Cancer: ക്യാന്‍സര്‍ അകറ്റാന്‍ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

By Web Team  |  First Published Sep 8, 2022, 9:32 PM IST

പാശ്ചാത്യ നാടുകളിൽ കാണുന്ന ക്യാൻസറിൽ മൂന്നിലൊന്നിനും കാരണം ഭക്ഷണരീതിയിലെ അപാകതയാണ്. ഒരു പ്രത്യേക ഭക്ഷണം മാത്രമായി ക്യാൻസറിന് കാരണമാകുന്നില്ല. 


ക്യാന്‍സര്‍ വരുത്തിവയ്ക്കുന്ന വലുതും ചെറുതുമായ നിരവധി അപായഘടകങ്ങൾ ഉണ്ട്. ക്യാൻസർ കേസുകളിൽ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി  വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണ്.

പാശ്ചാത്യ നാടുകളിൽ കാണുന്ന ക്യാൻസറിൽ മൂന്നിലൊന്നിനും കാരണം ഭക്ഷണരീതിയിലെ അപാകതയാണ്. ഒരു പ്രത്യേക ഭക്ഷണം മാത്രമായി ക്യാൻസറിന് കാരണമാകുന്നില്ല. എന്നാല്‍ ജീവിതശൈലി ക്യാൻസർ ബാധയെ സ്വാധീനിക്കുന്നു. ഏതുതരം ക്യാൻസറിനും ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്.

Latest Videos

undefined

ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇതിനൊപ്പം തന്നെ ചിട്ടയായ വ്യായാമവും മാനസികാരോഗ്യവും ക്യാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കും ഏറെ പ്രധാനമാണ്.

ക്യാന്‍സറിനെ അകറ്റാന്‍ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

റെഡ് മീറ്റ് അധികമാകരുത്.  മൃഗക്കൊഴുപ്പ് അമിതമായി ഭക്ഷിക്കുന്നത്  ക്യാന്‍സര്‍ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഭക്ഷണത്തില്‍ റെഡ് മീറ്റിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. 

രണ്ട്...

പഴകിയതും പൂപ്പല്‍ പിടിച്ചതുമായ ഭക്ഷണങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. പ്രത്യേകിച്ചും ധാന്യങ്ങളിലും പയറു വർഗങ്ങളിലും മറ്റും കാണുന്ന അഫ്ളാടോക്സിൻ എന്ന പൂപ്പൽബാധ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

മൂന്ന്...

എണ്ണ പല തവണ ചൂടാക്കി കഴിക്കരുത്. എണ്ണ ആവർത്തിച്ചു തിളപ്പിക്കുമ്പോൾ ക്യാന്‍സറിന് പ്രേരകമായരാസവസ്തുക്കൾ രൂപം കൊള്ളുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. 

നാല്...

കൃത്രിമനിറവും മണവും രുചിയുമൊക്കെ കലർത്തുന്ന ഭക്ഷണപാനീയങ്ങളും കോളകളും പരമാവധി ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. 

അഞ്ച്...

സസ്യാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ പ്രതിരോധത്തിന് ഏറെ ഗുണം ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ധാരാളമായി കഴിക്കാം.  ചീര, കാബേജ്, കോളിഫ്ലവർ , ബ്രോക്കോളി, ക്യാരറ്റ്, തക്കാളി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്  ആരോഗ്യത്തിന് ഏറെ നല്ലതാണ്. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നട്സ് തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ആറ്...

ഉപ്പിട്ട് ഉണക്കിസൂക്ഷിക്കുന്ന ഭക്ഷണവസ്തുക്കളുടെ അമിത ഉപയോഗവും കുറയ്ക്കാം. ഇത്തരം ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന നൈട്രേറ്റ് ആമാശയത്തിലെ ദഹനരസങ്ങളുമായി പ്രവർത്തിച്ചു നൈട്രോസമൈൻ എന്ന ക്യാന്‍സര്‍ പ്രേരിതവസ്തുവായിത്തീരുന്നു. ഈ രാസവസ്തുവിന്റെ തുടർച്ചയായ സാന്നിധ്യം ക്യാൻസറിന് കാരണമായേക്കാം. 

ഏഴ്...

അമിത മദ്യപാനവും ക്യാന്‍സറിന് കാരണമായേക്കാം. മദ്യപിക്കുന്നവർ പുകവിലക്കുന്നവർ കൂടിയാണെങ്കിൽ തൊണ്ടയില്‍ ക്യാൻസർ വരാനുള്ള സാധ്യതയും കൂടാം. അതിനാല്‍ പുകവലിയും മദ്യപാനവും കുറയ്ക്കുക ആണ് നല്ലത്. 

Also Read: വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് കഴിക്കാം ഈ ഭക്ഷണങ്ങള്‍...

click me!