പ്രായം ഏറിവരുമ്പോഴാണ് തലച്ചോര്‍ ബാധിക്കപ്പെടാൻ 'റിസ്ക്' കൂടുന്നത്. ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കാനും രോഗങ്ങളെ അകറ്റാനും തലച്ചോറിനെ എപ്പോഴും സജീവമാക്കി നിര്‍ത്തുന്നതിന്‍റെ ഭാഗമായി ചില കാര്യങ്ങള്‍ നമുക്ക് പതിവായി ചെയ്യാം.
തലച്ചോറിന്‍റെ പ്രവര്‍ത്തനം കുറയുന്നതിനും പരിമിതപ്പെടുന്നതിനും അനുസരിച്ച് അതിനെ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത ഏറുകയാണ് ചെയ്യുക. തലച്ചോര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ അത് മനസിനെ അഥവാ മാനസികാരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത്, ശാരീരികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും.
പ്രത്യേകിച്ചും പ്രായം ഏറിവരുമ്പോഴാണ് ഈ 'റിസ്ക്' കൂടുന്നത്. ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കാനും രോഗങ്ങളെ അകറ്റാനും തലച്ചോറിനെ എപ്പോഴും സജീവമാക്കി നിര്‍ത്തുന്നതിന്‍റെ ഭാഗമായി ചില കാര്യങ്ങള്‍ നമുക്ക് പതിവായി ചെയ്യാം. ഇവയിലേക്ക്...
ഒന്ന്...
ബുദ്ധിയെ ഉണര്‍ത്തുന്ന, സജീവമായി വയ്ക്കുന്ന തരത്തിലുള്ള ഗെയിമുകള്‍, പഠനം, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍- എന്നിവയിലെല്ലാം ഏര്‍പ്പെടാവുന്നതാണ്. പസില്‍സ് സോള്‍വ് ചെയ്യുക, ചെസ് കളിക്കുക, വായന- എഴുത്ത് എല്ലാം ഇതിലുള്‍പ്പെടുന്നു. എപ്പോഴും ആകാംക്ഷയോടെ ജീവിതത്തെയോ ലോകത്തെയോ സമീപിക്കുന്ന രീതി തലച്ചോറിനെ ശക്തിയായി നിലനിര്‍ത്തുമത്രേ. പുതിയ അറിവുകളും വിവരങ്ങളും ശേഖരിക്കുക, മനസിന് 'ചലഞ്ച്' ആയി തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക - എല്ലാം ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.
രണ്ട്...
പതിവായ വ്യായാമവും തലച്ചോറിന്‍റെ ആരോഗ്യത്തിന് അവശ്യം വേണ്ടതാണ്. വ്യായാമം ശരീരത്തിന് വേണ്ടി മാത്രം ചെയ്യുന്നതാണെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ ആ ധാരണ തെറ്റാണ്. വ്യായാമം മാനസികാരോഗ്യത്തെ- അഥവാ തലച്ചോറിനെയും കാര്യമായ രീതിയില്‍ സ്വാധീനിക്കുന്നു.
വ്യായാമം ചെയ്യുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടുകയും ഇത് തലച്ചോറിന് ഗുണകരമാവുകയും ചെയ്യുകയാണ്. നടത്തം, നീന്തല്‍, യോഗ അടക്കം ഏത് വ്യായാമവും ചെയ്യാവുന്നതാണ്.
മൂന്ന്...
നമ്മുടെ ശരീരത്തിലെ മറ്റ് ഏത് അവയവത്തിന്‍റെ ആരോഗ്യത്തിനുമെന്ന പോല തലച്ചോറിന്‍റെ ആരോഗ്യത്തിനും ഭക്ഷണം പ്രധാനമാണ്. വളരെ ഹെല്‍ത്തിയായ, എല്ലാ പോഷകങ്ങളും കിട്ടത്തക്ക രീതിയില്‍ ബാലൻസ്ഡ് ആയ ഡയറ്റാണ് പാലിക്കേണ്ടത്.
ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കണം. ഇത് നിര്‍ബന്ധമാണ്. മീൻ കഴിക്കുന്നത് തലച്ചോറിന് നല്ലതാണ്. പൊടിക്കാത്ത ധാന്യങ്ങള്‍ വച്ചുള്ള വിഭവങ്ങളും നല്ലതുതന്നെ. ഇങ്ങനെ തലച്ചോറിന് നല്ലതായിട്ടുള്ള ഭക്ഷണങ്ങളെല്ലാം കഴിക്കാം. അനാരോഗ്യകരമായ കൊഴുപ്പ്, അധികം ഉപ്പ്- മധുരം, അത്തരത്തിലുള്ള പ്രോസസ്ഡ് ഫുഡ്സ്, പാക്കറ്റ് ഫുഡ്സ്, ബേക്കറി, മധുരപാനീയങ്ങള്‍ എന്നിവയെല്ലാം പരമാവധി അകറ്റിനിര്‍ത്തുന്നതാണ് നല്ലത്. പ്രായത്തിനും ഉയരത്തിനും യോജിക്കാത്ത രീതിയില്‍ ശരീരഭാരം കൂടുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിക്കാം.
നാല്...
രാത്രിയില്‍ പതിവായി ഉറക്കം ശരിയാകുന്നില്ലെങ്കില്‍ അതും ക്രമേണ തലച്ചോറിനെ ബാധിക്കും. അതിനാല്‍ ഉറക്കമില്ലായ്മ നേരിടുന്നുവെങ്കില്‍ അതിന്‍റെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് നിര്‍ബന്ധമാണ്.
ഉറക്കത്തിനൊപ്പം തന്നെ സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദവും ശ്രദ്ധിക്കണം. സ്ട്രെസ് പതിവായി അനുഭവിക്കുന്നത് തലച്ചോറിന് നല്ലതല്ല. അതിനാല്‍ സ്ട്രെസുണ്ടാക്കുന്ന ഘടകങ്ങളെ മാറ്റിനിര്‍ത്താനോ, സ്ട്രെസിനെ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യാനോ, കൂടുതല്‍ മാനസികമായ സന്തോഷം കണ്ടെത്തുന്നതിനോ എല്ലാം ശ്രമിക്കണം.
അഞ്ച്...
സാമൂഹിക ബന്ധങ്ങളാണ് അടുത്തതായി തലച്ചോറിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കുന്നൊരു ഘടകം. ആരോഗ്യകരമായ സൗഹൃദങ്ങള്‍ വേണം, പുറത്തിറങ്ങണം, ആളുകളോട് സംസാരിക്കണം, ഇടപഴകണം, കഴിയാവുന്ന സാമൂഹികപ്രവര്‍ത്തനങ്ങള്‍ ചെയ്യണം- ഇതെല്ലാം തലച്ചോറിന്‍റെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കും.
Also Read:- ശരീരത്തില്‍ അപകടകരമായ രീതിയില്‍ പൊട്ടാസ്യം താഴ്ന്നാല്‍ എന്ത് സംഭവിക്കും!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-