വെളുത്തുള്ളിയും സവാളയും കൊണ്ടുള്ള ഹെൽത്തിയായ 'ഓണിയൻ ഗാർലിക് സൂപ്പ്' എളുപ്പം തയ്യാറാക്കാവുന്നതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ഈ ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.
പ്രമേഹമുള്ളവർക്ക് ഭക്ഷണത്തിൽ ചില നിയന്ത്രണങ്ങളുണ്ടാകാം. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. സവാള മികച്ച പ്രമേഹ സൂപ്പർഫുഡാണ്. അവയ്ക്ക് ഉയർന്ന ഫൈബർ ഉള്ളടക്കവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉണ്ടെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ വ്യക്തമാക്കുന്നു. പ്രമേഹമുള്ളർക്ക് രുചികരമായ സൂപ്പ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
സൂപ്പ് രുചികരം മാത്രമല്ല, നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രമേഹ നിയന്ത്രണത്തിനും സൂപ്പുകൾ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? വെളുത്തുള്ളിയും സവാളയും കൊണ്ടുള്ള ഹെൽത്തിയായ ഓണിയൻ ഗാർലിക് സൂപ്പ് എളുപ്പം തയ്യാറാക്കാവുന്നതാണ്. അതിനായി വേണ്ട ചേരുവകൾ...
വെളുത്തുള്ളി 8 അല്ലി
ളരുളക്കിഴങ്ങ് 1 എണ്ണം
ഗ്രാമ്പൂ 8 എണ്ണം
ജീരകം പൊടിച്ചത് 1/2 സ്പൂൺ
ഒലീവ് ഓയിൽ 2 ടീസ്പൂൺ
സവാള 1 എണ്ണം
ഫ്രഷ് ക്രീം അരക്കപ്പ്
ഉപ്പ് ആവശ്യത്തിന്
സൂപ്പ് തയ്യാറാക്കുന്ന വിധം...
ഒരു വലിയ പാത്രത്തിൽ ഒലിവ് ഓയിൽ ചൂടാക്കുക. ശേഷം അതിലേക്ക് ജീരകം ചേർക്കുക. ഇനി അരിഞ്ഞ് വച്ചിരിക്കുന്ന സവാളയും ഗ്രാമ്പൂവും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് ഒരു മിനിറ്റ് കൂടി വഴറ്റുക.1 കപ്പ് വെള്ളത്തിനൊപ്പം അരിഞ്ഞ ഉരുളക്കിഴങ്ങ് ചേർക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. ശേഷം 15-20 മിനുട്ട് അടച്ച് വച്ച് വേവിക്കുക. ശേഷം ഫ്രഷ് ക്രീം ചേർത്ത് നന്നായി ഇളക്കുക. രണ്ട് മിനിറ്റ് വേവിച്ച ശേഷം തീ ഓഫ് ചെയ്യുക. ശേഷം ഈ കൂട്ട് തണുക്കാനായി മാറ്റിവയ്ക്കുക. തണുത്തതിന് ശേഷം മിക്സിയിൽ പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക. ശേഷം മല്ലിയില ഉപയോഗിച്ച് അലങ്കരിക്കുക. സൂപ്പ് തയ്യാറായി...
ദിവസവും ഓരോ ആപ്പിൾ കഴിക്കുന്നത് ശീലമാക്കൂ, ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല