അസിഡിറ്റിയെ തടയാന്‍ ഇതാ ചില എളുപ്പവഴികള്‍...

By Web Team  |  First Published Feb 15, 2023, 4:27 PM IST

അസിഡിറ്റിയെ ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത് എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കാനും ശ്രദ്ധിക്കുക. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ കഴിക്കുന്നത് നല്ലതാണ്. 


അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. മറ്റ് എന്തെങ്കിലും രോഗമാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങളോടെയാണ് അസിഡിറ്റി ഉണ്ടാകുന്നത്. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.

ജോലിത്തിരക്കിനിടയില്‍ ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുക, ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങള്‍, പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, പഴകിയതും ദുഷിച്ചതുമായ മത്സ്യമാംസങ്ങള്‍, എരിവും പുളിയും മസാലയും അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍, മാനസിക സംഘര്‍ഷം, തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. അസിഡിറ്റിയെ ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത് എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കാനും ശ്രദ്ധിക്കുക. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ കഴിക്കുന്നത് നല്ലതാണ്. 

Latest Videos

അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1) കഫൈന്‍ അടങ്ങിയ ഭക്ഷണം പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 
2) എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കുക. 
3) ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്. 
4) ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തില്‍ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി ഒഴിവാക്കാനും ശ്രദ്ധിക്കുക. 
5) ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.  
6) ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച് കഴിച്ചാൽ ഇത് ദഹനത്തെ സാരമായി ബാധിക്കുകയും ആസിഡ് ഉത്പാദനം കൂടാൻ കാരണമാവുകയും ചെയ്യും.
7) അച്ചാറുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.
8) ഭക്ഷണത്തിന് ശേഷം ഗ്രാമ്പു വായിലിട്ട് ചവക്കുന്നത് അസിഡിറ്റി നിയന്ത്രിക്കാന്‍ സഹായിക്കും. 
9) ദഹനത്തെ സഹായിക്കാൻ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക.
10) ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: തിളക്കമുള്ള ചര്‍മ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

click me!