ഭക്ഷണം ശരിയായാല്‍ തന്നെ ആരോഗ്യത്തിന്‍റെ പകുതി കാര്യങ്ങള്‍ ശരിയായി എന്നുറപ്പിക്കാം. ബാക്കി വ്യായാമവും സ്ട്രെസ് ഇല്ലാത്ത അന്തരീക്ഷവും ഉറക്കവും ഉറപ്പിച്ചാല്‍ ജീവിതം 'ഹെല്‍ത്തി'യായതായി കണക്കാക്കാം.
നമ്മള്‍ ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണം, എത്ര സമയം വ്യായാമം അല്ലെങ്കില്‍ കായികാധ്വാനം ചെയ്യുന്നു, എത്ര സ്ട്രെസ് (മാനസിക സമ്മര്‍ദ്ദം) നേരിടുന്നു, എത്ര ഉറങ്ങുന്നു- എങ്ങനെ ഉറങ്ങുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ അടിസ്ഥാന ഘടകങ്ങളെല്ലാമാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്.
അങ്ങനെയെങ്കില്‍ നാം ആരോഗ്യകരമായി മുന്നോട്ട് പോകാൻ ഇക്കാര്യങ്ങളെല്ലാം മെച്ചപ്പെടുത്തിയാല്‍ മതിയാകുമല്ലോ. തീര്‍ച്ചയായും അതെ. ഇതില്‍ തന്നെ ഏറ്റവും പ്രധാനം ഭക്ഷണം തന്നെയാണ്. ഭക്ഷണം ശരിയായാല്‍ തന്നെ ആരോഗ്യത്തിന്‍റെ പകുതി കാര്യങ്ങള്‍ ശരിയായി എന്നുറപ്പിക്കാം. ബാക്കി വ്യായാമവും സ്ട്രെസ് ഇല്ലാത്ത അന്തരീക്ഷവും ഉറക്കവും ഉറപ്പിച്ചാല്‍ ജീവിതം 'ഹെല്‍ത്തി'യായതായി കണക്കാക്കാം.
എന്തായാലും തിരക്കുപിടിച്ച ജീവിതത്തിനിടയിലും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഡയറ്റ് ടിപ്സ് അഥവാ ഭക്ഷണവുമായി ബന്ധപ്പെട്ട ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ദിവസവും കഴിയുന്നതും ഒരേ സമയങ്ങളില്‍ തന്നെ ഭക്ഷണം ക്രമീകരിക്കുക. ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ എന്നിവ പ്രത്യേകിച്ചും. ഇനി ഓരോ നേരവും കഴിക്കുമ്പോള്‍ ഒരുപാട് അളവില്‍ ഒറ്റയടിക്ക് കഴിക്കാതിരിക്കാം. മറിച്ച് നാല് നേരത്തെ ഭക്ഷണം നിങ്ങള്‍ക്ക് ആറ് നേരമോ ഏഴ് നേരമോ ഒക്കെ ആക്കാം. ഈ ഭക്ഷണരീതിയാണ് ആരോഗ്യത്തിലേക്കുള്ള ഒരു താക്കോല്‍.
രണ്ട്...
ഇന്ന് അധികപേരും പുറത്തുനിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നവരാണ്. തിരക്കുകള്‍ തന്നെയാണ് ഇതിലൊരു കാരണമായി വരുന്നത്. എങ്കിലും കഴിയുന്നതും വീട്ടില്‍ തന്നെ പാചകം ചെയ്ത് കഴിക്കാൻ ശ്രമിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍- ആരോഗ്യത്തില്‍ വലിയ മാറ്റമാണ് കൊണ്ടുവരിക. വിഭവസമൃദ്ധമായ ഭക്ഷണം ആകണമെന്നില്ല നിങ്ങള്‍ പാകം ചെയ്യുന്നത്. എങ്കില്‍പ്പോലും അത് ആരോഗ്യത്തെ ഏറെ മെച്ചപ്പെടുത്തുന്നു.
മൂന്ന്...
കഴിക്കുമ്പോള്‍ ആരോഗ്യകരമായ ഭക്ഷണം തന്നെ തെരഞ്ഞെടുക്കുക.അതുപോലെ കുറച്ചധികസയമത്തേക്ക് വിശപ്പ് അനുഭവപ്പെടാത്ത രീതിയിലുള്ള ഭക്ഷണം, ഉദാഹരണത്തിന് പ്രോട്ടീൻ അടങ്ങിയ മുട്ട പോലുള്ള ഭക്ഷണം തന്നെ കഴിക്കുക. ബീൻസ്, പരിപ്പ്-പയര്‍ വര്‍ഗങ്ങള്‍, വെള്ളക്കടല, സൂപ്പുകള്‍- സലാഡുകളെല്ലാം ഇങ്ങനെ കഴിക്കാവുന്നതാണ്.
നാല്...
പുറത്തുപോകുമ്പോള്‍ എവിടെയാണോ പോകുന്നത് അവിടെ ലഭ്യമായത് കഴിക്കാം എന്ന മനോഭാവം എപ്പോഴും വേണ്ട. പതിവായി പുറത്തുപോകേണ്ട ആവശ്യമുള്ളവരാണെങ്കില്‍ കഴിക്കേണ്ട ഭക്ഷണമോ സ്നാക്സോ എല്ലാം കൂടെ കരുതുക. ഈ ശീലവും നിങ്ങളുടെ ആരോഗ്യത്തെ വലിയ രീതിയില്‍ മാറ്റിമറിക്കും.
അഞ്ച്...
വെള്ളം കുടിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ട. ഏത് കാലാവസ്ഥ ആയാലും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്നത് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ആരോഗ്യത്തെ മെച്ചപ്പെടുത്താൻ നിങ്ങള്‍ക്കാവില്ല.
ആറ്...
ചിലര്‍ ഇടയ്ക്കിടെ ചായയും കാപ്പിയും കഴിച്ചുകൊണ്ടേയിരിക്കും. ഇങ്ങനെ ദിവസത്തില്‍ മൂന്നിലധികം ചായയോ കാപ്പിയോ, മധുരം കൂടി ചേര്‍ത്ത് കഴിക്കുന്നത് അത്ര നല്ലതല്ല. ചായയിലും കാപ്പിയിലുമെല്ലാമുള്ള കഫേൻ, അധികമാകുന്നത് ആരോഗ്യത്തിന് നല്ലതല്ല. എനര്‍ജി ഡ്രിങ്കുകളും ഇത്തരത്തില്‍ ഒഴിവാക്കാവുന്നതാണ്.
ഏഴ്...
ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാനും ശ്രമിക്കുക. ഇവ, ആരോഗ്യം മെച്ചപ്പെടുത്തുന്നു. നെയ്, നട്ട്സ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്. എന്നാലിവയൊന്നും അമിതമാകാതെ പ്രത്യേകം ശ്രദ്ധിക്കണേ.
Also Read:- വ്യായാമത്തിനിടെ 'സ്ട്രോക്ക്' സംഭവിക്കുമോ? നിങ്ങളറിയേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-