോഗ്യകരമായി ബന്ധങ്ങള്‍ കൊണ്ടുപോകാനോ എല്ലാം കഴിയുന്നു. 

രണ്ട്...

ചിരിക്കുന്നതിന് അനുസരിച്ച് സ്ട്രെസ് ഹോര്‍മോണ്‍ കുറയുന്നതിനെ കുറിച്ച് സൂചിപ്പിച്ചുവല്ലോ. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെയും മെച്ചപ്പെടുത്തുന്നു. പല രോഗങ്ങളെയും അണുബാധകളെയുമെല്ലാം ചെറുക്കാൻ ഇതോടെ ശരീരം പ്രാപ്തമാകുന്നു. 

മൂന്ന്...

ചിരിക്കുന്നത് നമ്മുടെ നെഞ്ചിടിപ്പ് കൂട്ടും. ഒപ്പം തന്നെ ഓക്സിജൻ നിലയും വര്‍ധിപ്പിക്കും. ഇതെല്ലാം ഹൃദയാരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കും. അതായത്, പതിവായി ചിരിക്കുന്നവരുടെ ഹൃദയത്തിന് ഇതുകൊണ്ട് ഗുണമുണ്ട് എന്നര്‍ത്ഥം. 

നാല്...

ചിരിയും ശരീരഭാരവും തമ്മിലും ബന്ധമുണ്ട്. അതെങ്ങനെയെന്ന് പറയാം. ചിരിക്കുന്നത് നമ്മുടെ ശരീരത്തിലെ കലോറി എരിച്ചുകളയുന്നതിന് സഹായിക്കുമത്രേ. 10-15 മിനുറ്റ് നേരത്തെ ചിരി തന്നെ കലോറി എരിച്ചുകളയുന്നതിന് സഹായിക്കുന്നു. സ്ട്രെസ് ഹോര്‍മോണും കൂടി കുറയുന്നതോടെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഫലം കിട്ടുന്നു. ചിരി ഒരു വ്യായാമമായി തന്നെ ചെയ്യുന്നവരുണ്ട്. അതിന്‍റെ ഒരു ലക്ഷ്യം തീര്‍ച്ചയായും ഇതുതന്നെയാണ്. അതേസമയം എന്നും ഒരുപാട് നേരം ചിരിക്കുക മാത്രം ചെയ്താല്‍ വണ്ണം കുറയുമെന്നല്ല കെട്ടോ. വണ്ണം കുറയ്ക്കാനുള്ള മറ്റ് ശ്രമങ്ങള്‍ക്കൊപ്പം ഇതും നിങ്ങള്‍ക്ക് പരിശീലിക്കാമെന്ന് സാരം. 

അഞ്ച്...

ചിരിക്കുന്നത് എപ്പോഴും നമ്മുടെ മാനസികാരോഗ്യത്തെ വളരെ പോസിറ്റീവായാണ് സ്വാധീനിക്കുക. സ്ട്രെസ് കുറഞ്ഞ് സന്തോഷം കൂടുക കൂടി ചെയ്യുന്നതോടെ ഇത് നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളിലും മികച്ച ഫലമുണ്ടാക്കുന്നു. നന്നായി ജോലി ചെയ്യാനും, പ്രസരിപ്പോടെ നടക്കാനും, എല്ലാവരുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കാനും, നല്ല ഉറക്കത്തിനുമെല്ലാം ഈ മനോഭാവം ഗുണം ചെയ്യുന്നു. 

Also Read:- കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ 'വഴി തെറ്റുന്നതിന്' പിന്നിലെ വലിയൊരു കാരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!