കൊവിഡ് മരണം; രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ സുരക്ഷിതരോ?

By Web Team  |  First Published Sep 11, 2021, 2:46 PM IST

വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കിലും അറുപത്തിയഞ്ചിന് മുകളില്‍ പ്രായം വരുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് അല്‍പം കൂടി ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അതുപോലെ തന്നെ വാക്‌സിന്‍ സ്വീകരിച്ച് എത്ര മാസങ്ങള്‍ പിന്നിട്ടുവെന്നതും ഏറെ പ്രധാനമാണ്


കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. മിക്ക രാജ്യങ്ങളിലും വാക്‌സിനേഷന്‍ നടപടികള്‍ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ വാക്‌സിനേഷന്‍ പ്രക്രിയ മന്ദഗതിയില്‍ നീങ്ങുന്നതിനാല്‍ വലിയ തോതിലുള്ള ആശങ്ക നിലനില്‍ക്കുന്നുമുണ്ട്. 

ഇതിനിടെ ജനിതകവ്യതിയാനം സംഭവിച്ച 'ഡെല്‍റ്റ' പോലുള്ള വൈറസ് വകഭേദങ്ങള്‍ ആശങ്ക ഇരട്ടിയാക്കുന്നുമുണ്ട്. വാക്‌സിനെ പോലും ഭേദിച്ചുകൊണ്ട് ഇവ ശരീരത്തിലേക്ക് പ്രവേശിക്കുകയും രോഗം പരത്തുകയും ചെയ്യുന്നുണ്ടെന്ന് നമുക്കറിയാം. 

Latest Videos

എങ്കിലും വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗം തീവ്രമാകാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുമുള്ള സാഹര്യമുണ്ടാകുന്നത് വളരെ കുറവാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം തന്നെ കൊവിഡ് മരണനിരക്കിന്റെ കാര്യത്തിലും വാക്‌സിനേഷിന് വളരെയധികം പ്രാധാന്യമുള്ളതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

അടുത്തിടെ അമേരിക്കയിലെ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' പുറത്തുവിട്ട മൂന്ന് പഠനറിപ്പോര്‍ട്ടുകളില്‍ ഒന്ന് സൂചിപ്പിക്കുന്നത് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരില്‍ കൊവിഡ് മരണസാധ്യത 11 മടങ്ങ് കുറവായിരിക്കുമെന്നാണ്. ഡെല്‍റ്റ വകഭേദം വ്യാപകമായതിന് ശേഷമുള്ള പഠനമാണിതെന്നത് ശ്രദ്ധേയമാണ്. 

 

 

'ഡെല്‍റ്റ'യ്‌ക്കെതിരെ ഫലപ്രദമായ പ്രതിരോധം നടത്തുന്നതിന് 'മൊഡേണ' വാക്‌സിനാണ് ഏറ്റവും കഴിവുള്ളതെന്നും പഠനം അവകാശപ്പെടുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഈ വാക്‌സിന് 'ഡെല്‍റ്റ'യെ എതിരിടാന്‍ പ്രത്യേക കഴിവുള്ളതെന്നത് വ്യക്തമാക്കാന്‍ പഠനത്തിന് സാധിച്ചിട്ടില്ല. 

ഓരോ വാക്‌സിന് അനുസരിച്ച് വൈറസിനെ പ്രതിരോധിക്കാനുള്ള ശക്തിയിലും വ്യത്യാസം വരുമെന്ന് തന്നെയാണ് പഠനം പരോക്ഷമായി ചൂണ്ടിക്കാട്ടുന്നത്. യുഎസില്‍ നിലവില്‍ രണ്ട് ഡോസ് വാക്‌സിന് ശേഷം മൂന്നാം ഡോസ് ആയ 'ബൂസ്റ്റര്‍' ഷോട്ട് എല്ലാവരിലേക്കുമെത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 

വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കിലും അറുപത്തിയഞ്ചിന് മുകളില്‍ പ്രായം വരുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് അല്‍പം കൂടി ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അതുപോലെ തന്നെ വാക്‌സിന്‍ സ്വീകരിച്ച് എത്ര മാസങ്ങള്‍ പിന്നിട്ടുവെന്നതും ഏറെ പ്രധാനമാണ്. അതായത് കാലക്രമേണ വാക്‌സിന്റെ ശക്തി ക്ഷയിച്ചുവരാമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 

 


ഏതായാലും നിലവില്‍ വാക്‌സിന്‍ സ്വീകരിക്കുക, മറ്റ് പ്രതിരോധമാര്‍ഗങ്ങള്‍ വിട്ടുവീഴ്ചയില്ലാത പാലിക്കുക എന്നീ മാര്‍ഗങ്ങള്‍ മാത്രമേ കൊവിഡിനെതിരായി ചെയ്യാനാകൂ. അതിനാല്‍ ഇവ കൃത്യമായി പിന്തുടരുക. മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചവരില്‍ മരണനിരക്കും രോഗം ഗുരുതരമാകുന്ന അവസ്ഥയും താരതമ്യേന കുറവ് തന്നെയായിരിക്കും. എന്നാല്‍ പൂര്‍ണമായ സുരക്ഷ ഇക്കാര്യത്തില്‍ ആര്‍ക്കും വാഗ്ദാനം ചെയ്യുക സാധ്യമല്ല. പ്രായം, ആരോഗ്യാവസ്ഥ, മറ്റ് അസുഖങ്ങള്‍ അങ്ങനെ പല ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ട്.

Also Read:- കൊവിഡ് ബാധിച്ച് മരിച്ച 97% പേരും വാക്സീൻ എടുക്കാത്തവർ; ​ഗുരുതരാവസ്ഥയിലുള്ള 98% പേരും വാക്സീനെടുത്തിട്ടില്ല

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!