122 കിലോയിൽ നിന്ന് 77 കിലോയിൽ എത്തി നിൽക്കുകയാണ് ഹരികൃഷ്ണന്റെ വെയ്റ്റ് ലോസ് യാത്ര. 70 ശതമാനം ഡയറ്റും 30 ശതമാനം വ്യായാമവുമാണ് ഭാരം കുറയ്ക്കുന്നതിന് സഹായിച്ചതെന്ന് ഹരികൃഷ്ണൻ പറയുന്നു.
ഇന്ന് പലരിലും കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. പല കാരണങ്ങൾ കൊണ്ടാണ് ഭാരം കൂടുന്നത്. ഉദാസീനമായ ജീവിതശെെലി, വ്യായാമമില്ലായ്മ, തെറ്റായ ഭക്ഷണക്രമം ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് ഭാരം കൂടുന്നത്. ഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. 10 മാസം കൊണ്ട് 45 കിലോ കുറച്ച കൊച്ചി സ്വദേശി ഹരികൃഷ്ണനെ പരിചയപ്പെട്ടാലോ?.
അന്ന് 122 കിലോ ഇന്ന് 77 കിലോ...
122 കിലോയിൽ നിന്ന് 77 കിലോയിൽ എത്തി നിൽക്കുകയാണ് ഹരികൃഷ്ണന്റെ വെയ്റ്റ് ലോസ് യാത്ര. 70 ശതമാനം ഡയറ്റും 30 ശതമാനം വ്യായാമവുമാണ് ഭാരം കുറയ്ക്കുന്നതിന് സഹായിച്ചതെന്ന് ഹരികൃഷ്ണൻ പറയുന്നു. 10 മാസമായി ജിമ്മിൽ പോകുന്നുണ്ട്. തൃപ്പൂണിത്തുറയിലെ ഫിറ്റിനസ് സ്റ്റുഡിയോ എന്ന ജിമ്മിലെ ഫിറ്റ്നസ് പിരിശീലകരായ അക്ഷയ് സുനിൽ, വിനു രവി എന്നിവരാണ് ഭാരം കുറയ്ക്കുന്നതിനുള്ള പിന്തുണയും മറ്റ് വെയ്റ്റ് ലോസ് ടിപ്സുകളുമെല്ലാം പറഞ്ഞ് തന്നിരുന്നതെന്നും ഹരികൃഷ്ണൻ പറയുന്നു. ഡയറ്റ് പ്ലാനും മറ്റ് ഭക്ഷണക്രമങ്ങളുമെല്ലാം സഹോദരനും ന്യൂട്രീഷ്യനിസ്റ്റുമായ അരുണാണ് പറഞ്ഞ് തന്നിരുന്നത്.
ചോറും മധുരവുമെല്ലാം ഒഴിവാക്കി...
10 മാസം പൂർണമായും ചോറ് ഒഴിവാക്കിയുള്ള ഡയറ്റാണ് പിന്തുടർന്നിരുന്നത്. മധുരമുള്ള ഭക്ഷണങ്ങൾ, എണ്ണ അടങ്ങിയ ഭക്ഷണങ്ങളും ചോറിനൊപ്പം തന്നെ ഒഴിവാക്കുകയാണ് ചെയ്തതെന്ന് ഹരികൃഷ്ണൻ പറയുന്നു. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഭാരം കുറയ്ക്കുന്നതിന് ഡയറ്റ് പ്ലാൻ നോക്കുന്നതോടൊപ്പം ജിമ്മിൽ വൗർക്കട്ട് ചെയ്യാനും സമയം മാറ്റിവച്ചിരുന്നു. ക്യത്യമായി ഡയറ്റും വ്യായാമവും ചെയ്തപ്പോൾ തന്നെ ഭാരം കുറയാൻ തുടങ്ങിയെന്നും ഹരികൃഷ്ണൻ കെ.എസ് പറഞ്ഞു.
കലോറി അമിതമാകരുത്...
ഭാരം കുറയ്ക്കുന്നതിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രധാനമാണ്. അത് കൊണ്ട് തന്നെ ചിക്കൻ ഒഴിവാക്കിയിരുന്നില്ല. ഗ്രിൽഡ് ചിക്കൻ ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ വളരെ ചെറിയ അളവിൽ മാത്രമാണ് കഴിച്ചിരുന്നത്. മറ്റൊന്ന്, ദിവസവും ശരീരത്തിന് ആവശ്യമായ കലോറി മാത്രം എത്തിക്കാൻ ശ്രദ്ധിച്ചിരുന്നു. കലോറി അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് ചെയ്തിരുന്നത്.
ഡയറ്റ് പ്രധാനം...
' ശരീരഭാരം കുറയ്ക്കാൻ ഏറ്റവും പ്രധാനം ഡയറ്റാണ്. വർക്കൗട്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ പോലും ക്യത്യമായ ഡയറ്റ് പിന്തുടരുകയാണ് വേണ്ടത്. അമിത അളവിൽ ഭക്ഷണം കഴിക്കാതെ ശ്രദ്ധിക്കുക. പച്ചക്കറികൾ, പയർവർഗങ്ങൾ, പഴങ്ങൾ എന്നിവ ഡയറ്റ് പ്ലാനിൽ ധാരാളം ഉൾപ്പെടുത്തിയിരുന്നു...' - ഹരികൃഷ്ണൻ പറഞ്ഞു.
അന്ന് ബോഡി ഷേമിംഗ് നേരിട്ടു...
ഭാരം കൂടിയിരുന്ന സമയത്ത് പലരും കളിയാക്കിയിട്ടുണ്ട്. പലതരത്തിലുള്ള കമന്റുകൾ കേൾക്കാൻ ഇടയായിട്ടുണ്ട്. അന്നൊക്കെ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ പറ്റില്ലായിരുന്നു. 5 XL എന്ന സെെസിൽ നിന്ന് മീഡിയം സെെസിൽ എത്തിയപ്പോൾ ആത്മവിശ്വാസം കൂടി എന്ന് തന്നെ പറയാം. വണ്ണമുണ്ടായിരുന്നപ്പോൾ വിവിധ തരത്തിലുള്ള അസ്വസ്ഥകൾ അനുഭവിച്ചു. ഭാരം ഉണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന പ്രധാന പ്രശ്നം കൂർക്കംവലിയായിരുന്നു. പക്ഷേ ഇപ്പോൾ ആ പ്രശ്നം മാറി. ഭാരം കുറഞ്ഞപ്പോൾ മുഖത്തും ചർമ്മത്തിലും നല്ല മാറ്റങ്ങളാണ് വന്നതെന്നും ഹരികൃഷ്ണൻ പറഞ്ഞു.
കുട്ടികൾക്ക് ജങ്ക് ഫുഡ് നൽകരുത്...
പുതിയ തലമുറ കൂടുതലും ജങ്ക് ഫുഡ് ഇഷ്ടപ്പെടുന്നവരാണ്. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ കുട്ടികൾക്ക് നൽകാതിരിക്കുക. പരമാവധി ഗുണനിലവാരമുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകാനാണ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്. പച്ചക്കറികൾ, പഴങ്ങൾ എന്നിവ ധാരാളം ഉൾപ്പെടുത്തി കൊണ്ടുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകുക. കൊച്ചിയിലെ ജെനിഫിറ്റ്ഹബ് എന്ന ഡാറ്റ സയൻസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബിസിനസ് ഡെവലപ്മെൻ്റ് മാനേജറായ ഹരികൃഷ്ണൻ ജോലി ചെയ്ത് വരുന്നു.