ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ തോത് കുറയ്ക്കാന്‍ സാധിക്കും.
ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്. നെഞ്ചുവേദന, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, രക്തസമ്മര്‍ദ്ദം ഉയരുക, അവ്യക്തമായ സംസാരം, കാലിന്‍റെ കീഴ്ഭാഗത്ത് വേദന എന്നിവയെല്ലാം ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാണ്.
ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ തോത് കുറയ്ക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ആപ്പിള്‍ ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബര്‍, പോളിഫെനോള്‍ ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ എല്‍ഡിഎല്‍ കൊളസ്ട്രോളിന്‍റെ തോതിനെ കുറച്ച് കൊണ്ടു വരും. രക്തധമനികള്‍ കട്ടിയാകുന്നത് തടയാനും ആപ്പിള്‍ സഹായിക്കും. അതിനാല്‍ ആപ്പിള്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
രണ്ട്...
തക്കാളി ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപെന്‍ സംയുക്തങ്ങള്‍ ലിപിഡ് തോത് മെച്ചപ്പെടുത്തുകയും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യും. കൂടാതെ തക്കാളി ജ്യൂസില്‍ ഉള്ള ഫൈബറും നിയാസിനും കൊളസ്ട്രോള്‍ നിയന്ത്രണത്തില്‍ സഹായിക്കും.
മൂന്ന്...
നാരങ്ങ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കുന്നവയാണ്. അതിനാല്‍ ഇവയുടെ ജ്യൂസുകളും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും രക്തധമനികള്‍ കട്ടിയാകുന്നത് തടഞ്ഞ് എല്‍ഡിഎല്‍ തോത് കുറച്ച് കൊണ്ടു വരുന്നു. സിട്രസ് പഴങ്ങളിലെ ആന്‍റിഓക്സിഡന്‍റുകള്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യതയും കുറയ്ക്കുന്നു. അതിനാല്‍ നാരങ്ങാ ജ്യൂസ്, ഓറഞ്ച് ജ്യൂസ്, മുന്തിരി ജ്യൂസ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്...
പപ്പായ ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദവും ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളും കുറയ്ക്കും.
അഞ്ച്...
സോയ പാല്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സാധാരണ പാലിന് പകരം സാച്ചുറേറ്റഡ് കൊഴുപ്പ് കുറവുള്ള സോയ പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദ്രോഗ പ്രശ്നങ്ങളുള്ളവര്‍ക്കും സോയ പാല്‍ കുടിക്കുന്നത് നല്ലതാണ്.
ആറ്...
ഗ്രീന്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന കൊളസ്ട്രോളുള്ളവര്‍ നിര്‍ബന്ധമായും കുടിക്കേണ്ട പാനീയമാണ് ഗ്രീന്‍ ടീ. ഇതില്‍ അടങ്ങിയിരിക്കുന്ന ക്യാറ്റേച്ചിനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ചീത്ത കൊളസ്ട്രോളിനെ കുറച്ച് കൊണ്ടുവരും.
Also Read: തലമുടി വളരാന്‍ കഴിക്കാം വിറ്റാമിന്‍ ബി അടങ്ങിയ ഈ ഭക്ഷണങ്ങള്‍...